പൈതൃകോൽസവം സമാപിച്ചു

കലാസാംസ്‌കാരിക മേഖലകളിലെപോലെ സൃഷ്ടിപരമായ മേഖലകളിലെ പൈതൃക അറിവുകളും സമൂഹത്തിൽ പ്രചരിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച പൈതൃകോൽസവം 2023 ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

നമ്മുടെ നാടിന്റെ പൈതൃക അറിവുകളെ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയുമാണ് വാസ്തു വിദ്യാ ഗുരുകുലം ചെയ്യുന്നത്. കേരളത്തിന്റെ സവിശേഷമായ ചുമർചിത്ര, ദാരു ശിലാ ശിൽപ പാരമ്പര്യം, വാസ്തുവിദ്യാ പൈതൃകം, കലാ കരകൗശല സമ്പന്നത തുടങ്ങിയ സാംസ്‌കാരിക പെരുമകളെ സംരക്ഷിച്ച് പരിപോഷിപ്പിക്കുക, കാലാവസ്ഥാനുസൃതവും പരിസ്ഥിതി സൗഹാർദ്ദവുമായ നിർമാണ വിദ്യകളെ പ്രചരിപ്പിക്കുക തുടങ്ങിയ ഉദ്ദേശ്യലക്ഷ്യങ്ങളോടെ കഴിഞ്ഞ മുപ്പത് വർഷമായി ആറന്മുളയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് വാസ്തുവിദ്യാ ഗുരുകുലം.

വാസ്തുവിദ്യ, സുസ്ഥിര നിർമ്മാണ സാങ്കേതികവിദ്യാ കൺസൾട്ടൻസി, ചുമർചിത്രരചനാ പദ്ധതികൾ, അക്കാദമിക് കോഴ്‌സുകളുടെ നടത്തിപ്പ്, പൈതൃക മന്ദിരങ്ങളുടെ ഡോക്യുമെന്റേഷൻ എന്നിങ്ങനെ നിരവധി സേവനങ്ങളാണ് വാസ്തുവിദ്യാ ഗുരുകുലം നൽകിവരുന്നത്. കേരളത്തിന്റെ തനതു ചുമർചിത്രരചനാ സമ്പ്രദായത്തെ സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി വിവിധ പദ്ധതികൾ ഈ സ്ഥാപനത്തിൽ ആവിഷ്‌കരിച്ചു നടപ്പിലാക്കി വരുന്നു.

പൈതൃക അറിവുകൾ സംരക്ഷിക്കുന്നതിന് ഡോക്യുമെന്റേഷൻ വളരെ സുപ്രധാന ചുമതലയാണ്. ഇത്തരത്തിൽ മൂന്ന് പൈതൃക പദ്ധതികളുടെ ഡോക്യുമെന്റേഷൻ നിർവഹിക്കാൻ വാസ്തുവിദ്യാ ഗുരുകുലത്തിനായി. ചുമർചിത്ര കലാരംഗത്തടക്കം നിർണായക സംഭാവനകൾ നൽകുന്ന നിരവധി കലാകാരന്മാർ കേരളത്തിന്റെ യശസുയർത്തുന്നു. ഇന്ത്യൻ പാർലമെന്റിലും വൈറ്റ് ഹൗസിലും വത്തിക്കാൻ കൊട്ടാരത്തിലുമടക്കം നമ്മുടെ ചുമർ ചിത്ര കലാകാരന്മാരുടെ സൃഷ്ടികളുണ്ട്. കോവിഡ് കാലത്തടക്കം ഇത്തരം കലാകാരൻമാരെ  സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.

വാസ്തു വിദ്യാ ഗുരുകുലത്തിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സൗഹൃദമായ നിർമാണ രീതികളുടെ വ്യാപനം കലാസാംസ്‌കാരിക മേഖലയ്ക്കും ടൂറിസം മേഖലയ്ക്കും മികച്ച സംഭാവനയാണ് നൽകുന്നത്.

സമഗ്രമായ ഡിസൈൻ നയത്തിന് സംസ്ഥാന സർക്കാർ രൂപം നൽകിയിരിക്കുകയാണ്. ഗുണഭോക്താവിന്റെ അല്ലെങ്കിൽ ഉപഭോക്താവിന്റെ താൽപ്പര്യങ്ങൾ പരിഗണിച്ചുള്ള പദ്ധതികൾക്ക് രൂപം നൽകുന്നതിനാണിത്. കല, സംസ്‌കാരം, ശാസ്ത്ര മേഖലകളുടെ സംരക്ഷണത്തിനും പ്രോൽസാഹനത്തിനുമായി പൊതു സമൂഹം ഒന്നിച്ചു പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സെമിനാർ സുവനീർ  പ്രകാശനം മുഖ്യമന്ത്രി മന്ത്രി സജി ചെറിയാന് നൽകി പ്രകാശനം നിർവ്വഹിച്ചു.

സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാസ്തുവിദ്യാ ഗുരുകുലംചെയർമാൻ ഡോ. ജി ശങ്കർ സ്വാഗതം ആശംസിച്ചു. വാസ്തുവിദ്യാ ഗുരുകുലം എക്‌സിക്യൂട്ടീവ് ഡയറക്ടർ പ്രിയദർശനൻ പിഎസ് റിപ്പോർട്ട് പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ എൻ. മായ, വാസ്തുവിദ്യാ ഗുരുകുലം മുൻ ചെയർമാൻ ടി. കെ. എ. നായർ, കൗൺസിൽ ഓഫ് ആർക്കിടെക്ചർ പ്രസിഡന്റ് അഭയ് പുരോഹിത്, ആർക്കിടെക്ട് ഡോ. ബെന്നി കുര്യാക്കോസ്, പ്രൊഫ, സുജാ കർത്ത, മരിയൻ കോളജ് ഓഫ് ആർക്കിടെക്ചർ പ്രിൻസിപ്പൽ ഡോ. സുരേഷ് കെ. നായർ, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ വൈസ് ചെയർമാൻ ജി എസ് പ്രദീപ്, പ്രഫ. ആർ അജയകുമാർ എന്നിവർ പങ്കെടുത്തു.