പട്ടാമ്പി നഗരസഭ ഇന്ത്യന്‍ സ്വച്ഛത ലീഗിന്റെ(ഐ.എസ്.എല്‍ 2.0) മുന്നോടിയായി ബഹുജനറാലി, മനുഷ്യച്ചങ്ങല, ശുചിത്വപ്രതിജ്ഞ, ഫ്ളാഷ് മോബ് എന്നിവ നടന്നു.  പട്ടാമ്പി ശ്രീനീലകണ്ഠ ഗവ സംസ്‌കൃത കോളെജ് പരിസരത്ത് പട്ടാമ്പി നഗരസഭ ചെയര്‍പേഴ്സണ്‍ ഒ. ലക്ഷ്മിക്കുട്ടി ശുചിത്വ പ്രതിജ്ഞ ചൊല്ലി ഇന്ത്യന്‍ സ്വച്ഛത ലീഗിന് തുടക്കമിട്ടു.

പരിപാടിയില്‍ വിവിധ സംഘടനകളുടെ പ്രതിനിധികള്‍, സ്‌കൂള്‍-കോളെജ് വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ നേതൃത്വത്തില്‍ മനുഷ്യച്ചങ്ങലയായി അണിനിരന്നു. പട്ടാമ്പി ശ്രീനീലകണ്ഠ ഗവ സംസ്‌കൃത കോളെജ് പരിസരത്ത് നിന്നും മേലെ പട്ടാമ്പി വരെയുള്ള ബഹുജന റാലി നഗരസഭ വൈസ് ചെയര്‍മാന്‍ ടിപി ഷാജിയുടെ അധ്യക്ഷതയില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഒ. ലക്ഷ്മിക്കുട്ടി ഫ്ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് ലെജന്‍ഡ് കോളജിലെ വിദ്യര്‍ഥികള്‍ ശുചിത്വ സന്ദേശ ഫ്ളാഷ് മോബ് നടത്തി.

പരിപാടിയില്‍ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ രാജന്‍, കെ.ടി റുക്കിയ, ആനന്ദവല്ലി, സെയ്തലവി, ശ്രീനിവാസന്‍, ഹമീദ്, ഷബ്ന, ദീപ, നഗരസഭാ സെക്രട്ടറി ബെസി സെബാസ്റ്റിയന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.