പത്തനംതിട്ട പരുമലപള്ളി പെരുനാളിനു മുന്‍പായി തീര്‍ഥാടകര്‍ നടന്നു വരുന്ന റോഡുകളിലെ കുഴികള്‍ അടിയന്തിരമായി അടയ്ക്കുന്നതിന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് നിര്‍ദേശം നല്‍കി. പരുമലപള്ളി പെരുനാളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ നിശ്ചയിക്കുന്നതിന് പരുമല സെമിനാരി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തിരുവല്ല-മാവേലിക്കര റോഡ് പാച്ച് വര്‍ക്ക് ചെയ്യുന്നതിന് കെഎസ്ടിപിക്കും ഇടിഞ്ഞില്ലം-കാവുംഭാഗം, മുത്തൂര്‍-കാവുംഭാഗം റോഡുകളിലെ കുഴികള്‍ അടയ്ക്കുന്നതിന് പൊതുമരാമത്ത് നിരത്തു വിഭാഗത്തിനും നിര്‍ദേശം നല്‍കി.
പെരുനാളുമായി ബന്ധപ്പെട്ട് പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന്് മന്ത്രി അഭ്യര്‍ഥിച്ചു. തീര്‍ഥാടകര്‍ക്ക് വിവിധ സ്ഥലങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിന് സ്റ്റീല്‍ ഗ്ലാസുകള്‍ ഉപയോഗിക്കണം. പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കുറച്ചു കൊണ്ടുവരുന്നതിന് എല്ലാവരും കൂട്ടായി പരിശ്രമിക്കണം. പ്രളയത്തിനിരയായ 3500 പേര്‍ക്ക് താമസിക്കുന്നതിന് പരുമല പള്ളി സൗകര്യം ഒരുക്കി നല്‍കിയത് നന്ദിപൂര്‍വം സ്മരിക്കുന്നതായി മന്ത്രി പറഞ്ഞു. നാട്ടില്‍ വിഷമാവസ്ഥയുണ്ടായപ്പോള്‍ പരുമല പള്ളി അധികൃതര്‍ സഹായം നല്‍കി. പരുമല തീര്‍ഥാടക സംഗമം ഭംഗിയായി നടത്തുന്നതിന് സര്‍്ക്കാരിന്റെ പൂര്‍ണ പിന്തുണയും സഹായവും മന്ത്രി ഉറപ്പു നല്‍കി. ഗതാഗത തടസങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി അനധികൃത കൈയേറ്റങ്ങള്‍ പോലീസ് ഒഴിപ്പിക്കണം. കാല്‍നടയായി വരുന്ന തീര്‍ഥാടകര്‍ക്ക് മടങ്ങിപ്പോകുന്നതിന് മതിയായ സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
മാന്നാര്‍-വീയപുരം റോഡ്, മാന്നാര്‍-ചെങ്ങന്നൂര്‍ റോഡുകളുടെ അറ്റകുറ്റപ്പണി നടത്തുമെന്ന് ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍ പറഞ്ഞു. ഗതാഗതം സുഗമമായി നടക്കുന്നത് ഉറപ്പാക്കുന്നതിന് കൂടുതല്‍ പോലീസുകാരെ പെരുനാള്‍ ദിനങ്ങളില്‍ ലഭ്യമാക്കും. പരുമല പള്ളിക്കു സമീപമുള്ള റോഡുകളിലെ പാര്‍ക്കിംഗ് പൂര്‍ണമായി ഒഴിവാക്കണം. പകരം പാര്‍ക്കിംഗ് സ്ഥലങ്ങള്‍ പോലീസ് കണ്ടെത്തുകയും അവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് നിര്‍ദേശം നല്‍കുകയും ചെയ്യണം. പോലീസിനൊപ്പം മോട്ടോര്‍വാഹന വകുപ്പും ട്രാഫിക് പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിന് നിരീക്ഷണം നടത്തുകയും നടപടിയെടുക്കുകയും വേണം. ഇ-ടോയ്‌ലറ്റ് ലഭ്യമാക്കുന്നതിന് തിരുവനന്തപുരം, എറണാകുളം ജില്ലാ കളക്ടര്‍മാരുമായി ബന്ധപ്പെടും. തീര്‍ഥാടകര്‍ക്ക് ശുദ്ധമായ കുടിവെള്ളമാണ് വിതരണം ചെയ്യുന്നതെന്ന് ഉറപ്പാക്കണമെന്നും എംഎല്‍എ പറഞ്ഞു.
