ഇടുക്കി ഉൾപ്പെടെ സംസ്ഥാനത്തെ മലയോര മേഖലയിലെ ജനങ്ങൾക്കു വലിയ ആശ്വാസം നൽകുന്നതാണു നിയമസഭ പാസാക്കിയ 2023ലെ കേരള സർക്കാർ ഭൂമി പതിച്ചുകൊടുക്കൽ(ഭേദഗതി) ബില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നിയമ ഭേദഗതിയോടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മുന്നോട്ടുവച്ച പ്രകടനപത്രികയിലെ 309-ാമത്തെ ഉറപ്പ് യാഥാർഥ്യമാക്കപ്പെട്ടതായും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാന ചരിത്രത്തിലെ നിർണായക നിയമ ഭേദഗതിക്കാണു സെപ്തംബർ 14ന് കേരള നിയമസഭ വേദിയായതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആറു പതിറ്റാണ്ടിലേറെക്കാലമായുള്ള മലയോര മേഖലയിലെ ജനങ്ങളുടെ ഭൂമി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് 1960ലെ ഭൂപതിവ് നിയമത്തിൽ ഭേദഗതി വരുത്തിയത്. ഇതോടെ 1964 ലെ ഭൂപതിവ് ചട്ടങ്ങൾക്കും മാറ്റം വരും.മലയോര മേഖലയിലെ ഭൂമി പ്രശ്നത്തെ സർക്കാർ കണ്ടത് ഭൂമിയുടെ അവകാശത്തെ സംബന്ധിച്ചതായി തന്നെയാണ്. സ്വന്തം ഭൂമിയിൽ അവകാശമില്ലാതെ കഴിയേണ്ടിവരുന്ന ആയിരക്കണക്കിന് കുടുംബങ്ങളാണ് മലയോരങ്ങളിലുള്ളത്. ഇത് ഇടുക്കിയിലെ മാത്രമല്ല, മലയോര ജില്ലകളിലെ പൊതുപ്രശ്നമാണെന്ന് കാണണം.
പതിച്ചു നൽകിയ ഭൂമിയിൽ കൃഷിക്കും വീടിനും പുറമെ സർക്കാർ അനുമതികളോടെ കാർഷിക മേഖലയിലെ വാണിജ്യ കേന്ദ്രങ്ങളിൽ നടത്തിയ നിർമാണപ്രവർത്തനങ്ങളിൽ ഒരളവുവരെയുള്ളവ ഇളവനുവദിച്ച് സാധൂകരിക്കുക എന്നതാണു ഭൂപതിവ് നിയമഭേദഗതിയോടെ സർക്കാർ ലക്ഷ്യംവയ്ക്കുന്നത്. സംസ്ഥാന രൂപീകരണത്തിനു മുൻപ്, തിരുവിതാംകൂർ കൊച്ചി പ്രദേശത്ത് ഭൂമി പതിച്ചുകൊടുക്കുന്നത് 1950 ലെ തിരുവിതാംകൂർകൊച്ചി ഭൂമി പതിച്ചുകൊടുക്കൽ നിയമപ്രകാരമായിരുന്നുവെങ്കിൽ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറിൽ അത്തരത്തിൽ നിയതമായ വ്യവസ്ഥകളുണ്ടായിരുന്നില്ല. ഇത്തരത്തിൽ ഭൂമി പതിച്ചുകൊടുക്കുന്നതിൽ നിലനിന്ന അവ്യക്തതകൾ പരിഹരിക്കുന്നതിനുവേണ്ടിയാണ് 1960ൽ കേരള ഭൂമി പതിച്ചുകൊടുക്കൽ നിയമവും അതിനെ പിന്തുടർന്ന് 1964 ൽ കേരള ഭൂപതിവ് ചട്ടങ്ങളും നിലവിൽ വന്നത്.
