പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ട കുടുംബങ്ങളുടെ സാമൂഹിക, സാമ്പത്തിക പശ്ചാത്തല സ്ഥിതിവിവരങ്ങൾ ശേഖരിക്കുന്നതിനായി പട്ടികജാതിവികസന വകുപ്പ് നടത്തുന്ന ഡിജിറ്റല്‍ സര്‍വേക്ക് മുന്നോടിയായി ജില്ലയിലെ എസ്.സി പ്രൊമോട്ടര്‍മാര്‍ക്ക് പരിശീലനം നല്‍കി.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ കളക്ടർ എൻ.എസ്. കെ ഉമേഷ് ഉദ്ഘാടനം ചെയ്തു. സർവേയിലൂടെ പട്ടികജാതി വിഭാഗങ്ങളുടെ നിലവിലെ സാമ്പത്തികം, വിദ്യാഭ്യാസം, തൊഴിൽ, ജീവിത നിലവാരം, തുടങ്ങിയ വിവിധ മേഖലയിലെ കൃത്യമായി വിവരങ്ങൾ കണ്ടെത്തി ക്രിയാത്മകമായി പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ള പദ്ധതികൾ ഇവരുടെ ജീവിതത്തിൽ മാറ്റം വരുത്തിയിട്ടുണ്ടോ എന്ന് പഠിക്കാനും പുതിയ പദ്ധതികൾ ആസൂത്രണം ചെയ്തു ഇവരെ എങ്ങനെ മുന്നോട്ടു നയിക്കാം എന്ന് മനസ്സിലാക്കാനും സർവേയിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വീടുകളിൽ എത്തി മൊബൈൽ ആപ്പ് വഴിയാണ് സർവേ നടത്തുക. 285 ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലി ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. വകുപ്പിലെ എസ്.സി. പ്രൊമോട്ടർമാരാണ് വിവരശേഖരണം നടത്തുന്നത്. ഒക്‌ടോബർ മൂന്നിന് തുടങ്ങി 50 ദിവസത്തിനുള്ളിൽ സർവേ നടപടികൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
പരിപാടിയിൽ കോതമംഗലം പട്ടികജാതി വികസന ഓഫീസർ എൽദോസ് ക്ലാസ് നയിച്ചു. പട്ടികജാതി വികസന വകുപ്പ് ജോയിന്റ് ഡയറക്ടർ ജോസഫ് ജോൺ, ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ. സന്ധ്യ, റിസർച്ച് അസിസ്റ്റന്റ് ജെസ്സി, എസ്.സി പ്രമോട്ടർമാർ, പട്ടിക ജാതി വികസന ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.