ജില്ലയിൽ നിപ രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മേയർ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. രോഗവ്യാപനം തടയുന്നതിന് സ്വീകരിക്കേണ്ട മുൻകരുതൽ സംബന്ധിച്ചും പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ചും യോഗത്തിൽ ചർച്ച ചെയ്തു.

നിപ പ്രതിരോധം സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് നടപ്പാക്കുന്നതിന് നടപടികൾ സ്വീകരിക്കും. കോർപ്പറേഷൻ ഓഫീസിലെത്തുന്നവർ നിർബന്ധമായും മാസ്ക് ധരിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും. സന്ദർശകർക്കായി പ്രത്യേകം രജിസ്റ്റർ സൂക്ഷിക്കും. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, കോർപ്പറേഷൻ സ്ഥിരം സമിതി ചെയർമാന്മാർ, കോർപ്പറേഷൻ സെക്രട്ടറി, വകുപ്പ് തലവന്മാർ, ജീവനക്കാരുടെ സംഘടനാ പ്രതിനിധികൾ, ശുചീകരണ വിഭാഗം ജീവനക്കാരുടെ സംഘടനാ പ്രതിനിധികൾ, ഹരിതകർമ്മസേന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.