ഹോട്ടലുകളിലെ ഭക്ഷണ സാധനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിന് ഭക്ഷ്യസുരക്ഷാ വിഭാഗം കര്‍ശന പരിശോധന നടത്തണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ പി.ബി. നൂഹ് നിര്‍ദേശിച്ചു. തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണി അടിയന്തിരമായി പൂര്‍ത്തിയാക്കി വെളിച്ചം ഉറപ്പാക്കുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ നടപടിയെടുക്കണം. റവന്യു വകുപ്പില്‍ നിന്നും എക്‌സിക്യുട്ടീവ് മജിസ്‌ട്രേട്ടിനെ പെരുനാള്‍ ദിനങ്ങളിലേക്ക് നിയമിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
 പെരുനാള്‍ ഭംഗിയായി നടത്തുന്നതിനാവശ്യമായ സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കുന്നതിന് തിരുവല്ല, ചെങ്ങന്നൂര്‍ ആര്‍ഡിഒമാരെ കോ-ഓര്‍ഡിനേറ്റര്‍മാരായി നിയോഗിക്കുന്നതിനും യോഗം തീരുമാനിച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പള്ളിയുടെ പരിസരത്ത് ക്ലോറിനേഷന്‍ നടത്തും. നവംബര്‍ ഒന്നിനും രണ്ടിനും ആംബുലന്‍സ് സൗകര്യത്തോടെ മെഡിക്കല്‍ ടീമിനെ നിയോഗിക്കും. കടപ്ര പ്രാഥമികാരോഗ്യ കേന്ദ്രം, പാണ്ടനാട് സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ ചികിത്സാ സൗകര്യങ്ങളും മരുന്നും ലഭ്യമാക്കും. കോട്ടയം, അടൂര്‍, കൊട്ടാരക്കര, ചങ്ങനാശേരി, ആലപ്പുഴ, മല്ലപ്പള്ളി, മാവേലിക്കര, തിരുവല്ല, ചെങ്ങന്നൂര്‍, പത്തനംതിട്ട ഡിപ്പോകളില്‍ നിന്നും പരുമലയിലേക്കും വിവിധ സ്ഥലങ്ങളിലേക്കും കെഎസ്ആര്‍ടിസി പെരുനാള്‍ ദിനങ്ങളില്‍ കൂടുതല്‍ സര്‍വീസ് നടത്തും. ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് ആവശ്യമായ നടപടി പോലീസ് കൈക്കൊള്ളും. രാത്രിയില്‍ യാത്ര ചെയ്യുന്ന തീര്‍ഥാടകര്‍ക്ക് ആവശ്യമായ സുരക്ഷയൊരുക്കും. ആവശ്യമെങ്കില്‍ കൂടുതല്‍ സ്വകാര്യ ബസുകള്‍ക്ക് താല്‍ക്കാലിക പെര്‍മിറ്റ് അനുവദിക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുക്കും.
പെരുനാള്‍ ദിനങ്ങളില്‍ യാചക നിരോധനം ഏര്‍പ്പെടുത്തുന്നതിന് മാന്നാര്‍, കടപ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. തങ്ങളുടെ അധീനതയിലുള്ള റോഡുകളിലെ കാടുകള്‍ ഗ്രാമപഞ്ചായത്തുകള്‍ നീക്കം ചെയ്യും. ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ നടപടിയെടുക്കും. ഫയര്‍ എന്‍ജിന്‍ ഉള്‍പ്പെടെ ആധുനീക സജ്ജീകരണങ്ങളോടു കൂടിയ യൂണിറ്റിനെ ഫയര്‍ഫോഴ്‌സ് വിന്യസിക്കും. ആയുര്‍വേദ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ ടീം മൂന്നു ദിവസങ്ങളില്‍ ക്യാമ്പ് നടത്തും. പദയാത്ര കടന്നുവരുന്ന സ്ഥലങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിന് വാട്ടര്‍ അതോറിറ്റി നടപടിയെടുക്കും. പരുമല പള്ളിക്കു വെളിയില്‍ വാട്ടര്‍ അതോറിറ്റി താല്‍ക്കാലിക ടാപ്പുകള്‍ സ്ഥാപിക്കും. പെരുനാള്‍ ദിനങ്ങളില്‍ വൈദ്യുതി മുടങ്ങാതിരിക്കുന്നതിന് ആവശ്യമായ നടപടി കെഎസ്ഇബി സ്വീകരിക്കും. വ്യാജമദ്യ വില്‍പ്പനയും നിരോധിത ലഹരിവസ്തുക്കളുടെ വില്‍പ്പനയും തടയുന്നതിന് എക്‌സൈസ് വകുപ്പ് നടപടിയെടുക്കും. വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ വിലയിരുത്തുന്നതിന് 23ന് ഉച്ചകഴിഞ്ഞ് മൂന്നിന് തിരുവല്ല ആര്‍ഡിഒ ഓഫീസില്‍ യോഗം ചേരും.
യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് തിരുമേനി, ആലപ്പുഴ എഡിഎം ഐ.അബ്ദുള്‍സലാം, തിരുവല്ല ആര്‍ഡിഒ റ്റി.കെ. വിനീത്, ചെങ്ങന്നൂര്‍ ആര്‍ഡിഒ അതുല്‍ സ്വാമിനാഥന്‍, നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു വര്‍ഗീസ്, മാന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശേരില്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. വിവേക്,  ഓര്‍ത്തഡോക്‌സ് സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ ഫാ. എം.സി. കുര്യാക്കോസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.