ഇരമല്ലൂർ വില്ലേജിലെ ന്യായ വില സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. കോതമംഗലം താലൂക്കിലെ ഇരമല്ലൂർ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യായവില സംബന്ധിച്ച് പ്രശ്നങ്ങൾ പഠിച്ച് പ്രായോഗികമായി പരിഹരിക്കുന്നതിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രത്യേക പരിഗണന നൽകി കഴിയുന്നതും വേഗത്തിൽ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ഡിജിറ്റൽ റീ സർവേ നടപടികൾ പുരോഗമിക്കുകയാണ്. ഡിജിറ്റൽ റീ സർവേ ആരംഭിച്ചപ്പോൾ ഇത് നടക്കുമോ എന്ന് പലർക്കും സംശയമായിരുന്നു. കഴിഞ്ഞ 10 മാസത്തിനുള്ളിൽ 1,42,000 ഹെക്ടർ ഭൂമിയിലാണ് ഡിജിറ്റൽ റീ സർവേ പൂർത്തിയാക്കിയത്. വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് വില്ലേജ് തല ജനകീയ സമിതികൾക്ക് രൂപം നൽകിയത്. ഈ പദ്ധതിയെ കൂടുതൽ കാര്യക്ഷമമായി ഉപയോഗപ്പെടുത്തണം. ജനകീയ സമിതികളിൽ ഉന്നയിക്കപ്പെടുന്ന വിഷയങ്ങൾക്ക് കൃത്യമായി പരിഹാരം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
റവന്യൂ വകുപ്പിന്റെ സേവനങ്ങൾ വേഗത്തിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. നിരവധി പേരാണ് ‘ഇ സേവനങ്ങൾ’ പ്രയോജനപ്പെടുത്തുന്നത്. ഇന്റർനെറ്റ് സംവിധാനങ്ങളെക്കുറിച്ച് അറിവില്ലാത്തവരെ കൂടി ഇതിന് പാപ്തരാക്കാൻ ‘ഇ സാക്ഷരത’ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുകയാണ് സർക്കാർ. വരുന്ന നവംബർ മാസത്തിൽ ഇതിന് തുടക്കമാകും.
മലയോര മേഖലയായ കോതമംഗലത്ത് ആദിവാസി സമൂഹത്തിനും കർഷകർക്കും ഉൾപ്പെടെ ഭൂമി അനുവദിക്കുന്നതിന് നിരവധി പ്രശ്നങ്ങൾ നേരിട്ടിരുന്നു. അവയെല്ലാം ഓരോന്നായി തരണം ചെയ്ത് നിരവധി പേർക്ക് പട്ടയം ലഭ്യമാക്കാൻ കഴിഞ്ഞു. അവശേഷിക്കുന്ന എല്ലാവർക്കും പട്ടയം ലഭ്യമാക്കും. സംസ്ഥാനത്ത് ഒരാൾ പോലും ഭൂമി ഇല്ലാത്തവരായി ഉണ്ടാകരുത് എന്നാണ് സർക്കാർ നയം. അതിനായി ജനങ്ങൾക്ക് പരമാവധി പ്രയോജനം ലഭിക്കത്തക്ക വിധത്തിൽ ചട്ടങ്ങളും നിയമങ്ങളും ഭേദഗതി വരുത്തിയാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ ചെലവിലാണ് ഇരമല്ലൂർ വില്ലേജ് ഓഫീസ് നിർമ്മിച്ചിരിക്കുന്നത്. ഭിന്നശേഷി സൗഹൃദമായി അത്യാധുനിക നിലവാരത്തിൽ നിർമിച്ച വില്ലേജ് ഓഫീസിൽ റെക്കോർഡ് മുറി, സന്ദർശകർക്കുള്ള മുറി, ശുചിമുറികൾ, റാമ്പ് സംവിധാനം എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
ഉദ്ഘാടന സമ്മേളനത്തിൽ ആന്റണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്.ഷാജഹാൻ, നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം മജീദ്, ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലിം, മീറ്റ് പ്രൊഡക്റ്റ്സ് ഓഫ് ഇന്ത്യ ചെയർമാൻ ഇ.കെ ശിവൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ വിനയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അനു വിജയനാഥ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എൻ.ബി ജമാൽ, മൂവാറ്റുപുഴ റവന്യൂ ഡിവിഷണൽ ഓഫീസർ പി.എൻ അനി, താലൂക്ക് തഹസീൽദാർ റേച്ചൽ കെ.വർഗീസ്, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.