വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിൽ കേരള നോളജ് ഇക്കോണമി മിഷന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സംഘടിപ്പിച്ചു. വിജ്ഞാന തൊഴില്‍ രംഗത്ത് ഉദ്യോഗാർത്ഥികൾക്ക് അവസരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് തൊഴില്‍ മേള സംഘടിപ്പിച്ചത്. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് പ്രസിഡന്റ് സോണിയ മുരുകേശന്‍ ഉദ്ഘാടനം ചെയ്തു.
കേരള നോളജ് ഇക്കോണമി മിഷൻ നടപ്പിലാക്കി വരുന്ന ” എൻ്റെ തൊഴിൽ എൻ്റെ അഭിമാനം” പദ്ധതിയുടെ ഭാഗമായിഎറണാകുളം ജില്ല കുടുംബശ്രീ മിഷന്റെയും കോൺഫിഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെയും (സി. ഐ. ഐ )സഹകരണത്തോടെയാണ് തൊഴിൽമേള സംഘടിപ്പിച്ചത്. അഞ്ചുവർഷത്തിനകം 20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ കേരള നോളജ് ഇക്കോണമി മിഷൻ ആവിഷ്‌കരിച്ചത്. നൈപുണ്യവും വൈദഗ്ധ്യവുമുള്ള തൊഴിലാളികളെയും അവരുടെ സേവനം ആവശ്യമുള്ള തൊഴില്‍ ദാതാക്കളെയും ഒരു കുടക്കീഴില്‍ കൊണ്ടു വരികയാണ് മേളയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഡിജിറ്റല്‍ വര്‍ക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം (ഡി.ഡബ്ല്യു.എം.എസ് ) എന്ന പ്ലാറ്റ്‌ഫോം വഴിയാണ് അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് അവരവരുടെ അഭിരുചിക്കും നൈപുണ്യത്തിനും അനുയോജ്യമായ തൊഴില്‍ തെരഞ്ഞെടുക്കുന്നതിന് കേരള നോളേജ് ഇക്കോണമി മിഷന്‍ അവസരമൊരുക്കുന്നത്. പഞ്ചായത്തില്‍ നിന്ന് 100 തൊഴിൽ അന്വേക്ഷകരാണ് ഡി. . എം. എസിലൂടെ രജിസ്റ്റര്‍ ചെയ്തത്. അതിൽ നിന്നും 50 ഇൽ അധികം പേർ തിരഞ്ഞെടുക്കപ്പെട്ട ചുരുക്കപ്പട്ടികയിൽ നിന്നും തൊഴിൽ ദാതാക്കൾ തിരഞ്ഞെടുക്കുന്നവർക്ക് തൊഴിൽ ലഭിക്കും. ഇവര്‍ക്കുള്ള കരിയര്‍ കൗണ്‍സിലിങ്ങും സൈക്കോമെട്രിക് ടെസ്റ്റും വെബ്‌സൈറ്റിലൂടെ ലഭിക്കും.
ഫ്രണ്ട് ഓഫീസ് സർവീസ്, പ്രൊഡക്ഷൻ ,ഗസ്റ്റ് റിലേഷൻ എക്സിക്യൂട്ടീവ്, ബില്ലിംഗ് കാഷ്യർ, സെയിൽസ്, ഇൻസ്റ്റാലേഷൻ എഞ്ചിനീയർ തുടങ്ങിയ വിവിധ മേഖലകളിലാണ് തൊഴിലവസരം. പ്ലസ് ടു മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി സൗജന്യമായിട്ടായിരുന്നു തൊഴിൽമേള നടത്തിയത്.
സി ഡി എസ് ചെയർപേഴ്സൺ പ്രേമ ലത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സി ഐ ഐ ഡെപ്യൂട്ടി ഹെഡ് കിരൺ ശിവൻ, അസിസ്റ്റന്റ് മാനേജർ വിപിൻ രാജ്, കുടുംബശ്രീ ഡിപി എം മിഥു പ്രസാദ്, കമ്മ്യൂണിറ്റി അംബാസിഡർ ലിജി ജോൺ, വിവിധ പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു