ആലപ്പുഴ: എയ്‌റോബിക് കമ്പോസ്റ്റ് ഉൾപ്പടെയുള്ള പരിസ്ഥിതിക്ക് അനുയോജ്യമായ നവീന പദ്ധതികൾ നടപ്പിലാക്കുന്ന അമ്പലപ്പുഴ ബ്ലോക്കിന്റെ പ്രവർത്തനങ്ങൾ മാതൃകപരമാണെന്ന് പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞു. വണ്ടാനം മെഡിക്കൽ കോളജ് അങ്കണത്തിൽ നിർമ്മിച്ച എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മെഡിക്കൽ കോളേജിലെ പല നിർമ്മാണ പ്രവർത്തനങ്ങൾക്കും കാലതാമസം നേരിടുന്നു. കെട്ടിട നിർമാണ വിഭാഗത്തിന്റെ പ്രവർത്തികൾക്ക് ് കാലതാമസം നേരിടുന്ന രീതി മാറണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ് ഹൗസ് സർജൻ അസോസിയേഷൻ 1,40,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്കായി മന്ത്രിക്ക് കൈമാറി. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ 2017-18ലെ വാർഷിക പദ്ധതിയിൽ ഉൾപെടുത്തി അനുവദിച്ച 10 ലക്ഷം രൂപ അടങ്കലിൽ 9,79,550 രൂപ ചെലവിലാണ് കമ്പോസ്റ്റ് യൂണിറ്റിന്റെ നിർമ്മാണം.
5 യൂണിറ്റുകളിലായി 10 ബിന്നുകളാണ് മാലിന്യ സംസ്‌കാരണത്തിനായി വികേന്ദ്രീകരണ സമ്പ്രദായത്തിലൂടെ തയ്യാറാക്കിയിരിക്കുന്നത്. ഉറവിട മാലിന്യ സംസ്‌കരണ സമ്പ്രദായമാണ് ഇതിനായി അവലംബിച്ചിരിക്കുന്നത്. സർക്കാർ അംഗീകൃത സ്ഥാപനമായ പാലക്കാട് ജില്ലയിലെ ഐ. ആർ.ടി.സി. യാണ് കമ്പോസ്റ്റ് യൂണിറ്റ് നിർമ്മാണത്തിന് മുഖ്യ പങ്ക് വഹിച്ചത്.അമ്പലപ്പുഴ ബ്ലോക്ക് പരിധിയിൽ ആദ്യമായാണ് ഇത്തരമൊരു ബൃഹത്തായ സംവിധാനം ഒരുങ്ങുന്നത്.ആലപ്പുഴ മെഡിക്കൽ കോളേജിലെ മാലിന്യ പ്രശ്‌നങ്ങൾക്ക് ഒരുപരിധിവരെ പരിഹാരം കാണാൻ എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റിന് സാധിക്കും.ചടങ്ങിൽ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കൽ അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളജ് സൂപ്രണ്ട്. ആർ.വി.രാംലാൽ ,അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഹഫ്‌സത്ത്, ബ്ലോക്ക് ബി.ഡി. ഒ വി. ജെ. ജോസഫ് എന്നിവർ മുഖ്യാഥിതികൾ ആയിരുന്നു.