വയനാട് ജില്ലയില്‍ നിപയുമായി ബന്ധപ്പെട്ട് നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനും മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനും മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. കളക്ട്രേറ്റില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്. കോഴിക്കോട് ജില്ലയിലെ നിപ ബാധിത പ്രദേശങ്ങള്‍ക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന തൊണ്ടര്‍നാട്, വെള്ളമുണ്ട, എടവക പഞ്ചായത്തുകളില്‍ ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശം നല്‍കി. വയനാട് ജില്ലയില്‍ ജോലി ചെയ്യുന്ന കണ്ടയിന്‍മെന്റ് സോണുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ വര്‍ക്ക് അറ്റ് ഹോം വ്യവസ്ഥയില്‍ ജോലി ചെയ്യണം. കണ്ടെയിന്‍മെന്റ് സോണുകളില്‍ നിന്ന് ആളുകള്‍ ജില്ലയില്‍ എത്തുന്നതും അങ്ങോട്ട് പോകുന്നതും തടയാന്‍ നടപടി സ്വീകരിക്കും. വവ്വാലുകളുടെ ആവാസ വ്യവസ്ഥ തകര്‍ക്കുന്ന പ്രവണത ജനങ്ങളില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും ഉണ്ടാകരുത്. ജില്ലയില്‍ ഇതുവരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരാരുംതന്നെയില്ല.
രോഗബാധ ഉണ്ടാകുന്നുവെങ്കില്‍ ഐസലേഷനും ചികിത്സയ്ക്കുമായി മാനന്തവാടി ഗവ. മെഡിക്കല്‍ കോളജില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അഞ്ച് ഐസലേഷന്‍ റൂമുകളും പ്രത്യേക ഐ.സി.യു.ഉം സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യ മേഖലയിലുള്ളവരെയും മറ്റ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി 15 സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ജില്ലയില്‍ ഈ അടുത്തുണ്ടായ അഞ്ച് മരണങ്ങളുടെയും കാരണം വിശദമായി പരിശോധിച്ചിട്ടുണ്ട്.
ആര്‍.ആര്‍.ടി. ശക്തിപ്പെടുത്തണം
ഗ്രാമപഞ്ചായത്ത്, നഗരസഭ വാര്‍ഡുകളില്‍ ഏത് സാഹചര്യവും നേരിടുന്ന തരത്തില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍.ആര്‍.ടി) ശക്തിപ്പെടുത്തണം. കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഉണ്ടാകുകയാണെങ്കില്‍ വീട്ടില്‍ കഴിയുന്നവര്‍ക്ക് മരുന്നുകള്‍, ഭക്ഷണം, മറ്റ് അവശ്യസാധനങ്ങള്‍ എന്നിവ എത്തിച്ച് നല്‍കുന്നതിന് ആര്‍.ആര്‍.ടി. കളുടെയും സന്നദ്ധ സംഘടനകളുടെയും സേവനം ഉപയോഗപ്പെടുത്തണം. ഇവര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കണം.
വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്
നിപയുമായി ബന്ധപ്പെടുത്തി സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ഔദ്യോഗിക അറിയിപ്പുകള്‍ അല്ലാതെ വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്.
പോലീസ് നിരീക്ഷണം ശക്തമാക്കും
കണ്ടയിന്‍മെന്റ് സോണുകള്‍ക്ക് അടുത്തുള്ള പഞ്ചായത്തുകളില്‍ പോലീസിന്റെ നിരീക്ഷണം ശക്തമാക്കും. ഈ പ്രദേശങ്ങളില്‍ ആള്‍ക്കൂട്ടങ്ങളുണ്ടാകുന്ന പൊതു പരിപാടികള്‍ പരമാവധി ഒഴിവാക്കണം. പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം. ജില്ലയില്‍ ഒരാള്‍ക്ക് പോലും നിപ ബാധിക്കാതിരിക്കുന്നതിന് അധികാരികളുടെ നിര്‍ദ്ദേശങ്ങളുമായി പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണം.
പനി സ്വയം ചികിത്സ പാടില്ല
പനിയോ മറ്റ് രോഗ ലക്ഷണമോ ഉള്ളവര്‍ സ്വയം ചികിത്സ ഒഴിവാക്കി ആരോഗ്യ കേന്ദ്രങ്ങില്‍ ചികിത്സ തേടണം. നിപയുടെ ലക്ഷണങ്ങളുള്ള രോഗികള്‍ സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികളില്‍ എത്തിയാല്‍ ഉടന്‍ ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കണം. വവ്വാലുകള്‍ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശങ്ങളിലെ കിണറുകളിലെ വെള്ളം പരിശോധിക്കാന്‍ ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ ഡോ.രേണുരാജ്, എ.ഡി.എം. എന്‍.ഐ.ഷാജു, ജില്ലാ പോലിസ് മേധാവി പദം സിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പി. ദിനീഷ്, ഗ്രാമ/ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.