ആയുഷ് ഹോമിയോപ്പതി വകുപ്പ് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വനിതകള്‍ക്കായി സംഘടിപ്പിക്കുന്ന ‘ഷീ’ ഹെല്‍ത്ത് ക്യാംപയിന്റെ ജില്ലാതല ഉദ്ഘാടനം കൊടകര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സനീഷ് കുമാര്‍ ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു. കൊടകര ഗ്രാമപഞ്ചായത്തും കൊടകര ഹോമിയോ ഡിസ്‌പെന്‍സറിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പും ക്യാംപയിന്റെ ഭാഗമായി നടത്തി.

മെന്‍സ്ട്രല്‍ ഹെല്‍ത്ത്, സ്‌ട്രെസ്, ഹൈപ്പര്‍ ടെന്‍ഷന്‍, പ്രീ ഡയബറ്റിസ്, തൈറോയിഡ് എന്നീ രോഗങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയിട്ടുള്ള ഹോമിയോപ്പതി ആരോഗ്യ മെഡിക്കല്‍ ക്യാമ്പും എകാരോഗ്യ സങ്കല്‍പത്തില്‍ അധിഷ്ഠിതമായ ബോധവല്‍ക്കരണവുമാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിട്ടത്. ക്യാംപയിനോട് അനുബന്ധിച്ച് ഹോമിയോപ്പതി വകുപ്പിന്റെ സ്‌പെഷ്വാലിറ്റി സെന്ററുകളായ ജനനി വന്ധ്യത നിവാരണ ക്ലിനിക്, സീതാലയം, സദ്ഗമയ ആയുഷ്മാന്‍ ഭവ തൈറോയിഡ് ക്ലിനിക് എന്നിവടങ്ങളില്‍ പരിശോധനയും തുടര്‍ ചികിത്സയും ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.

കൊടകര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ അദ്ധ്യക്ഷത വഹിച്ചു. കൊടകര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജി രജീഷ് സ്വാഗതം ആശംസിച്ചു. തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) മുഖ്യ പ്രഭാഷണം നടത്തി.

ഷീ ക്യാമ്പയിന്‍ ജില്ലാ കണ്‍വീനര്‍ ഡോ. ബിജു മോഹന്‍ ആശംസകള്‍ അറിയിച്ചു. കൊടകര ഗവ. ഹോമിയോ ഡിസ്പന്‍സറി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സുനില എസ്. ബോധവല്‍കരണ ക്ലാസ്സ് നയിച്ചു. ഹോമിയോപ്പതി ആരോഗ്യ മെഡിക്കല്‍ ക്യാമ്പിന് ഡോ. എം.പി സുഭാഷ്, ഡോ. കാര്‍ത്തിക് കൃഷ്ണന്‍, ഡോ. രംഗീല രംഗനാഥന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.