ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് എലപ്പുള്ളി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ദുരന്തനിവാരണ മാനേജ്‌മെന്റും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും’ വിഷയത്തില്‍ ഹരിതകേരളം മിഷന്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, വൈ. കല്ല്യാണകൃഷ്ണന്‍ സംസാരിച്ചു. എലപ്പുള്ളി പഞ്ചായത്ത് കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഈ പഞ്ചായത്തില്‍് മാത്രമായി എട്ടര ടണ്ണോളം ഇ-മാലിന്യശേഖരം ഉണ്ട്. അത് നീക്കം ചെയ്യാനുളള നടപടി സ്വീകരിച്ചിട്ടുളളതായും ഹരിതകേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു. അതേ സമയം ഇ-വേസ്റ്റുകള്‍ അലക്ഷ്യമായി ഇടരുതെന്ന് മുന്നറിയിപ്പും നല്‍കി. എലപ്പുളളിയില്‍ പാറയുടെ സാന്നിധ്യം കൂടുതലായതിനെ തുടര്‍ന്ന്് അതുവഴിയുളള അപകടങ്ങള്‍ക്കുളള വിദൂര സാധ്യത മുന്നിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. വീടുകള്‍ക്ക് ഭീഷണിയാകും വിധമുളള കളിമണ്ണും മണലും ചേര്‍ന്നുളള ഭൂപ്രദേശമാണ് എലപ്പുള്ളി പഞ്ചായത്തിനുളളത്. മഴക്കാലത്ത് കളിമണ്ണ് വികസിക്കുകയും വേനലില്‍ ചുരുങ്ങുകയും ചെയ്യുന്നതാണ് വെല്ലുവിളിയാകുന്നത്. വെള്ളം വലിച്ചെടുക്കുന്നതിന് കളിമണ്ണിന് പരിമിതിയുളളതിനാല്‍ പഞ്ചായത്തില്‍ വെള്ളക്കെട്ടിനും സാധ്യതയുണ്ട്. പ്രദേശവാസികള്‍ ജലാശയങ്ങളുടെ തീരത്തുളള ഭവനനിര്‍മാണം ഒഴിവാക്കണം. തമിഴ്നാട്ടില്‍ നിന്നുളള ഉഷ്ണക്കാറ്റിനെതിരേയും ജാഗ്രത പാലിക്കേണ്ടതുണ്ട്. പ്രതിവിധിയെന്നോണം പരമാവധി മരങ്ങള്‍ വെച്ചുപിടിപ്പിച്ച്് പ്രകൃതിയ്ക്ക് തണലേകാന്‍ പ്രദേശവാസികള്‍ മുതിരണമെന്ന് വൈ.കല്ല്യാണകൃഷ്ണന്‍ പറഞ്ഞു. ഹരിതകേരളംമിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍, എന്‍. ജയപ്രകാശ്, എലപ്പുള്ളി പഞ്ചായത്ത്് കേന്ദ്രീകരിച്ച് വിശദമായി തയ്യാറാക്കിയ ഫ്‌ളഡ് മാപ്പിംഗ് പരിചയപ്പെടുത്തി.  എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. തങ്കമണി പരിപാടിയില്‍ അധ്യക്ഷയായി. പി.ആര്‍.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടറും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇന്‍ചാര്‍ജ്ജുമായ കെ.മോഹനന്‍, പി.ആര്‍.ഡി. അസി. എഡിറ്റര്‍ പ്രിയ.കെ ഉണ്ണികൃഷ്ണന്‍ പരിപാടിയില്‍ പങ്കെടുത്തു.