കോവിഡിന് ശേഷം കേരളത്തിലെ ആഭ്യന്തര വിനോദസഞ്ചാരമേഖലയിൽ വൻവർദ്ധനയെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മറൈൻഡ്രൈവിൽ ആരംഭിച്ച ചാമ്പ്യൻസ് ബോട്ട് ലീഗ് മൂന്നാം പതിപ്പിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ആഭ്യന്തര വിനോദസഞ്ചാര മേഖലയിൽ 2022 ലും 2023 ആദ്യ പാദത്തിലും റെക്കോർഡ് നേട്ടമാണ് ഉണ്ടായത്. 2022 ജനുവരി മുതൽ ജൂൺ വരെ 88,95,593 വിനോദ സഞ്ചാരികളും 2023 ൽ ഇതേ കാലയളവിൽ 10,683,643 വിനോദ സഞ്ചാരികളും കേരളത്തിൽ എത്തി. 20 ശതമാനം വർദ്ധനയാണ് ആഭ്യന്തര വിനോദസഞ്ചാര മേഖലയിൽ ഉണ്ടായത്.
ടൂറിസം വകുപ്പിന്റെ കണക്ക് പ്രകാരം ആഭ്യന്തര വിനോദസഞ്ചാരികൾ ഏറ്റവും കൂടുതലായി എത്തിയിട്ടുള്ളത് എറണാകുളം ജില്ലയിലാണ്. 22,16,250 സഞ്ചാരികൾ എത്തിയിട്ടുണ്ട്. 2022 ന് ആദ്യപകുതിയിൽ 1,05,960 ഉം 2023 ഈ കാലയളവിൽ 2,87,730 സഞ്ചാരികളും എത്തി.
കേരളത്തിൻ്റെ ഇഷ്ടവിനോദമായ വള്ളംകളിയുടെ ആവേശം ലോകത്ത് ആകമാനം പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് ചാമ്പ്യൻസ് ബോട്ട് ലീഗിന് രൂപം നൽകിയിരിക്കുന്നത്. വലിയ രീതിയിൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ സിബിഎൽ വഴി സാധിക്കും. വളരെ വിപുലമായി സംഘടിപ്പിക്കുന്ന സിബിഎൽ മൂന്നാം പതിപ്പ് ഉത്തര മലബാറിലേക്ക് കൂടി വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി ധർമ്മടം മണ്ഡലത്തിൽ ചെറുവള്ളങ്ങളുടെ മത്സരം സംഘടിപ്പിച്ചു. വരും വർഷങ്ങളിൽ കൂടുതൽ ഭാഗങ്ങളിലേക്ക് സിബി എൽ മത്സരങ്ങൾ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൻ്റെ ടൂറിസം മേഖല കുതിപ്പിന്റെ ഘട്ടത്തിൽ: മന്ത്രി പി രാജീവ്
കേരളത്തിൻ്റെ ടൂറിസം മേഖല കുതിപ്പിന്റെ ഘട്ടത്തിലാണെന്ന് അധ്യക്ഷത വഹിച്ച വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ഈ കുതിപ്പിന് ഊർജം നൽകുന്നതാണ് ചാമ്പ്യൻസ് ബോട്ട് ലീഗ്. കേരളമാകെ ടൂറിസം കേന്ദ്രമായി മാറിയിട്ടുണ്ട്. ഭൂപ്രദേശം ചെറുതാണെങ്കിലും പുറത്തിറങ്ങിയ കണക്കുപ്രകാരം ഏറ്റവും കൂടുതൽ പഞ്ച നക്ഷത്ര ഹോട്ടലുകൾ കേരളത്തിലാണ്. ഹോം സ്റ്റേയുടെ കാര്യത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന് മികച്ച സ്ഥാനമാണെന്നും മന്ത്രി പറഞ്ഞു.
ഭാവന പൂർണ്ണമായ പരിപാടികളാണ് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്നത്. മറൈൻഡ്രൈവിൽ ഇതുപോലൊരു സാധ്യത കൂടി ഉണ്ട് എന്ന് മനസ്സിലാക്കിയാണ് ബോട്ട് ലീഗ് സംഘടിപ്പിക്കുന്നത്. ജില്ലാ ഭരണകൂടം, ടൂറിസം വകുപ്പ്, കൊച്ചി കോർപ്പറേഷൻ എന്നിവരുടെ സഹകരണത്തോടെയാണ് ഇതുപോലൊരു പരിപാടി മറൈൻ ഡ്രൈവിൽ സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സിബിഎൽ മത്സര വിജയികൾക്കുള്ള ട്രോഫി അനാവരണം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു. മാസ് ഡ്രിൽ ഫ്ലാഗ് ഓഫ് മേയർ അഡ്വ. എം അനിൽകുമാർ നിർവഹിച്ചു. ഹൈബി ഈഡൻ എംപി, എംഎൽഎമാരായ ടി ജെ വിനോദ്, പി വി ശ്രീനിജിൻ, ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, കൊച്ചി കോർപ്പറേഷൻ കൗൺസിലർമാരായ പി.ആർ റെനീഷ്, പത്മജ എസ് മേനോൻ, മനു ജേക്കബ്, മിനി ദിലീപ്, ടുറിസം വകുപ്പ് അഡീഷണൽ ഡയറക്ടർ എസ്. പ്രേം കൃഷ്ണൻ, സബ് കളക്ടർ പി.വിഷ്ണു രാജ്, മുൻ എം എൽ എ സി.കെ സദാശിവൻ തുടങ്ങിയവർ പങ്കെടുത്തു.
സിബിഎല്ലിൻ്റെ ഭാഗമായി ഫ്ലാഷ് മോബ്, വഞ്ചിപ്പാട്ട്, ഇന്ത്യൻ നേവിയുടെ ബാൻഡ്, ചെറുവള്ളങ്ങളുടെ മത്സരങ്ങൾ, കോതമംഗലം മാർ ബസേലിയസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിലെ കോളേജ് വിദ്യാർഥികളുടെ ഗാനമേള തുടങ്ങിയവ സംഘടിപ്പിച്ചു.