സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ബൂത്ത് ലവല്‍ ഏജന്റ്മാരുടെ (ബി എല്‍ എ) അവലോകനയോഗം ചേര്‍ന്നു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ഗൃഹസന്ദര്‍ശനം ഉള്‍പ്പെടെ നടത്തി കൃത്യതയോടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.
നിലവില്‍ ബി എല്‍ എ മാരുടെ നേതൃത്വത്തില്‍ നവവോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനും മരണമടഞ്ഞവര്‍, സ്ഥലംമാറി പോയവര്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണ്. ബൂത്ത്തിരിച്ചുള്ള പി ഡബ്ല്യു ഡി വോട്ടര്‍മാരുടെ വിവരങ്ങള്‍ ബൂത്ത്‌ലവല്‍ ഏജന്റ്മാരുടെ സഹായത്തോടെ ബി എല്‍ ഓ മാരാണ് ശേഖരിക്കുക.
ജില്ലയില്‍ 2023ലെ സമ്മറി റിവിഷനുമായി ബന്ധപ്പെട്ട മികച്ച പ്രവര്‍ത്തനത്തിന് ബി എല്‍ ഒമാരായ ശ്രീദേവി, വി സുമേഷ് കുമാര്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ഇവരെ ജില്ലാ കലക്ടര്‍ അനുമോദിച്ചു. 100 ശതമാനം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച ചാത്തന്നൂരിലെ ബി എല്‍ എ മാരെയും അഭിനന്ദിച്ചു. സമഗ്ര കരട് വോട്ടര്‍പട്ടിക ഒക്ടോബര്‍ 17ന് പ്രസിദ്ധീകരിക്കും. ആക്ഷേപങ്ങളും പരാതികളും നവംബര്‍ 30 വരെ സമര്‍പ്പിക്കാം. അന്തിമ വോട്ടര്‍പട്ടിക 2024 ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും.