പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് ഒക്ടോബര്‍ മാസത്തോടെ തൃശ്ശൂര്‍ മൃഗശാലയില്‍ നിന്നും പക്ഷി മൃഗാദികളെ മാറ്റി തുടങ്ങുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. സുവോളജിക്കല്‍ പാര്‍ക്കില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മൃഗങ്ങളെ മാറ്റുന്നതിനുള്ള കേന്ദ്ര അനുമതി ലഭ്യമായെന്നും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് പദ്ധതിയുടെ പുരോഗതിയിലെ സുപ്രധാന നാഴികല്ലാണ് ഈ അനുമതിയെന്നും മന്ത്രി പറഞ്ഞു.

48 ഇനങ്ങളിലായി 117 പക്ഷികള്‍, 279 സസ്തനികള്‍, 43 ഉരഗ വര്‍ഗ്ഗജീവികള്‍ എന്നിങ്ങനെ 479 പക്ഷി മൃഗാദികളെയാണ് പുത്തൂരിലേക്ക് മാറ്റാനുള്ള കേന്ദ്ര അനുമതി ലഭിച്ചിരിക്കുന്നത്. ഒക്ടോബര്‍ മാസത്തോടെ തൃശൂര്‍ മൃഗശാലയില്‍ നിന്നും ദേശീയ പക്ഷിയായ മയിലിനെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് കൊണ്ടുവന്ന് ഈ പരിപാടിക്ക് തുടക്കം കുറിക്കുവാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ തത്ത വര്‍ഗ്ഗത്തില്‍പ്പെട്ട പക്ഷികള്‍, ജലപക്ഷികള്‍ എന്നിവയെയും മാറ്റും. ഇങ്ങനെ വിവിധ സ്പീഷിസുകളില്‍ കുറച്ച് എണ്ണങ്ങളെ കൊണ്ടുവന്ന് നിരീക്ഷിച്ച ശേഷം ഒക്ടോബര്‍ അവസാനത്തോടെ ബോണറ്റ് കുരങ്ങുകളില്‍ ആദ്യ ബാച്ചും തിരുവനന്തപുരം നെയ്യാറില്‍ നിന്നും ചീങ്കണ്ണികളെയും കൊണ്ടുവരും. നവംബര്‍ ഒന്നു മുതല്‍ അംഗസംഖ്യ ഏറ്റവും കൂടുതലുള്ള മാനുകളെ മാറ്റുന്ന നടപടിയും തുടങ്ങും.

തിരുവനന്തപുരം മൃഗശാലയില്‍ നിന്നും പുത്തൂരിലേക്ക് നല്‍കാമെന്ന് തീരുമാനിച്ചിട്ടുള്ള നാല് കാട്ടുപോത്തുകളെ മാറ്റുന്നതിനുള്ള അനുവാദം കൂടി ഇതിനോടകം കേന്ദ്രം മൃഗശാല അതോറിറ്റിയില്‍ നിന്നും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുകയാണെന്നും ഇവയെയും നവംബര്‍ പകുതിയോടെ പുത്തൂരിലേക്ക് മാറ്റാനാവുമെന്നാണ് കരുതുന്നതെന്നും മന്ത്രി അറിയിച്ചു.

കേന്ദ്ര മൃഗശാല അതോറിറ്റി നല്‍കിയിരിക്കുന്ന ആറുമാസം സമയത്തിന് മുന്‍പ് തന്നെ എല്ലാ മൃഗങ്ങളെയും മാറ്റാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ മറ്റു മൃഗശാലകളില്‍ നിന്നും ലഭ്യമാകുന്ന മൃഗങ്ങളെ മാറ്റാനുള്ള നടപടികളും ഇതിനോടൊപ്പം മുന്നോട്ടുപോകുന്നത്.

വിദേശത്തുനിന്നും ജിറാഫ്, സീബ്ര, ആഫ്രിക്കന്‍ മാന്‍, അനാക്കോണ്ട എന്നിവയെ കൊണ്ടുവരുന്നതിനുള്ള താല്‍പര്യപത്രം നേരത്തേ ക്ഷണിച്ചിരുന്നു. ഇതിന് നാല് സ്ഥാപനങ്ങള്‍ താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നും തുടര്‍നടപടികള്‍ നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ഉണ്ണികൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ വി സജു, സുവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍ ആര്‍ കീര്‍ത്തി, സ്പെഷ്യല്‍ ഓഫീസര്‍ കെ ജെ വര്‍ഗീസ്, സിപിഡബ്ല്യുഡി ശാശ്വത് ഗൗര്‍, പി എസ് സജിത്, എന്‍ ജി സനൂപ്, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.