ജീവിതശൈലീ രോഗങ്ങൾക്കെതിരായ കേരളത്തിന്റെ ചെറുത്തുനിൽപ്പാണ് ചെറുധാന്യങ്ങളിലേക്കുള്ള മടങ്ങിപ്പോക്കെന്ന് ആരോഗ്യ, ഭക്ഷ്യസുരക്ഷാ മന്ത്രി വീണാ ജോർജ്. അന്താരാഷ്ട്ര മില്ലറ്റ് വർഷത്തിൽ എഫ്.എസ്.എസ്.എ.ഐ ദക്ഷിണമേഖല വിഭാഗം സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പുമായി ചേർന്ന് സംഘടിപ്പിച്ച മില്ലറ്റ് മേള പാപ്പനംകോട് സി.എസ്.ഐ.ആർ-എൻ.ഐ.ഐ.എസ്.ടിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

 ആരോഗ്യ സൂചികകളിൽ കേരളം ബഹുദൂരം മുൻപിലാണ്. പക്ഷെ, ജീവിതശൈലി രോഗങ്ങൾ ആണ് നാം നേരിടുന്ന വെല്ലുവിളി. അതിനോടുള്ള ചെറുത്തുനിൽപ്പാണ് ഭക്ഷണത്തിൽ ചെറുധാന്യങ്ങളിലേക്കുള്ള മടക്കം. ഒരു കാലഘട്ടത്തിൽ മലയാളിയുടെ ഭക്ഷണത്തിന്റെ ഭാഗമായിരുന്ന ചാമ, തിന തുടങ്ങിയ ചെറുധാന്യങ്ങൾ ഒഴിവാക്കപ്പെട്ടു. കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ ആരോഗ്യം. കഴിക്കുന്ന ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പാക്കാനാണ് നിരവധി പ്രവർത്തനങ്ങൾ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് ആവിഷ്‌കരിച്ചു നടപ്പാക്കുന്നത്, മന്ത്രി ചൂണ്ടിക്കാട്ടി.

ഭക്ഷ്യസുരക്ഷാ വകുപ്പ് ചെറുധാന്യങ്ങൾ ഉപയോഗിച്ചുള്ള പാചകമത്സരം സംസ്ഥാനതലത്തിൽ സംഘടിപ്പിക്കും. ചെറുധാന്യങ്ങളുടെ ആരോഗ്യകരമായ ഗുണങ്ങൾ വളരെ വലുതാണ്. കോഴിക്കോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലന്റേഷൻ തുടങ്ങാനുള്ള പ്രാരംഭപ്രവർത്തി തുടങ്ങിയതായും മന്ത്രി കൂട്ടിച്ചേർത്തു.

ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മീഷണർ വി.ആർ  വിനോദ് അധ്യക്ഷത വഹിച്ചു. എഫ്.എസ്.എസ്.എ.ഐ ജോയിന്റ് ഡയറക്ടർ ശീതൾ ഗുപ്ത, ഡോ. പി നിഷി, വെള്ളായണി കാർഷിക കോളജ് ഡീൻ ഡോ. റോയ് സ്റ്റീഫൻ, വാർഡ് കൗൺസിലർ സൗമ്യ എൽ തുടങ്ങിയവർ സംബന്ധിച്ചു. വിദഗ്ദരുടെ പ്രഭാഷണങ്ങൾ, വിദ്യാർഥികൾക്കായി പോസ്റ്റർ രചനാമത്സരം, ക്വിസ് എന്നിവയും നടന്നു.