ഈ നിയമവും ഭൂപതിവ് ചട്ടങ്ങളും അനുസരിച്ച് കാർഷിക ആവശ്യങ്ങൾക്കും വീട് നിർമാണത്തിനും മാത്രമാണ് പ്രധാനമായും ഭൂമി പതിച്ചുനൽകിയത്. പിന്നീടുള്ള വർഷങ്ങളിൽ പട്ടയഭൂമികളിൽ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ജീവിതോപാധിയായി നിർമിച്ച ചെറുകിട കച്ചവട സ്ഥാപനങ്ങളും മറ്റു വാണിജ്യ സ്ഥാപനങ്ങളുമെല്ലാമടങ്ങിയ നിർമാണ പ്രവർത്തനങ്ങൾ നടത്തി വന്നിരുന്നു. പതിച്ചു കിട്ടിയ ഭൂമിയിൽ നടത്തിയ ഇത്തരം നിർമാണ പ്രവർത്തനങ്ങളെ സർക്കാരുകൾ നിരോധിച്ചിരുന്നില്ല. അവയ്ക്ക് ബിൽഡിങ് പെർമിറ്റും മറ്റ് അനുമതികളും നൽകി നിയമ വിധേയമാക്കുകയും ചെയ്തിരുന്നു. പിന്നീട് പരിസ്ഥിതി സംഘടനകൾ 1964 ലെ ഭൂ പതിവ് ചട്ടങ്ങൾ ഉയർത്തിക്കാട്ടി നൽകിയ ചില പരാതികളുടെയും തുടർന്നുണ്ടായ കോടതി വ്യവഹാരങ്ങളുടെയും ഭാഗമായി ഇടുക്കിയിലെ ഭൂവിനിയോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാവുകയായിരുന്നു.
2010 ജനുവരി 21 ലെ ഹൈക്കോടതി ഉത്തരവ് പ്രകാരം മൂന്നാർ മേഖലയിലെ നിർമാണ പ്രവർത്തനങ്ങൾ പലതും നിർത്തിവെക്കേണ്ടി വന്നു. ഇവയിൽ പലതിനും നിർമ്മാണ അനുമതി ലഭിച്ചതുമായിരുന്നു. മലയോര മേഖലയിൽ ഭൂപതിവ് ചട്ടപ്രകാരം പതിച്ചു നൽകപ്പെട്ട ഭൂമി കൃഷിയും ഗൃഹ നിർമാണവുമല്ലാതെ മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് 1964 ലെ ചട്ടങ്ങളെ ഉദ്ധരിച്ചുകൊണ്ട് കോടതി വിധികളുണ്ടായത് മലയോര കർഷകർക്ക് വലിയ പ്രയാസങ്ങൾ സൃഷ്ടിച്ചു. പതിച്ചു കിട്ടിയ ഭൂമിയിലെ നിർമ്മാണ പ്രവർത്തനങ്ങളാകെ 1964 ലെ ഭൂപതിവ് ചട്ടപ്രകാരം നിയമവിരുദ്ധമാണെന്ന് കണക്കാക്കപ്പെടുന്ന നിലയുണ്ടായി. ഇടുക്കി പോലുള്ള മലയോര മേഖലയിലെ ജനജീവിതത്തെയാകെ രൂക്ഷമായി ബാധിക്കുന്ന ഈ സാഹചര്യമാണ് ഭൂപതിവ് നിയമഭേദഗതി എന്ന ആശയത്തിലേക്ക് സർക്കാരിനെ നയിച്ചത്.
ബന്ധപ്പെട്ട എല്ലാ കക്ഷികളെയും വിശ്വാസത്തിലെടുത്ത് തുറന്ന മനസ്സോടെയുള്ള ചർച്ചകൾ നടത്തിയാണ് നിയമഭേദഗതിയിലേക്ക് സർക്കാർ എത്തിയത്. രാഷ്ട്രീയ പാർട്ടി നേതാക്കൾ, മതമേലധ്യക്ഷൻമാർ, സാമുദായിക നേതാക്കൾ, പരിസ്ഥിതി പ്രവർത്തകർ, മാധ്യമപ്രതിനിധികൾ തുടങ്ങിയവരുമായി നടത്തിയ സുദീർഘമായ ചർച്ചകൾ വഴി ഇടുക്കി ജില്ലയിലെ ഭൂമിയുമായി ബന്ധപ്പെട്ട പൊതുവായ പ്രശ്നങ്ങളിൽ പരിഹാരം കാണാൻ കഴിഞ്ഞു. ഇതിന്റെ തുടർച്ചയായാണ് നിയമസഭയിൽ ഭേദഗതി ബിൽ അവതരിപ്പിക്കപ്പെട്ടത്. ഭൂപതിവ് ചട്ടത്തിലെ വ്യവസ്ഥയിൽ പറഞ്ഞതിൽ നിന്നുള്ള വ്യതിയാനം കൊണ്ടുമാത്രം നിർമാണ പ്രവർത്തനങ്ങൾ തടസപ്പെട്ടവയാണ് ക്രമീകരിക്കാൻ ലക്ഷ്യമിടുന്നത്. ഇപ്രകാരം ക്രമീകരിക്കുന്നതിന് സർക്കാറിന് അധികാരം ലഭിക്കുന്ന വ്യവസ്ഥ 1960 ലെ ഭൂപതിവ് നിയമത്തിൽ കൊണ്ടുവരികയാണ് ചെയ്തത്.
