ആലപ്പുഴ: രണ്ടര പതിറ്റാണ്ടുകൾക്ക് മുൻപ് ആലപ്പുഴ വികസന അതോറിറ്റിയിൽ നിന്ന് ഭവന വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയ അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഗുണഭോക്താക്കളുടെ മുതലും പലിശയും സർക്കാർ എഴുതിത്തള്ളി ആധാരം തിരികെ നൽകുന്ന ചടങ്ങ് പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു.നീർക്കുന്നം എസ്.ഡി.വി.ഗവ.യു.പി.സ്‌കൂളിൽ നടന്ന പരിപാടിയിൽ അമ്പലപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എം.എ.അഫ്‌സത്ത് അധ്യക്ഷത വഹിച്ചു.17 പേരുടെ ആധാരമാണ് തിരികെ നൽകിയത്. ഇതിനായി മുതലും പലിശയും അടക്കം സർക്കാരിന് 27 ലക്ഷം രൂപയാണ് ചെലവ്.

അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിൽ 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് കട്ടിൽ വിതരണവും മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. 60 വയസ്സിന് മുകളിലുള്ള 126 പേർക്കാണ് സൗജന്യമായി കട്ടിൽ വിതരണം ചെയ്തത്. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കൽ കട്ടിൽ വിതരണം ചെയ്തു. ഒരു കട്ടിലിന് 4350 രൂപയാണ് മുതൽ മുടക്ക്. പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് 5,48,100 രൂപയാണ് ഇതിനായി വകയിരുത്തിയത്. സർക്കാർ സ്ഥാപനമായ സിഡ്‌കോയിൽ നിന്നാണ് കട്ടിൽ വാങ്ങിയത്. സിഡ്‌കോ വിദഗ്ദ്ധ തൊഴിലാളികളെ നിയമിക്കണമെന്നും സബ് കൊണ്ട്രാക്റ്റ് ഒഴിവാക്കിയാൽ കുറഞ്ഞ വിലയ്ക്ക് ഉപകരണങ്ങൾ വിൽക്കാൻ സാധിക്കുമെന്നും മന്ത്രി ജി. സുധാകരൻ പറഞ്ഞു. ഇതോടൊപ്പം വയോജനങ്ങളുടെ ഗ്രാമസഭയും നടന്നു. വയോജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ അറിയാനും അതിന് ഉചിതമായ പരിഹാരം കാണാനുമാണ് സർക്കാർ വർഷത്തിൽ രണ്ടുതവണ ഗ്രാമസഭ എന്ന ആശയം വിഭാവനം ചെയ്തിരിക്കുന്നത്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം എ. ആർ. കണ്ണൻ ,അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ,പഞ്ചായത്ത് സെക്രട്ടറി ജി.രാജ്കുമാർ എന്നിവർ പ്രസംഗിച്ചു.