കുട്ടികളിലെ കുഷ്ഠരോഗം നേരത്തെ കണ്ടെത്തി അംഗവൈകല്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ബാലമിത്ര കാമ്പയ്ന്‍ സെപ്റ്റംബര്‍ 20 മുതല്‍ 30 വരെ ജില്ലയില്‍ നടക്കും. കാമ്പയ്ന്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ജില്ലാതല ഏകോപനസമിതി യോഗം ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.
ദേശീയ കുഷ്ഠരോഗ നിര്‍മ്മാര്‍ജന പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലാണ് ‘ബാലമിത്ര’ കാമ്പയ്ന്‍ സംസ്ഥാനത്തൊട്ടാകെ നടത്തുന്നത്.

വായുവിലൂടെയാണ് കുഷ്ഠരോഗം പകരുന്നത്. ചികിത്സയ്ക്ക് വിധേയമാകാത്ത രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തു വരുന്ന രോഗാണുക്കള്‍ വഴി രോഗം മറ്റൊരാളിലേക്ക് പകരും. ചര്‍മ്മത്തില്‍ കാണുന്ന നിറം മങ്ങിയതോ ചുവന്ന് തടിച്ചതോ ആയ പാടുകളോ ശരീരത്തിലെ ഏതെങ്കിലും ഭാഗത്തുള്ള മരവിപ്പോ രോഗപകര്‍ച്ചയുടെ ആദ്യ ലക്ഷണമാകാം. രോഗം യഥാസമയം ചികിത്സിക്കാതെയിരുന്നാല്‍ അംഗവൈകല്യത്തിലേക്ക് വരെ നയിക്കാം. തുടക്കത്തില്‍ തന്നെ ചികിത്സയ്ക്ക് വിധേയമാവുകയാണെങ്കില്‍ രോഗം പൂര്‍ണ്ണമായി ഭേദമാക്കാനും മറ്റുള്ളവരിലേക്ക് പകരുന്നത് തടയാനും സാധിക്കും.

സെപ്റ്റംബര്‍ 20 മുതല്‍ 30 വരെ നടക്കുന്ന കാമ്പയ്ന്റെ ഭാഗമായി ജില്ലയിലെയും 18 വയസ്സുവരെയുള്ള മുഴുവന്‍ കുട്ടികളെയും കുഷ്ഠരോഗ പരിശോധനയ്ക്ക് വിധേയമാക്കും. അങ്കണവാടികള്‍, സ്‌കൂളുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് കാമ്പയ്ന്‍ നടക്കുന്നത്. ഇതിന് മുന്നോടിയായി അങ്കണവാടി അധ്യാപകര്‍, സ്‌കൂളുകളിലെ തെരഞ്ഞെടുക്കപ്പെട്ട നോഡല്‍ അധ്യാപകര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. നിലവില്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും കുഷ്ഠരോഗ ചികിത്സ സൗജന്യമായി ലഭിക്കുന്നുണ്ട്.