നിരത്തുകളിലെ നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഗതാഗത, റോഡ് സുരക്ഷാ കമ്മീഷണര്‍ എസ്. ശ്രിജിത്ത് പറഞ്ഞു. റോഡ് സുരക്ഷാ വര്‍ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ ബോധവത്കരണ പരിപാടികള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

റോഡപകടങ്ങള്‍ പരമാവധി കുറയ്ക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. കഴിഞ്ഞ മൂന്നു മാസത്തിനിടെ സംസ്ഥാനത്തെ റോഡപകട മരണങ്ങളില്‍ 10 ശതമാനം കുറവുണ്ടായി. ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതില്‍ ഫലം കാണുന്നു എന്നതിന്റെ സൂചനയാണിത്. റോഡപകടത്തില്‍ ഒരാള്‍ പോലും മരിക്കരുത് എന്നതാണ് മുന്നിലുള്ള ലക്ഷ്യം. പ്രതിവര്‍ഷം 4000 പേരാണ് സംസ്ഥാനത്ത് റോഡപകടങ്ങളില്‍ മരിക്കുന്നത്. ഇരുപതിനായിരത്തോളം പേര്‍ക്ക് ഗുരുതരപരുക്കുകളും ഉണ്ടാകുന്നു. ഇത് പരമാവധി കുറയ്ക്കണം.

അലക്ഷ്യമായി വാഹനമോടിച്ച് അപകടം ഉണ്ടാക്കുന്നവരുടെ ഡ്രൈവിംഗ് ലൈസന്‍സ് മൂന്നു മാസത്തേക്ക് റദ്ദാക്കും. ഇങ്ങനെ റദ്ദാക്കപ്പെടുന്നവരുടെ ലൈസന്‍സ് പുനസ്ഥാപിക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പിന്റെ സംസ്ഥാനത്തെ പ്രൊഫഷണല്‍ ട്രെയിനിങ് സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവേഴ്സ് ട്രെയിനിങ് ആന്റ് റിസര്‍ച്ച്(ഐ.ഡി.ടി.ആര്‍) സെന്ററില്‍ കോഴ്‌സില്‍ പങ്കെടുപ്പിക്കും. കൂടാതെ റോഡപകടങ്ങളില്‍ ഗുരുതരമായി പരുക്കേറ്റ് പാലിയേറ്റീവ് കെയറില്‍ കഴിയുന്നവരെ ഇവര്‍ പരിചരിക്കുകയും വേണം.

ഐ.ഡി.ടി.ആര്‍ എക്‌സ്റ്റന്‍ഷന്‍ സെന്റര്‍ കറുകുറ്റി എസ്.സി.എം.എസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റോഡ് സേഫ്റ്റി ആന്‍ഡ് ട്രാന്‍സ്പോര്‍ട്ടേഷനില്‍ ആരംഭിക്കും. ഒരു മാസത്തിനകം സെന്റര്‍ പ്രവര്‍ത്തന സജ്ജമാകും. ഡ്രൈവര്‍മാര്‍ക്ക് മികച്ച പരിശീലനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സെന്ററിന്റെ ഉദ്ഘാടനം ഞായറാഴ്ച്ച(സെപ്റ്റംബര്‍ 10) രാവിലെ 10ന് ഗതാഗത മന്ത്രി ആന്റണി രാജു നിര്‍വഹിക്കും.

കേരള മോട്ടോര്‍ വാഹന വകുപ്പും ഫസ്റ്റ് എയ്ഡ് സംഘടനയും എസ്.സി.എം.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് സേഫ്റ്റി ആന്റ് ട്രാന്‍സ് പോര്‍ട്ടേഷനും ചലച്ചിത്ര മേഖലയിലെ സിനിമാതാരങ്ങളും സംയുക്തമായാണ് വിവിധ റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. യുവജനങ്ങള്‍ക്കിടയിലെ അപകടകരമായ വാഹന ഉപയോഗം നിയന്ത്രിക്കുന്നതിനും അവരില്‍ നല്ല റോഡ് സംസ്‌കാരം വളര്‍ത്തുന്നതിനും സമഗ്രമായ പ്രവര്‍ത്തന പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിവരുന്നത്.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിനിമാ നിര്‍മ്മാതാവ് സാന്ദ്ര തോമസ്, എസ്.സി.എം.എസ് കോളേജ് വൈസ് ചെയര്‍മാന്‍ പ്രമോദ് പി. തേവന്നൂര്‍, എസ്.സി.എം.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് സേഫ്റ്റി ആന്റ് ട്രാന്‍സ്പോര്‍ട്ട് ഡയറക്ടര്‍ ആദര്‍ശ് കുമാര്‍, ഫസ്റ്റ് എയ്ഡ് എന്‍.ജി.ഒയുടെ സംസ്ഥാന പ്രസിഡന്റ് സനീഷ് കല്ലൂക്കാടന്‍, റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ജി. അനന്തകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.