നിപ പരിശോധനക്കയച്ച 49 സാമ്പിളുകൾ കൂടി നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഗവ. ഗസ്റ്റ് ഹൗസിൽ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ചികിത്സയിലുള്ള രോഗികളുടെ ആരോഗ്യ നില തൃപ്തികരമാണ്.

അവസാനം പോസിറ്റീവായ വ്യക്തിയുടെ സമ്പർക്ക പട്ടികയിലുള്ള ആരോഗ്യ പ്രവർത്തകരെ ചെറിയ ലക്ഷണങ്ങളുമായി മെഡിക്കൽ കോളേജിലെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ സാമ്പിൾ എടുത്ത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

ആദ്യം നിപ സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിലുള്ളവരുടെയെല്ലാം പരിശോധന ഫലം നെഗറ്റീവ് ആണ്. നിപ സ്ഥിരീകരിച്ച മറ്റുള്ളവരുടെ ഹൈ റിസ്‌ക് കോൺടാക്റ്റിൽ ഉൾപ്പെട്ടവരുടെ സാമ്പിളുകളുടെ പരിശോധന പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷം അവലോകന യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.