വിദ്യാഭ്യാസ മേഖലയില്‍ കാതലായ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്ന കാലത്ത് അതിനുള്ള മികച്ച ഭൗതിക സാഹചര്യം ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് നിയമസഭാ സ്പീക്കര്‍ അഡ്വ എ എന്‍ ഷംസീര്‍ പറഞ്ഞു. തിരുവങ്ങാട് ഗവ. എച്ച് എസ് എസിനെ പൊതുവിദ്യാഭ്യാസ സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന അത്യാധുനികരീതിയിലുള്ള പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധുനികസൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികള്‍, സയന്‍സ് ലാബുകള്‍, ഐ ടി ലാബുകള്‍, ലൈബ്രറി, സ്റ്റേജ്, ശുചിമുറികള്‍, ഭക്ഷണ ശാല എന്നിവയാണ് സജ്ജീകരിക്കുക. കിഫ് ബി ഫണ്ടില്‍ നിന്നും അനുവദിച്ച 3.29 കോടി രൂപ ചെലവഴിച്ചാണ് ആദ്യഘട്ടനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

തലശ്ശേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ എം ജമുനാറാണി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക ടി ടി രജനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശി, വാര്‍ഡ് കൗണ്‍സിലര്‍ ഇ ആശ, വിദ്യാകിരണം ജില്ലാ കോര്‍ഡിനേറ്റര്‍ കെ സി സുധീര്‍, ഡിഇഒ എന്‍ ചന്ദ്രിക, തലശ്ശേരി സൗത്ത് എഇഒ ഇ വി സുജാത, പ്രിന്‍സിപ്പല്‍ ഇ എം സത്യന്‍, സ്റ്റാഫ് സെക്രട്ടറി എല്‍ യേശുദാസ്, വികസന സമിതി ചെയര്‍മാന്‍ വി എം സുകുമാരന്‍, തലശ്ശേരി സൗത്ത് ബിപിസി ടി വി സഖീഷ്, പിടിഎ പ്രസിഡന്റ് യു ബ്രിജേഷ്, പൂര്‍വ്വാധ്യാപക സംഘടനാ പ്രതിനിധി കെ അബ്ദുള്‍ ലത്തീഫ്, വിവിധ കക്ഷി രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരായ അഡ്വ എം എസ് നിഷാദ്, കെ സി സുധീര്‍, എം പി സുമേഷ്, ബി പി മുസ്തഫ എന്നിവര്‍ പങ്കെടുത്തു.