ഒല്ലൂർ മണ്ഡലം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കോറിഡോർ എന്ന ആശയത്തിലേക്ക് എത്തുന്നു. പുത്തൂർ സുവോളജിക്കൽ പാർക്ക്, പുത്തൂർ കായൽ, ചിയ്യാരം വാക്കിംഗ് സ്ട്രീറ്റ്, പാണഞ്ചേരിയിലെ ഒരപ്പൻ കെട്ട്, പീച്ചി ഡാം, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കെ എഫ് ആർ ഐ), അന്താരാഷ്ട്ര നിലവാരമുള്ള പൂന്തോട്ടം നിർമ്മിക്കൽ, ചിത്രശലഭങ്ങളുടെ മ്യൂസിയം, കച്ചിത്തോട്, വാഴാനി ഡാം തുടങ്ങിയവ ബന്ധിപ്പിച്ച് ഒരു ടൂറിസം സർക്യൂട്ട് എന്ന ആശയത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു.
ഒല്ലൂർ മണ്ഡലത്തിലെ ടൂറിസം പദ്ധതികളുമായി ബന്ധപ്പെട്ട് രാമനിലയത്തിൽ ചേർന്ന അവലോകന യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയാരുന്നു മന്ത്രി. അന്താരഷ്ട്ര നിലവാരത്തിൽ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഒരുക്കണമെന്നും ടൂറിസത്തിന്റെ പ്രധാന കേന്ദ്രമാക്കണമെന്നും മന്ത്രി പറഞ്ഞു.
പീച്ചിയുടെ രണ്ടാം ഘട്ട വിനോദ സഞ്ചാര പ്രവർത്തനങ്ങൾക്കുള്ള പ്രെപ്പോസൽ നൽകാനും യോഗത്തിൽ തീരുമാനമായി. ടൂറിസത്തിന്റെ എല്ലാവിധ സൗകര്യങ്ങളോട് കൂടി ഒരുങ്ങുന്ന ചിയ്യാരം വാക്കിംഗ് സ്ട്രീറ്റ് വികസന പദ്ധതിയുടെ എൻ ഒ സി ലഭിച്ചതായും യോഗത്തിൽ അറിയിച്ചു.
യോഗത്തിൽ ടൂറിസം സെക്രട്ടറി കെ ബിജു, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പി ഐ സുബൈർ കുട്ടി, എഡിഎം ടി മുരളി, എക്സിക്യൂട്ടീവ് എൻജിനീയർമാരായ സി എസ് ഗിരീശൻ, അനിത ജേക്കബ്, ദീപ രാജൻ, റീജിയണൽ എഞ്ചിനിയർ ടി ആർ മഞ്ജുള, സി പി സുനിൽ, ടെക് ക്വസ്റ്റ് ഇന്നവേഷൻ പ്രൈവറ്റ് ലിമിറ്റഡ് പ്രോജക്റ്റ് കൺസൾട്ടന്റ് അജിത്ത് ഗോപാലകൃഷ്ണൻ, തൃശ്ശൂർ കോർപ്പറേഷൻ സൂപ്രണ്ട് എഞ്ചിനീയർ ഷൈബി ജോർജ്ജ്, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ രേഷ്മ സജീഷ്, കൗൺസിലർ ലിമ്ന മനോജ്, പാണഞ്ചേരി പഞ്ചായത്ത് വികസന ചെയർമാൻ ഇ ടി ജലജൻ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.