കോടതികളിൽ കേസുകൾ തീർപ്പാകാതെ അനന്തമായി കെട്ടിക്കിടക്കുന്നത് ഒഴിവാക്കണമെന്ന് ഗവർണർ പി.സദാശിവം പറഞ്ഞു. കാസർകോട് സബ് കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ അതിവേഗം നീതി ലഭിക്കുന്നതിനുള്ള സാഹചര്യമുണ്ടാകണം. ഇതിനായി അദാലത്തുകൾ സംഘടിപ്പിക്കണം. കോടതികളിൽ അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് ജനപ്രതിനിധികൾ മുൻകൈയ്യെടുക്കണം. എം.പി, എം.എൽ.എ ഫണ്ട് തുടങ്ങിയവ ഇതിനായി പ്രയോജനപ്പെടുത്തണം. കോടതികൾ സമ്മർ വെക്കേഷൻ എന്ന പേരിൽ ഏഴ് ആഴ്ചയും വിൻറ്റർ വെക്കേഷൻ രണ്ട് ആഴ്ചയും എടുക്കുന്നത് ശരിയാണോ എന്ന് പരിശോധിക്കണം.കോടതികളിൽ ചൂടുകാലത്ത് ശീതീകരണത്തിനുള്ള സൗകര്യവും ശൈത്യകാലത്ത് ചൂട് ലഭിക്കുന്നതിനുള്ള സൗകര്യങ്ങളും ഇപ്പോൾ ഉണ്ട്. പിന്നെ ഈ കാലയളവിൽ അവധി നൽകുന്നതിന്റെ സാംഗത്യം മനസ്സിലാവുന്നില്ലെന്നും ഗവർണർ പറഞ്ഞു.കാസർഗോസ് കുടുംബ കോടതിയും എം.എ.സി.ടി കോടതിയും സ്ഥാപിക്കുന്നതിന് മുൻകയ്യെടുക്കും. ഇതിനായി മുഖ്യമന്ത്രി, നിയമ വകുപ്പ് മന്ത്രി എന്നിവരുമായി സംസാരിക്കും. രാജധാനി ട്രെയിനിന് കാസർകോട് സ്റ്റോപ് അനുവദിക്കുന്നതിന് റെയിൽവെ മന്ത്രാലയവുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിച്ച് വരുന്നതായും ഗവർണർ പറഞ്ഞു.
കോടതികളുടെ പ്രവർത്തനങ്ങൾക്ക് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് കൂടുതൽ സൗകര്യപ്രദമാകും. ജുഡീഷ്യറിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ കൃത്യനിഷ്ഠ പാലിക്കുന്നതോടൊപ്പം തൊഴിൽ ധാർമ്മികതയും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോടതി അങ്കണത്തിൽ നടന്ന ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേഷ് റോയ് അധ്യക്ഷനായി. റവന്യുവകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തി. ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് അലക്സാണ്ടർ തോമസ്, എൻ.എ നെല്ലിക്കുന്ന് എംഎൽഎ എന്നിവർ സംസാരിച്ചു. കാസർകോട് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജ് എസ്.മനോഹർ കിണി സ്വാഗതവും കാസർകോട് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.എ സി അശോക് കുമാർ നന്ദിയും പറഞ്ഞു. ചടങ്ങിൽ വജ്രജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് പുറത്തിറക്കുന്ന സ്മരിണകയുടെ പ്രകാശനം ഗവർണർ ഗവർണർ പി.സദാശിവം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേഷ് റോയിക്ക് നൽകി നിർവഹിച്ചു.
വജ്ര ജൂബിലിയോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് അഡ്വ.സുധീർ മാടക്കത്ത് അവതരിപ്പിച്ച മാജിക് ഷോയും അരങ്ങേറി.
കഴിഞ്ഞ നവംബർ നാലിന് കോടതി സമുച്ചയത്തിൽ നടന്ന ചടങ്ങിൽ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനാണു വജ്രജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തത്. ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദമശേഷാദ്രി നായിഡു മുഖ്യാതിഥിയായിരുന്നു. ഒരു വർഷത്തിനിടെ ജില്ലയിലെ പഞ്ചായത്തുകളിൽ ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയുമായി ചേർന്ന് നിയമസാക്ഷരത ക്ലാസുകൾ സംഘടിപ്പിച്ചു. നിയമത്തെക്കുറിച്ച് ജനങ്ങൾക്ക് കൂടുതൽ അവബോധം നൽകുകയായിരുന്നു ലക്ഷ്യം. കൂടാതെ സെമിനാറുകൾ, കലാകായിക മത്സരങ്ങൾ, സാഹിത്യ മത്സരങ്ങൾ എന്നിവ നടത്തി. ആഘോഷങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് മഹാത്മാഗാന്ധിയുടെ പ്രതിമ കോടതി വളപ്പിൽ സ്ഥാപിച്ചു.

ജനമനസുകളിലാണ് കോടതികളും ന്യായാധിപരും വാഴേണ്ടത്: മന്ത്രി ഇ.ചന്ദ്രശേഖരൻ

ജനമനസുകളിലാണ് കോടതികളും ന്യായാധിപരും നിയമജ്ഞരും വാഴേണ്ടതെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. എന്നാൽ മാത്രമേ നീതിയോട് ചേർന്ന് നിൽക്കാൻ കഴിയു. കോടതികൾ പുറപ്പെടുവിക്കുന്ന ഭരണാഘടനാപരവും ജനാധിപത്യപരവുമായ വിധികൾക്കെതിരെ ചാനലുകളിലും തെരുവിലും വർഗീയതയുടെ വിഷംവമിക്കുന്ന കോലാഹലങ്ങൾ നടത്തുന്നത് ജനകീയതയുടെ രാഷ്ട്രീയമല്ലെന്നും അത് അപകടകരമായ ആൾക്കൂട്ടത്തിന്റെ രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു.
കാസർകോട്് സബ് കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനയോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സമീപകാലത്ത് വിപ്ലവകരമായ പലവിധികളും സുപ്രീംകോടതി പുറപ്പെടുവിക്കുകയുണ്ടായി. നീതിയും നിയമവും ജനാധിപത്യപരമായി സമ്മേളിച്ച മുഹൂർത്തമായിരുന്നു അത്. തെറ്റുകൾ മൂടിവയ്ക്കപ്പെടരുത്. ജനാധിപത്യ സംരക്ഷണത്തിനായി പ്രതിസന്ധിഘട്ടത്തിൽ ജനം ഉറ്റുനോക്കുന്നത് കോടതികളെയാണ്. ഉയർന്ന ജനാധിപത്യ സാക്ഷരതയുള്ള കേരളത്തിൽ കോടതികൾക്ക് നിഘണ്ടുവിന്റെ സ്ഥാനമാനുള്ളത്. മറ്റു പുസ്തകങ്ങൾ പോലെയല്ല അത്. നിഘണ്ടുവിൽ തെറ്റുകളുണ്ടാകുവാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് കോടതികൾക്ക് ലഭിക്കുന്ന അംഗീകാരരവും ആദരവും ഒരു സർക്കാരും ചാർത്തിക്കൊടുത്തതല്ല. മറിച്ച് പതിറ്റാണ്ടുകളുടെ ശ്രമകരമായ നീതിന്യായ നിർവഹണത്തിന് ലഭിക്കുന്ന പ്രതിഫലമാണ് അതെന്നും മന്ത്രി പറഞ്ഞു.