പേവിഷബാധാനിരക്ക് ഉയരുന്ന സാഹചര്യത്തില്‍ പ്രതിരോധ കുത്തിവയ്പ്പ് ഊര്‍ജിതമാക്കുന്നതിനായി പേവിഷ നിര്‍മാര്‍ജന വാക്‌സിനേഷന്‍ ക്യാമ്പിന് ചിറക്കര ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്തു നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും വാക്സിനേഷന്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ക്യാമ്പ് സെപ്റ്റംബര്‍ 23ന് അവസാനിക്കും.

വാക്സിനേഷന്‍ ക്യാമ്പുകള്‍ മുഖേന വളര്‍ത്തുമൃഗങ്ങള്‍ക്ക് 45 രൂപ നിരക്കില്‍ രക്ഷാറാബ് കുത്തിവയ്പ്പ് എടുക്കാനും അതുവഴി ലഭ്യമാകുന്ന സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് രജിസ്ട്രേഷന്‍ നടപടി പൂര്‍ത്തീകരിക്കാനും സാധിക്കും. രജിസ്ട്രേഷനുള്ള സൗകര്യങ്ങള്‍ ചിറക്കര ഗ്രാമപഞ്ചായത്ത് മൃഗാശുപത്രിയില്‍ ലഭ്യമാണ്.

ഇന്ന്  പഞ്ചായത്ത് ലൈബ്രറി, അധികാരിമുക്ക്, കുഴിപ്പില്‍ എന്നിവിടങ്ങളിലും നാളെ ഹെബ്രോണ്‍ ചര്‍ച്ച്, ചിറക്കര മാര്‍ക്കറ്റ്, നെടുങ്ങോലം പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍,  21ന് പകല്‍വീട്, 23ന് യുവധാര വായനശാല, എന്‍ എസ് എസ് കരയോഗം, നാരായണത്ത് ക്ഷേത്രം, ചിറക്കര സബ് സെന്റര്‍, പുന്നമുക്ക് എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ നടത്തുക.

ഉദ്ഘാടനം ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ സജില നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വനിതാ ദിപു അധ്യക്ഷയായി. വെറ്റിനറി സര്‍ജന്‍ ബിനിരാജ്, ലൈഫ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരായ ശ്രീജ ആര്‍ മോഹന്‍, സതീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു