മിഷൻ ഇന്ദ്രധനുഷ് 5.0 പരിപാടിയുടെ ജില്ലാതല ടാസ്ക് ഫോഴ്സ് യോഗം എ ഡി എം സി.മുഹമ്മദ് റഫീഖിന്റെ അധ്യക്ഷതയിൽ ചേർന്നു. എതെങ്കിലും കാരണങ്ങളാൽ വാക്സിൻ എടുക്കാൻ സാധിക്കാതെ പോയ എല്ലാവരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് എ ഡി എം പറഞ്ഞു. യോഗത്തിൽ  ജില്ലയിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും ഔട്ട് റീച്ച് കേന്ദ്രങ്ങളിലും പ്രതിരോധ കുത്തിവെപ്പുകൾ ഊർജ്ജിതമാക്കാൻ വേണ്ട നടപടികൾ ചർച്ച ചെയ്തു.

മിഷൻ ഇന്ദ്രധനുഷിന്റെ ആദ്യഘട്ടത്തിൽ ജില്ലയിൽ നടത്തിയ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. രണ്ടാംഘട്ടത്തിൽ വാക്സിനേഷൻ ബോധവത്കരണം ഊർജ്ജിതമാക്കാനും തീരുമാനമായി.

അഞ്ച്  വയസ്സ് വരെയുള്ള കുട്ടികളുടെയും ഗർഭിണികളുടെയും പ്രതിരോധ കുത്തിവയ്പ്പുകൾ പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന യജ്ഞമാണ് മിഷൻ ഇന്ദ്രധനുഷ് 5.0. മൂന്ന് ഘട്ടങ്ങളായി നടക്കുന്ന ഇന്റൻസിഫൈഡ് മിഷൻ ഇന്ദ്രധനുഷ് 5.0 ന്റെ ആദ്യ ഘട്ടം ജില്ലയിൽ പൂർത്തിയായി. രണ്ടാം ഘട്ടം സെപ്റ്റംബർ 11 മുതൽ സെപ്റ്റംബർ 16 വരെയാണ്. മൂന്നാം ഘട്ടം ഒക്ടോബർ 9 മുതൽ 14 വരെയാണ്.

ജില്ലാ കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. രാജാറാം കെ.കെ അധ്യക്ഷത വഹിച്ചു. ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. സച്ചിൻ ബാബു വിഷയാവതരണം നടത്തി. വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.