ജില്ലയില്‍ മൂന്ന് സെന്ററുകള്‍

അതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായ സാമൂഹ്യ ഇടം സൃഷ്ടിക്കുക, അവരുടെ ഉപജീവനത്തിനും അതിജീവനത്തിനുമായി പിന്തുണ ലഭ്യമാക്കുക, അതിക്രമങ്ങള്‍ക്ക് വിധേയരാകുന്ന സ്ത്രീകള്‍ക്ക് അടിയന്തിര സഹായവും പിന്തുണയും ഉറപ്പാക്കുക ലക്ഷ്യമാക്കിയുള്ള കുടുംബശ്രീയുടെ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌കിന് ജില്ലയില്‍ മൂന്ന് സെന്ററുകള്‍. പാലക്കാട്, വടക്കഞ്ചേരി, അട്ടപ്പാടി സെന്ററുകളാണ് നിലവിലുള്ളത്. പാലക്കാട് സ്‌നേഹിത ജന്‍ഡര്‍ സ്ഥാപനത്തില്‍ 2015 മുതല്‍ ഇതുവരെ 3603 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

825 ആളുകള്‍ക്ക് താത്ക്കാലിക അഭയവും ഉറപ്പാക്കിയിട്ടുണ്ട്. വടക്കഞ്ചേരി സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്ററില്‍ ആഗസ്റ്റ് 24 മുതല്‍ ഇതുവരെ 15 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അട്ടപ്പാടി സ്പെഷ്യല്‍ സ്നേഹിത സെന്ററില്‍ 2022 നവംബര്‍ ഒന്ന് മുതല്‍ ഇതുവരെ 135 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് 107 ആളുകള്‍ക്ക് താത്ക്കാലിക അഭയം ഉറപ്പാക്കി.

ദാമ്പത്യ-കുടുംബ പ്രശ്‌നങ്ങള്‍, ഗാര്‍ഹിക പീഡനം, സ്ത്രീധന പ്രശ്‌നങ്ങള്‍, കുട്ടികളുടെയും കൗമാരക്കാരുടെയും മുതിര്‍ന്നവരുടെയും പ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി കേസുകളാണ് സ്‌നേഹിതയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവിധ തരത്തിലുള്ള അതിക്രമങ്ങള്‍ക്ക് വിധേയരാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള താത്ക്കാലിക അഭയം, കൗണ്‍സിലിങ്, നിയമ സഹായം എന്നിവ സ്നേഹിതയില്‍ ലഭ്യമാണ്.

സൗജന്യ നിയമസഹായം എല്ലാ ബുധനാഴ്ചകളിലും ലഭിക്കും

1800 425 2018 എന്ന ടോള്‍ ഫ്രീ നമ്പറിലോ 0491 2505111, 9605483474 എന്ന നമ്പറുകളിലോ ബന്ധപ്പെടാം

എല്ലാ ബുധനാഴ്ചകളിലും ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ അഭിഭാഷകന്റെ സൗജന്യ നിയമസഹായവും ലഭ്യമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് പങ്കാളിത്ത സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ച് ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സ്നേഹിതയിലൂടെ നല്‍കി വരുന്നു. ജില്ലാ വ്യവസായ കേന്ദ്രത്തിനു മുന്‍വശം ഫയര്‍ സ്റ്റേഷന് സമീപത്ത് പാലക്കാട് കുടുംബശ്രീ സ്നേഹിത ജന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക്കും വടക്കഞ്ചേരിയില്‍ ശിശു സൗഹൃദ പോലീസ് സ്റ്റേഷനില്‍ സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്ററും അട്ടപ്പാടി കില ക്യാമ്പസില്‍ സ്പെഷ്യല്‍ സ്നേഹിതയും പ്രവര്‍ത്തിക്കുന്നു. എല്ലാ ശനിയാഴ്ചകളിലും രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ രണ്ട് സ്നേഹിത കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമാകും. സ്നേഹിതയെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 1800 425 2018 എന്ന ടോള്‍ ഫ്രീ നമ്പറിലോ 0491 2505111, 9605483474 എന്ന നമ്പറുകളിലോ ബന്ധപ്പെടാം.

സ്‌നേഹിത സേവനങ്ങള്‍ പഞ്ചായത്ത് തലത്തിലും

ജില്ലയില്‍ 2015 ഏപ്രിലിലാണ് സ്നേഹിത പ്രവര്‍ത്തനം ആരംഭിച്ചത്. സ്‌നേഹിതയുടെ സേവനങ്ങള്‍ പഞ്ചായത്ത് തലത്തില്‍ എത്തിക്കുന്നതിനായി കുടുംബശ്രീ ജന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍, പെണ്ണിടം, സ്ത്രീപക്ഷ നവകേരളം, ജെന്‍ഡര്‍ ക്ലബ്, ഈസി എക്‌സാം, നമ്മ ഊര്, ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ്, എഫ്.എന്‍.എച്ച്.ഡബ്ല്യു, സമം, ലഹരി വിമുക്ത ക്യാമ്പയിന്‍ തുടങ്ങിയ പ്രത്യേക പരിപാടികള്‍ നടത്തുന്നുണ്ട്.