സംസ്ഥാനത്തിന്റെ വികസനത്തില്‍ ജനങ്ങളുടെ അഭിപ്രായങ്ങള്‍ തേടി സംസ്ഥാന സര്‍ക്കാര്‍ നിയോഗിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ ജനുവരി ഒന്നുമുതല്‍ വീടുകളിലെത്തും. നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാമിന്റെ ഭാഗമായി ഫെബ്രുവരി 28വരെയാണ് സന്നദ്ധ പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിക്കുക. ഇത്തരത്തില്‍ ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്താകും വികസന-ക്ഷേമപദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമായി സംസ്ഥാനത്ത് നടപ്പാക്കുക. വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ അഭിപ്രായം പരിഗണിച്ച് മുന്നോട്ട് പോകുക എന്ന സംസ്ഥാനസര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടിന്റെ തുടര്‍ച്ചയായാണ് സിറ്റിസണ്‍ റസ്‌പോണ്‍സ് പ്രോഗ്രാം നടപ്പിലാക്കുന്നത്.
എല്ലാ വീടുകളും സന്ദര്‍ശിച്ച് വികസനനിര്‍ദേശങ്ങള്‍ സ്വീകരിച്ച് നാടിന്റെ ഭാവി മികവുറ്റതാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി പ്രത്യേകം പരിശീലനം നേടിയ സന്നദ്ധപ്രവര്‍ത്തകരാണ് വീടുകളിലെത്തുക. സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം ജില്ലയില്‍ വിവിധ തദ്ദേശസ്ഥാപന തലത്തില്‍ പുരോഗമിച്ചുവരികയാണ്. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരുടെ വീടുകളില്‍ നിന്ന് വിവരശേഖരണം തുടങ്ങും. ഫ്ളാറ്റുകളിലും താമസസ്ഥലങ്ങളിലും സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡുമായാണ് സന്നദ്ധ പ്രവര്‍ത്തകരെത്തുക.
ജില്ലാകളക്ടര്‍ വി.ആര്‍. വിനോദ് ചെയര്‍മാനായ ജില്ലാതല സമിതിയുടെ നേതൃത്വത്തിലാണ് മലപ്പുറം ജില്ലയില്‍ പദ്ധതി നടപ്പാക്കുന്നത്. ജില്ലാ ഇഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദാണ് കൺവീനർ. ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കളക്ടര്‍ സ്വാതി ചന്ദ്രമോഹന്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ഡോ. പി. സീമ, കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ബി. സുരേഷ് കുമാര്‍, എ. ശ്രീധരന്‍, കെ. ജയകുമാര്‍, വി.ആര്‍. പ്രമോദ് എന്നിവരാണ് ജില്ലാ തല സമിതിയിലെ അംഗങ്ങള്‍.