കാർഷികവൃത്തിയുൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി പതിച്ചുനൽകിയതും എന്നാൽ ഇപ്പോൾ അതിൽ ഏർപ്പെടാത്തതുമായ ഭൂമി, നിബന്ധനകൾക്ക് വിധേയമായി മറ്റേതെങ്കിലും ആവശ്യത്തിനായി പരിവർത്തനം ചെയ്ത് ഉപയോഗിക്കാവുന്ന തരത്തിലാണ് ഭൂപതിവ് നിയമഭേദഗതി വരുന്നത്. ജീവിതോപാധികൾ കരുപ്പിടിപ്പിക്കാനുതകും വിധത്തിൽ സർക്കാർ നിബന്ധനകൾക്കു വിധേയമായി ഭൂമി ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ഈ ഭേദഗതികൾ. ഇപ്രകാരം, നിലവിലുള്ള ചെറു നിർമാണങ്ങളും കാർഷികേതര ആവശ്യങ്ങൾക്കായുള്ള ഭൂഉപയോഗങ്ങളും ക്രമവൽക്കരിക്കാനാണ് നിയമഭേദഗതി വഴി ഉദ്ദേശിക്കുന്നത്.
ഇടുക്കി ജനത ജീവനോപാധിക്കായി നടത്തിയിട്ടുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് ഒരു നിശ്ചിത അളവുവരെയുള്ളവയ്ക്ക് അപേക്ഷ ഫീസും ക്രമവൽക്കരിക്കുന്നതിനുള്ള പ്രത്യേക ഫീസും ഈടാക്കി ക്രമപ്പെടുത്താവുന്നതാണ്. അല്ലാത്തവയ്ക്ക് അപേക്ഷാ ഫീസിനും ക്രമവൽക്കരിക്കുന്നതിനുള്ള ഫീസിനും പുറമെ സെസ്, വാർഷിക സെസ്, പരിസ്ഥിതി സംരക്ഷണത്തിനുള്ള ഗ്രീൻ ടാക്സ് എന്നിവ ഈടാക്കി ക്രമപ്പെടുത്തുന്ന കാര്യവും ആവശ്യമായ കൂടിയാലോചനകളോടെ തീരുമാനിക്കാവുന്നതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, മതസ്ഥാപനങ്ങൾ, ആശുപത്രികൾ, പോലുള്ള പൊതു ആവശ്യങ്ങൾക്കുള്ള നിർമ്മാണ പ്രവർത്തനങ്ങളെ കാണുന്നത് പ്രത്യേകമായാണ്. പൊതു ആവശ്യങ്ങൾക്കും വാണിജ്യ ആവശ്യങ്ങൾക്കുള്ളവയെയും വെവ്വേറെയായാണ് കാണുക. വാണിജ്യ ആവശ്യങ്ങൾക്കുള്ള നിർമ്മാണങ്ങളെ പ്രത്യേകമായി കണ്ട് അതിദീർഘമായ ചർച്ചകളിലൂടെ മാത്രമേ ചട്ടങ്ങൾ രൂപീകരിക്കുകയുള്ളൂ.
ടൂറിസം മേഖലയിലെ പ്രധാന ആവശ്യം ചരിഞ്ഞ മേഖലകളിലെ നിർമാണ പ്രവർത്തനങ്ങളാണ്. ഇതിൽ പുതിയ കെട്ടിട നിർമാണ ചട്ടം കൊണ്ടുവരുന്ന കാര്യം ഉൾപ്പെടെ സർക്കാരിന്റെ പരിഗണനയിലുണ്ട്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ കൃഷിക്കായി പതിച്ചു നൽകിയ ഭൂമി പരിവർത്തനം ചെയ്തുപയോഗിക്കാൻ വ്യക്തമായ നിർദ്ദേശങ്ങളും വ്യവസ്ഥയുമുള്ള ചട്ടങ്ങളുണ്ട്. തമിഴ്നാട്, ആന്ധ്രാ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മാതൃകകൾ കൂടി സ്വീകരിച്ചായിരിക്കും മതിയായ ചർച്ചകളിലൂടെ ചട്ടങ്ങൾ നിർമിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.