– ലോക മുളദിനാഘോഷം കെഎഫ്ആര്‍ഐയില്‍ തുടങ്ങി

– ശ്രദ്ദേയമായി മുള ഉത്പ്പന്നങ്ങളുടെ പ്രദര്‍ശനം


മുളയെക്കുറിച്ചുള്ള സ്‌കില്‍ കോഴ്‌സുകള്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാന്‍ വരും വര്‍ഷങ്ങളില്‍ ശ്രമിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. ലോക മുളദിനാഘോഷത്തോടനുബന്ധിച്ച് പീച്ചി കേരള വന ഗവേഷണ കേന്ദ്രത്തില്‍ ദ്വിദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. മുളസംസ്‌കാരത്തെ വരും തലമുറകളിലേക്ക് കൈമാറണം. ഇതിലൂടെ ഹരിത സംരഭകത്വം പ്രോത്സാഹിപ്പിക്കപ്പെടണം.

ഹരിത സംരംകത്വത്തിന്റെ വിപുല സാധ്യതകള്‍ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എല്ലാ ഭവനങ്ങളിലും മുളയെന്ന ആശയം നടപ്പിലാക്കാന്‍ ശ്രമിക്കണം. പ്രാദേശിക കാര്‍ഷിക സമൂഹവുമായി ബന്ധം ദൃഢപ്പെടുത്തിക്കൊണ്ട് കേരള വന ഗവേഷണ സ്ഥാപനത്തിന് നിരവധി സാധ്യതകളെ ഉപയോഗപ്പെടുത്താനാകുമെന്നും മന്ത്രി ആര്‍. ബിന്ദു പറഞ്ഞു.

ലോക മുള ദിനാഘോഷത്തോടനുബന്ധിച്ച് ‘ഹരിത സംരഭക്ത്വം മുള അധിഷ്ഠിത വ്യവസായവും നൂതന ആശയങ്ങളും’ എന്ന വിഷയത്തില്‍ ശില്‍പ്പശാല, ചര്‍ച്ചകള്‍, കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം, ഫാഷന്‍ ഷോ തുടങ്ങിയവ നടന്നു.

കേരള വന ഗവേഷണ സ്ഥാപന ഡയറക്ടര്‍ ഡോ. ശ്യാം വിശ്വനാഥ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മുള ചൂരല്‍ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ചാണ്ടി പി. അലക്‌സാണ്ടര്‍ മുഖ്യാഥിതിയായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷൈജു കുര്യന്‍, രേഷ്മ സതീഷ്, ബീന പൗലോസ്, കെ-ബിപ്പ് ജനറല്‍ മാനേജര്‍ വാന്‍ റോയ്, അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി അസോസിയേറ്റ് ഡയറക്ടര്‍ ഓഫ് റിസേര്‍ച്ച് ഡോ. ടി.കെ കുഞ്ഞാമു, കെഎഫ്ആര്‍ഐ രജിസ്ട്രാര്‍ ടി.വി സജീവ്, സര്‍ക്കാര്‍ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തന്‍ തുടങ്ങിവര്‍ പങ്കെടുത്തു. ലോക മുളദിനാഘോഷം നാളെ (സെപ്റ്റംബര്‍ 19 ന്) സമാപിക്കും.