തൊടുപുഴ നഗരസഭ ആരോഗ്യ വിഭാഗവും ഭക്ഷ്യസുരക്ഷ വകുപ്പും സംയുക്തമായി വെളിച്ചെണ്ണ ഉല്‍പാദന യൂണിറ്റുകളില്‍ പരിശോധന നടത്തി. നഗരസഭ പരിധിയില്‍ ഉള്‍പ്പെടുന്ന മണക്കാട്, മുതലക്കോടം, കുമ്മംകല്ല് എന്നിവിടങ്ങളിലെ അഞ്ച് സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
മണക്കാട്, കുമ്മംകല്ല് എന്നിവിടങ്ങളിലെ രണ്ട് സ്ഥാപനങ്ങളില്‍ നിന്നും സാമ്പിള്‍ ശേഖരിച്ചു. എണ്ണയുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായി വിശദപരിശോധനക്ക് കാക്കനാട് ഗവ. റീജിയണല്‍ ലാബിലേക്ക് സാമ്പിളുകള്‍ അയച്ചു.

ഗുണനിലവാരത്തില്‍ അപാകത, മായം കലരല്‍ എന്നിവ കണ്ടെത്തിയാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഭക്ഷ്യസുരക്ഷ ഓഫീസര്‍ രാകേന്ദു, നഗരസഭ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രജീഷ് കുമാര്‍, ഓഫീസ് അറ്റന്‍ഡന്റ് ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.