പെണ്‍കുട്ടികള്‍ കഴിവ് തിരിച്ചറിഞ്ഞു സ്വയം പ്രോത്സാഹനം നല്‍കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ബേഠി ബച്ചാവോ ബേഠി പഠാവോ  പദ്ധതി പ്രകാരം ജില്ലയിലെ പത്താം ക്ലാസിലും പ്ലസ് ടുവിലും ഉന്നത വിജയം നേടിയ ഏറ്റവും അര്‍ഹരായ പെണ്‍കുട്ടികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനം കലകട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുക ആയിരുന്നു കളക്ടര്‍.

ജില്ലാ കളക്ടറില്‍ നിന്ന് ക്യാഷ് അവാര്‍ഡ് വിദ്യാര്‍ഥിനി തഹാമിന്ന വാങ്ങി. തുടര്‍ന്ന് വിദ്യാര്‍ഥിനികളുമായി സംവാദം നടന്നു.

സ്ത്രീധനപ്രശ്നങ്ങളില്‍ കൂടുതല്‍ ഇടപെടല്‍ നടത്തണമെന്നാണ് ആഗ്രഹമെന്ന് വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ ജില്ലാ കളക്ടര്‍ പറഞ്ഞു. ഗാര്‍ഹിക പീഢനത്തില്‍ സ്ത്രീധന വിഷയത്തെ ശക്തമായി കൈകാര്യം ചെയ്യനാകണം.  നിയമപരമായി മാത്രമല്ല സമൂഹമെന്ന നിലയിലും തടയാന്‍ സാധിക്കണം. യുവാക്കളുടെ ഇടയില്‍ ശക്തമായ ഇടപെടല്‍ കൊണ്ട് വരാന്‍ സാധിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

ബേഠി ബച്ചാവോ ബേഠി പഠാവോ  പദ്ധതി പ്രകാരം സ്പെഷ്യല്‍ ഇന്‍സെന്റീവ് ഫോര്‍ ഗേള്‍ സ്റ്റുഡന്റ്സ് സെക്യൂറിംഗ് ഹൈ സ്‌കോര്‍ ഇന്‍ സെക്കന്‍ഡറി ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി എക്‌സാമിനേഷന്‍ എന്ന പദ്ധതിയുടെ ഭാഗമായി ജില്ലാ  വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിലാണ് ക്യാഷ് അവാര്‍ഡ് നല്‍കുന്നത്. ജില്ലയിലെ പത്താം ക്ലാസിലും പ്ലസ് ടുവിലും ഉന്നത വിജയം നേടിയ ഏറ്റവും അര്‍ഹരായ 89 പെണ്‍കുട്ടികള്‍ക്ക് 1500 രൂപ വീതം കുട്ടിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കും. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍  യു. അബ്ദുള്‍ ബാരി, ജില്ലാ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.നിസ, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.