മരിയാപുരം ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ 200 ഓളം കുടുംബങ്ങള്‍ക്കും വിമലഗിരി കുടുംബക്ഷേമ ഉപകേന്ദ്രത്തിനും ശുദ്ധജലമെത്തിക്കുന്ന 12 കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനവും ഭൂജല ഗുണനിലവാര പരിശോധനയുടെ സംസ്ഥാനതല ഉദ്ഘാടനവും സെപ്റ്റംബര്‍ 16 ന് ശനിയാഴ്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. രാവിലെ 11 മണിക്ക് മരിയാപുരം ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ നടക്കുന്ന ഉദ്ഘാടന യോഗത്തില്‍ മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോയ് അധ്യക്ഷത വഹിക്കും.

ഡീന്‍ കുര്യാക്കോസ് എം.പി വിശിഷ്ടാതിഥിയാകും. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി വര്‍ഗീസ്, ത്രിതല പഞ്ചായത്തംഗങ്ങളായ കെ.ജി. സത്യന്‍, സിബിച്ചന്‍ തോമസ്, പ്രജിനി ടോമി, ഡിറ്റാജ് ജോസഫ്, സംസ്ഥാന ഭൂജല അതോറിറ്റി അംഗങ്ങളായ കെ.എന്‍ മുരളി, സെലിന്‍ മാത്യു, ഭൂജല വകുപ്പ് ഡയറക്ടര്‍ ജോണ്‍ വി സാമൂവല്‍, ഭൂജല വകുപ്പ് ഹൈഡ്രോ ജിയോളജിസ്റ്റ് എ.ജി ഗോപകുമാര്‍, ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ അനുരൂപ് ആര്‍ എല്‍, മറ്റ് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരാകും.