ആലപ്പുഴ: ഭവനരഹിതകർക്ക് വീടുനിർമിച്ചുനൽകുന്ന സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയുടെ രണ്ടാം ഘട്ടം പ്രവർത്തനങ്ങളിൽ ആലപ്പുഴ ജില്ല ഒന്നാമത്. ഭൂമിയുള്ള ഭവനരഹിതരുടെ വീട് നിർമാണമാണ് രണ്ടാം ഘട്ട പ്രവർത്തനത്തിലുൾപ്പെടുന്നത്. ഇതുപ്രകാരം 14000 ഗുണഭോക്താക്കളാണ് ആലപ്പുഴ ജില്ലയിൽ പുതിയ വീടിനായി കാത്തിരിക്കുന്നത്. പരിശോധനകൾക്ക് ശേഷം 6200 പേർക്ക് വീടുപണിയാനുള്ള അനുമതിയും ലഭിച്ചു. 10 പേരുടെ വീടുപണി പൂർത്തിയായി.
പൂർത്തിയാക്കാത്ത വീടുകളുടെ നിർമാണം പ്രതിപാദിക്കുന്ന ഒന്നാം ഘട്ട പ്രവർത്തനങ്ങൾ 90 ശതമാനം പൂർത്തിയായതായി ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ ഉദയസിംഹൻ അറിയിച്ചു. 2850 വീടുകളുടെ നിർമാണമാണ് ഒന്നാം ഘട്ടത്തിലേറ്റെടുത്തിരുന്നത്. 250ഓളം വീടുകളുടെ പണി മാത്രമാണ് ഇനി പൂർത്തിയാകാനുള്ളു. രണ്ടാം ഘട്ടത്തിൽ വീടുപണിക്കാവശ്യമായ തുക ലഭിച്ചില്ലെന്ന പരാതിക്കും ഉടൻ പരിഹാരമാകും. നിലവിൽ പ്ഞ്ചായത്തുകളുടെ പ്ലാൻ ഫണ്ടിൽ നിന്നും 20 ശതമാനം തുകയാണ് വീടുനിർമാണത്തിന് ഉപയോഗിക്കുന്നത്. തുടർന്ന് ആവശ്യമായി വരുന്ന ബാക്കി തുക ഹഡ്‌കോയിൽ നിന്ന് സർക്കാർ വായ്പയെടുക്കും. ബജറ്റിൽ അനുവദിച്ച തുകയും ഒക്ടോബർ പകുതിയോടെ പഞ്ചായത്തുകൾക്ക് ലഭ്യമാകും. ഇതോടെ സാമ്പത്തിക പ്രശ്‌നത്തിന് പൂർണമായും പരിഹാരം കാണാനാകുമെന്നും ഉദയസിംഹൻ പറഞ്ഞു. ആലപ്പുഴയിൽ വായ്പ ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ ധ്രുതഗതിയിലാണ് പുരോഗമിക്കുന്നത്. ലൈഫ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ഭൂമി/വീടില്ലാത്ത ഗുണഭോക്തക്കൾക്ക് വീടുനിർമിച്ചുനൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്്.ജില്ലയിൽ 19000 ഗുണഭോക്താക്കളാണ് ഈയിനത്തിൽ വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാൻ കാത്തിരിക്കുന്നത്. അവർക്കായി ഭവനസമുച്ചയം പണിയാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ആലപ്പുഴ നഗരത്തിൽ മാത്രം 3800 പേർക്ക് ഭൂമിയോ വീടോ ഇല്ലെന്നാണ് കണക്കുകൾ സൂചിപ്പി്ക്കുന്നത്. അവർക്ക് വീടുപണിയാനുള്ള രണ്ടര ഏക്കർ സ്ഥലവും ആലപ്പുഴ നഗരത്തിൽ കണ്ടെത്തി കഴിഞ്ഞു.
