ഭൂജല ഗുണനിലവാര പരിശോധനയുടെ സംസ്ഥാനതല ഉദ്‌ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മരിയാപുരത്ത് നിര്‍വഹിച്ചു. ഇതോടൊപ്പം ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി 200 ഓളം കുടുംബങ്ങള്‍ക്കും വിമലഗിരി കുടുംബാരോഗ്യ ഉപകേന്ദ്രത്തിലും ശുദ്ധജലമെത്തിക്കുന്ന 12 കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
ഡാമുകളില്‍ നിന്ന് വെള്ളമെടുത്ത് എല്ലാ വീടുകളിലും ശുദ്ധജലമെത്തിക്കാന്‍ തീവ്രമായ ശ്രമമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 25 കോടി രൂപ ചെലവിലാണ് ജില്ലയില്‍ പ്ലാന്റ് നിര്‍മ്മിക്കുന്നത് .നിലവില്‍ സംസ്ഥാനത്ത് 52 ശതമാനം വീടുകളില്‍ കുടിവെള്ളമെത്തിക്കാന്‍ കഴിയുന്നുണ്ട്. മരിയാപുരം ഗ്രാമപഞ്ചായത്തില്‍ 757 വീടുകളില്‍ ഇതിനകം കുടിവെള്ളമെത്തിക്കാന്‍ കഴിഞ്ഞു. ശേഷിച്ച 2352 വീടുകളില്‍ കൂടി ശുദ്ധജലമെത്തിക്കുന്നതി ന് ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി വരികയാണ് .
ജല ഗുണനിലവാരം പരിശോധിച്ച് വീടുകളില്‍ ശുദ്ധജലമെത്തിക്കാനാണ് വകുപ്പ് ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിയമ ഭേദഗതി ബില്‍ പാസാക്കി. എല്ലാ പൊതുപ്രവര്‍ത്തകരുടെയും എക്കാലത്തെയും ആവശ്യമായിരുന്നു ഭൂപതിവ് ഭേദഗതി. ഇത് ജില്ലയുടെ ചരിത്രനേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മരിയാപുരം ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ സംഘടിപ്പിച്ച യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോയ് അധ്യക്ഷത വഹിച്ചു. ഭൂജല പരിശോധന പദ്ധതി ഉദ്ഘാടനത്തിന്റെ ഭാഗമായി മരിയാപുരം സെന്റ് മേരീസ് യു.പി സ്‌കൂളിലെ കിണര്‍ വെള്ളം ലാബില്‍ പരിശോധിച്ചു. പദ്ധതിയുടെ ഭാഗമായി സഞ്ചരിക്കുന്ന ജലപരിശോധന ലാബ് പ്രയോജനപ്പെടുത്തി ജലത്തിലെ 16 ഘടകങ്ങള്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കാം.
ഭൂജല വകുപ്പ് ഇടുക്കി ജില്ലാ ഓഫീസ് പുറത്തിറക്കിയ വെല്‍ ഡാറ്റ ബുക്ക്‌ലെറ്റിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. മരിയാപുരം ഗ്രാമപഞ്ചായത്തില്‍ കുടിവെള്ള പദ്ധതികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ കരാറുകാരെയും മേല്‍നോട്ടം വഹിച്ച ഭൂജല വകുപ്പ് ഉദ്യോഗസ്ഥരെയും ചടങ്ങില്‍ ആദരിച്ചു.