പാലക്കാട്: പ്രളയാനന്തര കേരളത്തിന്റെ പ്രധാന സാംസ്‌കാരിക ദൗത്യമായി പുസ്തക ശേഖരണം ഏറ്റെടുക്കണമെന്നും ഓരോ കുടുബവും അഞ്ച് പുസ്തകം വീതം ബുക്ക് ബാങ്കിലേക്ക് സംഭാവന ചെയ്യണമെന്ന് ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് ടി.കെ നാരായണദാസ്, സെക്രട്ടറി എം.കാസിം, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം പി.കെ സുധാകരന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
കേരളം പുനര്‍ നിര്‍മിക്കുന്നതിനുളള സാലറി ചാലഞ്ചുപോലെ ലൈബ്രറികള്‍ക്കുവേണ്ടിയുളള ഈ ബൂക്ക് ചാലഞ്ചും കേരളം നെഞ്ചേറ്റുമെന്ന് പ്രതീക്ഷിക്കുന്നതായി അവര്‍ പറഞ്ഞു.സംസ്ഥാനം നേരിട്ട ഏറ്റവും വലിയ പ്രളയക്കെടുതിയില്‍ ജില്ലയിലെ ലൈബ്രറികളില്‍ നിന്നും നഷ്ടപ്പെട്ടത് 25 ലക്ഷത്തോളം പുസ്തകങ്ങള്‍. ഇതിലൂടെ 15 കോടിയിലേറെ രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഈ നഷ്ടം നികത്തുന്നതിനായി ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ബുക്ക് ബാങ്ക് സംഘടിപ്പിക്കും. ഇതിനായി യുവജന സംഘടനകള്‍, ജീവനക്കാരുടെ സംഘടനകള്‍, സംസ്‌ക്കാരിക സംഘടനകള്‍, വ്യക്തികള്‍ പുസ്തകങ്ങള്‍ ശേഖരിച്ച് ബുക്ക് ബാങ്കിലേക്ക് സംഭാവന ചെയ്യാം. പുസ്തകങ്ങള്‍ സംഭാവന നല്‍കാന്‍ താല്‍പര്യമുള്ളവര്‍ സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലോ റോബിന്‍സണ്‍ റോഡിലുള്ള ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഓഫീസിലോ ഏല്‍പ്പിക്കാം. കൂടാതെ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നവംബര്‍ മൂന്നിന് ജില്ലയില്‍ പര്യടനം നടത്തുന്ന സാംസ്‌കാരിക ജാഥയിലെ പുസ്തകവണ്ടിയിലും പുസ്തകങ്ങള്‍ ഏല്പിക്കാം. നേരിട്ട് പുസ്തകങ്ങള്‍ നല്‍കാന്‍ കഴിയാത്തവര്‍ വിശദാംശങ്ങള്‍ നല്‍കിയാല്‍ നേരിട്ടു വന്ന് പുസ്തകം കൈപ്പറ്റുമെന്ന് ലൈബ്രറി കൗണ്‍സില്‍ അറിയിച്ചു. ഫോണ്‍- 0491 2504364.
