കുഷ്ഠരോഗ നിർമാർജനത്തിന്റെ ഭാഗമായ ബാലമിത്ര പദ്ധതിയുമായി ബന്ധപ്പെട്ട് കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ ഏഴ് സ്കൂളുകളിൽ പരിശീലന പരിപാടി പൂർത്തിയായി. അങ്കണവാടി വർക്കർമാർക്കും സ്കൂൾ അധ്യാപകർക്കും പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിശീലന ക്യാമ്പിന്റെ തുടർച്ചയായാണ് ആരോഗ്യവകുപ്പ് സ്കൂളുകളിലെത്തി പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്കൂളുകളിലെ എല്ലാ അധ്യാപകർക്കും രക്ഷിതാക്കൾക്കും പരിശീലനവും ബോധവത്ക്കരണവും നൽകുന്നുണ്ട്. പഞ്ചായത്തിന്റെ പരിധിയിലുള്ള 10 സ്കൂളുകളിൽ മൂന്നു സ്കൂളുകളിൽ വരും ദിവസങ്ങളിൽ പരിശീലനം നടക്കും. ഖാദർ ഹാജി മെമ്മോറിയൽ ബഡ്സ് സ്കൂളിലും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനം പൂർത്തിയാക്കി.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ നയിക്കുന്ന പരിശീലന പരിപാടികൾക്ക് ശേഷം സ്കൂളുകളിൽ പരിശോധന ക്യാമ്പുകൾ സംഘടിപ്പിക്കും. രോഗലക്ഷണങ്ങളുള്ള കുട്ടികളുടെ വീടുകളില്‍ ആരോഗ്യപ്രവര്‍ത്തകരെത്തി പരിശോധിച്ച് തുടര്‍ന്നുള്ള ചികിത്സയും ഉറപ്പുവരുത്തും. കുടുംബാംഗങ്ങളെയും പരിശോധനയ്ക്ക് വിധേയമാക്കും.
കുട്ടികളിലെ കുഷ്ഠ രോഗം തുടക്കത്തില്‍ കണ്ടെത്തി അംഗവൈകല്യവും രോഗ വൈകല്യവും ഒഴിവാക്കുകയാണ് ബാലമിത്ര പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 18 വയസ്സ് വരെയുള്ള കുട്ടികളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ശിശു വികസനം, വിദ്യാഭ്യാസം, സാമൂഹ്യനീതി, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.