13 അംഗ സംഘം തൃശൂർ ജില്ലാ പഞ്ചായത്ത് സന്ദര്‍ശിച്ചു

താഴേത്തട്ടിലെ ജനങ്ങളെ കൂടി നാടിന്റെ വികസന പദ്ധതികളുടെ ആസൂത്രണത്തിലും നടത്തിപ്പിലും പങ്കാളികളാക്കുന്ന കേരളത്തിലെ ജനകീയാസൂത്രണ സംവിധാനവും അധികാര വികേന്ദ്രീകരണവും ലോകത്തിന് തന്നെ മാതൃകയാണെന്ന് കര്‍ണാടകയില്‍ നിന്നെത്തിയ ഉന്നതതല പ്രതിനിധി സംഘം അഭിപ്രായപ്പെട്ടു. കേരളത്തിലെ തദ്ദേശ സ്ഥാപനതലങ്ങളിലെ പദ്ധതി നിര്‍വഹണത്തെയും വികേന്ദ്രീകൃത ആസൂത്രണത്തെയും കുറിച്ച് അടുത്തറിയുന്നതിനായി എത്തിയ പ്രതിനിധി സംഘം തൃശൂര്‍ ജില്ലാ പഞ്ചായത്ത് കാര്യാലയം സന്ദര്‍ശിച്ച് സംസാരിക്കവെയാണ് കേരളത്തിന്റെ ജനകീയാസൂത്രണ നയങ്ങളെ വാനോളം പുകഴ്ത്തിയത്.

കര്‍ണാടക വികേന്ദ്രീകൃത ആസൂത്രണ വികസന കമ്മിറ്റി വൈസ് ചെയര്‍മാന്‍ പ്രമോദ് ഹെഗ്ഡെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലാ പഞ്ചായത്ത് സന്ദര്‍ശിച്ചത്. കേരളത്തിലെ അധികാര വികേന്ദ്രീകരണ രീതികളെയും കുറിച്ച് മനസ്സിലാക്കുകയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നേരില്‍കണ്ട് പഠിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് തങ്ങളുടെ സന്ദര്‍ശനമെന്ന് പ്രമോദ് ഹെഗ്‌ഡെ പറഞ്ഞു.

തിരുവനന്തപുരം ജില്ലയിലെ വിവിധ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളും തിരുവനന്തപുരം കോര്‍പ്പറേഷനും സന്ദര്‍ശനം നടത്തിയ ശേഷമാണ് സംഘം തൃശൂരില്‍ എത്തിയത്. തൃശൂരിൽ എത്തിയ സംഘം കിലയും, മുണ്ടത്തിക്കോട് പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയുടെ മൈക്രോ എന്റര്‍പ്രൈസ് യൂണിറ്റും സന്ദര്‍ശിച്ചു.

ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിവരുന്ന പ്രധാന പദ്ധതികളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെ കുറിച്ചും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ വിശദീകരിച്ചു. വിവിധ മേഖലകളില്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികളുടെ രൂപരേഖ സീനിയര്‍ സൂപ്രണ്ട് കെ പി മോഹന്‍ദാസ് അവതരിപ്പിച്ചു. വികേനന്ദ്രീകൃത ആസൂത്രണ രീതിയും നടപടിക്രമങ്ങളും എന്ന വിഷയത്തില്‍ അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പ്രവീണ്‍ പി പള്ളത്ത് വിഷയാവതരണം നടത്തി. ഗ്രാമസഭ തലം മുതല്‍ ജില്ലാ ആസൂത്രണ സമിതി അനുമതി നല്‍കുന്നതുവരെയുള്ള പദ്ധതി ആസൂത്രണത്തിന്റെ വിവിധ ഘട്ടങ്ങള്‍ യോഗത്തില്‍ പരിചയപ്പെടുത്തി.

കാന്‍സറിനെ മുന്‍കൂട്ടി കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്ന ജില്ലാ പഞ്ചായത്തിന്റെ മാതൃകാപദ്ധതിയായ കാന്‍ തൃശൂരിനെ കുറിച്ച് ഡിഎംഒ ഡോ. ടി പി ശ്രീദേവി വിശദീകരിച്ചു. ഡെപ്യൂട്ടി ഡിഎംഒ ഡോ. എന്‍ എ ഷീജ ഹെല്‍ത്ത് ലൈന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു. അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ കെ പി അഖില്‍ ജില്ലാ പഞ്ചായത്തിനു കീഴിലെ ഫാമുകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിച്ചു. മുന്‍ ഡിഡിഇ ടി വി മദന മോഹനന്‍ വിദ്യാഭ്യാസ രംഗത്ത് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന സമ്മേതം ഉള്‍പ്പെടെയുള്ള പദ്ധതികളെ കുറിച്ചും സംസാരിച്ചു.

പ്രമോദ് ഹെഗ്‌ഡെയ്ക്കു പുറമെ, കര്‍ണാടക വികേന്ദ്രീകൃത ആസൂത്രണ വികസന കമ്മിറ്റി അംഗങ്ങളായ സി നാരായണസ്വാമി, ഡി ആര്‍ പിള്ള, വി വൈ ഗോര്‍പ്പഡെ, കെ എസ് സതീഷ് കടഷെട്ടിഹള്ളി, എം എം രാണുകാന്തസ്വാമി, എം കെ കെംപെഗൗഡ, എസ് നഞ്ചുന്തറാവു, എച്ച് വേണുഗോപാല്‍, ആര്‍ കെ ഷബീന്ദ്ര, ശിവ്കുമാര്‍, സ്വാമി നിര്‍ഭയനന്ദ, പുനീത് മഹാരാജ് എന്നിവരാണ് കര്‍ണാടക സംഘത്തിലുണ്ടായിരുന്നത്.

പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി എം അഹമ്മദ്, റഹീം വീട്ടിപറമ്പില്‍, മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം എ വി വല്ലഭന്‍, മുന്‍ വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍, കില ഫാക്കല്‍റ്റി ടിവി രാമകൃഷ്ണന്‍, കില ഡെപ്യൂട്ടി ഡയറക്ടര്‍ കെ കെ ബാബു തുടങ്ങിയവര്‍ സംസാരിച്ചു.