കാർഷിക രംഗത്ത് ഇന്ത്യയെ സ്വയംപര്യാപ്തമാക്കുവാൻ ആഗ്രഹിച്ച് മൗലികമായ കാർഷികശാസ്ത്ര സിദ്ധാന്തങ്ങൾ മുന്നോട്ടുവയ്ക്കുകയും അത് നടപ്പാക്കുവാനായി ജീവിതം തന്നെ സമർപ്പിക്കുകയും ചെയ്ത അന്താരാഷ്ട്ര പ്രശ്‌സ്തനായ കാർഷിക ശാസ്ത്രജ്ഞനായിരുന്നു എം.എസ് സ്വാമിനാഥൻ.
ഹരിത വിപ്ലവം എന്ന പദം കേൾക്കുമ്പോൾത്തന്നെ അതിന്റെ മുഖ്യശിൽപി ആയിരുന്ന സ്വാമിനാഥനാണ് ഓർമ്മയിലെത്തുന്നത്. വലിയ തോതിൽ വിളവ് ഉണ്ടാകുന്നതിനുതക്ക വിധത്തിൽ വിത്തിനങ്ങളുടെ ക്ഷമത വർധിപ്പിക്കുന്നതിന് അദ്ദേഹം നടത്തിയ ഗവേഷണങ്ങൾ കാർഷിക രംഗത്തെ വൻ തോതിൽ ജനകീയമാക്കുന്നതിന് സഹായകമായി.
ഭക്ഷ്യക്ഷാമം അടക്കം ഒഴിവാക്കുന്നതിന് വേണ്ട കർമോന്മുഖമായ ഇടപെടലുകൾ നടത്തിയ ഈ കാർഷിക ശാസ്ത്രജ്ഞൻ അദ്ദേഹത്തിന്റെ സാമൂഹ്യ പ്രതിബദ്ധതകൊണ്ടു കൂടിയാണ് ശ്രദ്ധേയനായി നിൽക്കുന്നത്. അദ്ദേഹത്തിൻറെ സംഭാവനകൾ ലോകത്തിന്റെ പലഭാഗങ്ങളിലും വലിയ തോതിൽ കാർഷികാഭിവൃദ്ധി ഉണ്ടാക്കുന്നതിനും ഭക്ഷ്യ ദാരിദ്ര്യത്തിനെതിരായ പരിശ്രമങ്ങളെ മുമ്പോട്ടു കൊണ്ടുപോകുന്നതിനും സഹായിച്ചു.
കാർഷിക സമൃദ്ധിയിലൂടെ സമ്പദ്ഘടനയുടെ ശാക്തീകരണം എന്നതായിരുന്നു എംഎസ് സ്വാമിനാഥന്റെ മുദ്രാവാക്യം. ആ വിധത്തിലുള്ള ശാക്തീകരണം ജനജീവിതനിലവാരം ഉയർത്തുന്നതിന് ചെറിയതോതിലൊന്നുമല്ല സഹായിച്ചത്.
ലോകകാർഷിക രംഗത്ത് തലയെടുപ്പോടെ ഉയർന്നുനിന്ന ഈ ശാസ്ത്രജ്ഞൻ എന്നും കേരളത്തിന്റെ അഭിമാനമായിരുന്നു. താൻ പ്രവർത്തിച്ച മേഖലയിൽ പുതുതായി കടന്നുവരുന്നവർക്ക് നിത്യ പ്രചാദനമായിരിക്കും അദ്ദേഹത്തിന്റെ പ്രവർത്തനമാതൃക.
ഇന്ത്യൻ കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലടക്കം അദ്ദേഹം സമുന്നത സ്ഥാനങ്ങളിൽ പ്രവർത്തിച്ചു. നിരവധി പുരസ്‌കാരങ്ങൾ ദേശിയ-അന്തർ ദേശീയ തലങ്ങളിൽ നേടിയ അദ്ദേഹം പാർലമെന്റംഗമായിരിക്കെ കാർഷിക രംഗത്തെ സ്ത്രീകളുടെ ഉന്നമനത്തിനായി അവതരിപ്പിച്ച ബിൽ സവിശേഷ പ്രധാന്യമുള്ളതായിരുന്നു.
സമാനതകളില്ലാത്ത കാർഷിക ശാസ്ത്രജ്ഞനാണ് ഹരിത വിപ്ലവത്തിന്റെ പതാകാവാഹകനായിരുന്ന എം എസ് സ്വാമിനാഥൻ. അദ്ദേഹത്തിന്റെ വിയോഗം രാഷ്ട്രത്തിന് പൊതുവിലുണ്ടായ നികത്താനാകാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശനത്തിൽ പറഞ്ഞു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
ഹരിതവിപ്ലവത്തിലൂടെ ഇന്ത്യയുടെ ഭക്ഷ്യ പ്രശ്നം പരിഹരിക്കുകയും പട്ടിണിയിൽ നിന്നും ക്ഷാമത്തിൽ നിന്നും ജനതയെ രക്ഷിക്കുകയും ചെയ്ത അനന്യവ്യക്തിത്വമായിരുന്നു എം.എസ്. സ്വാമിനാഥന്റേതെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിൽ നിന്നും ഉയർന്ന് രാജ്യത്തിന്റെ ഭാവി ഭാഗധേയത്തെ തീരുമാനിക്കാൻ കഴിയും വിധമുള്ള ഇടപെടലിലൂടെ കാലഘട്ടത്തിന്റെ നായക പദവിയിലെത്തിയ അദ്ദേഹത്തിന്റെ വിയോഗം നികത്താൻ ആകാത്ത വിടവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിസ്ഥിതിയ്ക്ക് അനുയോജ്യമായ അത്യൂൽപാദന ശേഷിയുള്ള വിത്തിനങ്ങൾ വികസിപ്പിച്ചെടുക്കുകയും കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്ത ഡോ.എം.എസ്.സ്വാമിനാഥന്റെ സംഭാവനകൾ ഇന്ത്യയെ ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നതിൽ നിസ്തുലമായ പങ്കു വഹിച്ചുവെന്ന് വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.
കുട്ടനാടിന്റെ കാർഷിക പുരോഗതിയിൽ അദ്ദേഹത്തിന്റെ ഇടപെടലുകൾ ഏറെ ശ്രദ്ധേയമായിരുന്നു. രാജ്യത്തിന്റെ കാർഷിക പുരോഗതിയ്ക്ക് വേണ്ടി ദീർഘവീക്ഷത്തോടെ പ്രയത്‌നിച്ച പ്രഗൽഭനായ ശാസ്ത്രജ്ഞനെയാണ് നമുക്ക് നഷ്ടമായത്. എം.എസ്.സ്വാമിനാഥന്റെ സംഭാവനകൾ രാജ്യം എന്നും ഓർമ്മിക്കും. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും രാജ്യത്തിന്റെയാകെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അനുശോചന സന്ദേശത്തിൽ അറിയിച്ചു.