മിഷൻ ഇന്ദ്രധനുഷ് 5.0 രണ്ടാംഘട്ടം സമ്പൂർണ്ണ വാക്സിനേഷൻ യജ്ഞനത്തിൽ ജില്ലയിലെ 24,485 കുട്ടികളും 1610 ഗർഭിണികളും വാക്‌സിൻ എടുത്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ രേണുക അറിയിച്ചു. ആഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് സമ്പൂർണ്ണ വാക്സിനേഷൻ യജ്ഞം നടക്കുന്നത്. യു-വിൻ പോർട്ടൽ വഴിയാണ് വാക്സിനേഷൻ നടക്കുന്നത്.

കുത്തിവെപ്പ് സ്വീകരിച്ച എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റ് സ്വന്തമായി പോർട്ടൽ വഴി ഡൗൺലോഡ് ചെയ്യാം. പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തതും ഭാഗികമായി എടുത്തതുമായ അഞ്ചു വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്കും, ഗർഭിണികൾക്കും വാക്സിൻ നൽകുന്ന മിഷൻ ഇന്ദ്രധനുഷ് 5.0 സമ്പൂർണ്ണ വാക്സിനേഷൻ യജ്ഞത്തിന്റെ രണ്ടാം ഘട്ടം സെപ്റ്റംബർ 11 മുതൽ 16 വരെയാണ് ജില്ലയിൽ നടന്നത്. ക്ഷയരോഗം, ഡിഫ്തീരിയ, വില്ലൻ ചുമ, അഞ്ചാം പനി, ടെറ്റനസ്, ജപ്പാൻ ജ്വരം, റുബല്ല, ന്യൂമോണിയ, റോട്ട വൈറസ് തുടങ്ങിയ 12 മാരക രോഗങ്ങളിൽ നിന്നും കുട്ടികളെയും ഗർഭിണികളെയും സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന മിഷൻ ഇന്ദ്രധനുഷ് പരിപാടിയുടെ മൂന്നാം ഘട്ടം ഒക്ടോബർ ഒമ്പത് മുതൽ 14 വരെ നടക്കും. എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും പ്രത്യേക വാക്സിനേഷൻ ക്യാമ്പുകളിലും വാക്സിനുകൾ ലഭ്യമാണ്. രക്ഷിതാക്കൾ എല്ലാവരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി മൂന്നാം ഘട്ടത്തിലും തങ്ങളുടെ കുട്ടികൾക്ക് മുടങ്ങിപ്പോയ എല്ലാ വാക്സിനുകളും നൽകി ആരോഗ്യം സംരക്ഷിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു.