ആലപ്പുഴ: പ്രളയം ഏൽപിച്ച ഞെട്ടലിൽ നിന്നും മുക്തമാകാതെ വിഷാദത്തിലേക് വഴുതി വീഴാൻ തുടങ്ങിയ ആളുകളെ കണ്ടെത്തി അവർക്ക് മതിയായ മാർഗ നിർദേശങ്ങളും ഉപദേശങ്ങളും നൽകുകയാണ് കുടുംബശ്രീയുടെ കമ്മ്യൂണിറ്റി കൗൺസിലർമാർ. ക്യാമ്പുകളിൽ നിന്ന് പിരിഞ്ഞുപോയവരുടെ വീടുകളിൽ കമ്മ്യൂണിറ്റി കൗൺസിലേഴ്‌സ് സന്ദർശനം നടത്തുകയാണിപ്പോൾ. ക്യാംപുകളിൽ ലഘു ലേഖകളും വിതരണം ചെയ്തിരുന്നു. ഓഗസ്റ്റ് 16 മുതൽ സെപ്തംബർ അവസാന വാരം വരെ 44,038 പേർക്കാണ് കമ്മ്യൂണിറ്റി കൗൺസിലേഴ്‌സ് ക്യാമ്പിലെത്തി കൗൺസലിംഗ് നൽകിയത്. 1076 വീടുകൾ സന്ദർശിച്ചും ഇവർ കൗൺസിലിംഗിലൂടെ മാനസിക പിന്തുണ നൽകി.
പ്രളയത്തിലകപ്പെട്ടവരുടെ മാനസിക ആരോഗ്യം ഉറപ്പാക്കി അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിലേക്കായി കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലർമാർക്ക് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിന്റെ നേതൃത്വത്തിലാണ് പരിശീലനം ലഭിച്ചിരിക്കുന്നത്. .പ്രളയത്തിന്റെ നടുക്കുന്ന ഓർമ്മയിൽ കഴിയുന്നവർക്ക് അതിൽ നിന്നും മോചനം നൽകുന്നതിൽ സഹായിക്കുന്നതിനുള്ള ശാസ്ത്രീയമായ നിർദ്ദേശങ്ങളാണ് നിംഹാൻസ് നൽകിയത്. മാനസിക സമ്മർദ്ദം മറികടക്കാൻ ദുരിതബാധിതരെ സഹായിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, മാനസിക പിന്തുണ നൽകുമ്പോൾ പറയാൻ പാടുള്ളതും പാടില്ലാത്തതുമായ കാര്യങ്ങൾ, ദുരിത ബാധിതരെ അനുതാപത്തോടെ സമീപിക്കുന്നതിന്റെ ആവശ്യകത, സൈക്കോളജിക്കൽ ഫസ്റ്റ് എയ്ഡ്, റിലാക്സേഷൻ എക്സർസൈസുകൾ ചെയ്യേണ്ട രീതികൾ മുതലായ നിർദ്ദേശങ്ങളാണ് പരിശീലനത്തിലൂടെ നൽകിയത്. ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള ഇരുപത്തഞ്ചോളം കുടുംബശ്രീ കൗൺസിലർമാരാണ് നിംഹാൻസിന്റെ പരിശീലന പരിപാടിയിൽ പങ്കെടുത്തത്. കമ്മ്യൂണിറ്റി മെഡിസിൻ അസിസ്റ്റന്റ് പ്രൊഫസർ ഡോ.നിഷ, സൈക്യാട്രി ഡിപ്പാർട്ട്മെന്റ് ഹെഡ് ഡോ. വർഗ്ഗീസ് പുന്നൂസ്, സൈക്യാട്രിസ്റ്റ് ഡോ. സെബിൻ, കമ്മ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്ട്മെന്റ് ഹെഡ് ഡോ. സൈറു ഫിലിപ്പ്, നിംഹാൻസിൽ നിന്നുള്ള ഡോ.ഫെസ്ലി സിദ്ദിഖ്, കുടുംബശ്രീ ആലപ്പുഴ ജില്ലാ പ്രോഗ്രാം മാനേജർ മോൾജി ഖാലിദ് എന്നിവരായിരുന്നു ക്ലാസുകൾ നയിച്ചത്. പ്രളയ ബാധിത പ്രദേശങ്ങളിലെ സ്‌കൂളുകളിലും കൗ്ൺസിലിങ് നടത്തും.