മുസിരിസ് പൈതൃക പദ്ധതി ഹെറിറ്റേജ് ടൂറിസത്തിന് മാതൃക: മന്ത്രി പി എ മുഹമ്മദ് റിയാസ്
സംസ്ഥാനത്തെ ടൂറിസത്തെ സംബന്ധിച്ചിടത്തോളം മുസിരിസ് പൈതൃക പദ്ധതി ഹെറിറ്റേജ് ടൂറിസത്തിന് മാതൃകയായ പദ്ധതിയായി മാറിയെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കയ്പമംഗലം നിയോജക മണ്ഡലത്തിലെ മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഏറെ കാലത്തെ ഈ നാടിന്റെ ലക്ഷ്യമാണ് സഫലീകരിക്കപ്പെട്ടിരിക്കുന്നത്. മുസിരിസ് പദ്ധതിയിലൂടെ 30 ഓളം പ്രദേശങ്ങളും സ്മാരകങ്ങളും സംരക്ഷിച്ച് പോകുകയാണ്. മുസിരിസ് പ്രദേശങ്ങൾക്ക് തനതായ പാരമ്പര്യവും പ്രത്യേകതകളും ഉണ്ട്. പദ്ധതിയിലൂടെ 18 ഓളം പുതിയ പദ്ധതികളുടെ നവീകരണവും പഠന കേന്ദ്രങ്ങളും ഒരുങ്ങുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
വിവിധ പൈതൃക കേന്ദ്രങ്ങളെ ജല മാർഗം ബന്ധിപ്പിക്കുന്ന പെതൃക പദ്ധതിയാണ് മുസിരിസ്. ചരിത്രത്തെ ഓർമ്മപ്പെടുത്തുക എന്ന ലക്ഷ്യമാണ് മുസിരിസ് പദ്ധതിയ്ക്ക് ഉള്ളതെന്നും കൂടുതൽ പൈതൃക പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
കയ്പമംഗലം നിയോജക മണ്ഡലം ബീച്ച് ടൂറിസത്തിന് സാധ്യതയുള്ള ഇടമാണ്. നവീനമായ ആശയങ്ങളാണ് ടൂറിസം മേഖലയിൽ നടപ്പാക്കുന്നത്. സംസ്ഥാനത്ത് ടൂറിസം മേഖല വളരെ മുന്നോട്ട് പോകുകയാണെന്നും ടൂറിസം ജനകീയമായി മാറുമ്പോൾ കൂടുതൽ പിന്തുണ ലഭിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പി എ സെയ്ത് മുഹമ്മദ് ലൈബ്രറി ആന്റ് സ്റ്റുഡന്‍സ് റിസര്‍ച്ച് സെന്റര്‍, മതിലകം ബാഗ്ലാകടവ്, മുനക്കല്‍ ബോട്ട് ജെട്ടി, നവീകരിച്ച പതിനെട്ടരയാളം കോവിലകം എന്നീ പദ്ധതികളുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്.
ശാന്തിപുരത്തെ പി എ സെയ്ത് മുഹമ്മദ് ലൈബ്രറി ആന്റ് സ്റ്റുഡന്‍സ് റിസര്‍ച്ച് സെന്റര്‍ പരിസരത്ത് നടന്ന ചടങ്ങില്‍ ഇ ടി ടൈസണ്‍ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെയ്ത് മുഹമ്മദ് ലൈബ്രറിയിലേക്കായി ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പുസ്തകങ്ങൾ മന്ത്രി പി.എ മുഹമ്മദ് റിയാസിന് കൈമാറി. സെയ്ദ് മുഹമ്മദിന്റെ ഭാര്യ ഖദീജ ലൈബ്രറിയുടെ വികസന പ്രവർത്തനങ്ങൾക്കായി ഒരു ലക്ഷം രൂപ മന്ത്രി പി എ മുഹമ്മദ് റിയാസ്, ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ എന്നിവരുടെ സാന്നിധ്യത്തിൽ മുസരിസ് പ്രോജക്ട് മാനേജിംഗ് ഡയറക്ടർ കെ മനോജ്കുമാറിന് കൈമാറി.
മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എം എസ് മോഹനൻ, കെ പി രാജൻ, നിഷ അജിതൻ, സീനത്ത് ബഷീർ, ടി കെ ചന്ദ്രബാബു, ശോഭന രവി, മുസരിസ് പ്രോജക്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഡോ. കെ മനോജ്, പി.എ സെയ്ത് മുഹമ്മദിന്റെ ഭാര്യ ഖദീജ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ,വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.
ഉദ്ഘാടനം ചെയ്ത പദ്ധതികള്‍
പി.എ. സെയ്ത് മുഹമ്മദ് ലൈബ്രറി ആന്റ് സ്റ്റുഡന്‍സ് റിസര്‍ച്ച് സെന്റര്‍
ചരിത്രത്തെ ജനങ്ങളിലേക്കെത്തിച്ച പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന പി എ സെയ്ത് മുഹമ്മദിന്റെ നാമധേയത്തില്‍ നിര്‍മ്മിച്ച സ്മാരകത്തില്‍ അണ്ടര്‍ ഗ്രൗണ്ട് പാര്‍ക്കിംഗ്, കമ്മ്യൂണിറ്റി സെന്റര്‍, കള്‍ച്ചറല്‍ ഗ്യാലറി, ഓപ്പണ്‍ ലൈബ്രറി എന്നിവ 4.96 കോടി രൂപ ചിലവിലാണ് ഒരുക്കിയിരിക്കുന്നത്. പി എ സെയ്ത് മുഹമ്മദ് സ്മാരക ലൈബ്രറിയായും വിദ്യാര്‍ഥികള്‍ക്കായുള്ള ഹിസ്റ്ററി, ജിയോഗ്രഫി, മാത്‌സ് ആക്റ്റിവിറ്റി ആന്റ് റിസേര്‍ച്ച് സെന്റര്‍ ഉള്‍പ്പെടുന്ന കേന്ദ്രമായും ഭാവിയില്‍ മാറ്റുകയാണ് ലക്ഷ്യം.
മതിലകം ബംഗ്ലാകടവ് ബോട്ട്‌ജെട്ടി
മുസിരിസ് പൈതൃകപദ്ധതിക്ക് കീഴില്‍ വാട്ടര്‍ ടൂറിസം പ്രോത്സാഹിക്കുന്നതിന്റെ ഭാഗമായി മതിലകത്തെ ഡച്ച് നിര്‍മ്മിതമായ കെട്ടിടത്തില്‍ ആരംഭിക്കുന്ന ബ്രിട്ടീഷ് കമ്പനിയുമായി ബന്ധപ്പെട്ട മ്യൂസിയം, ജൈനകേന്ദ്രമായ തൃക്കണ്ണാ മതിലകം, സയ്യിദ് മുഹമ്മദ് സ്മാരകം തുടങ്ങിയ സ്ഥാപനങ്ങള്‍ ജലമാര്‍ഗ്ഗം ചരിത്ര വിദ്യാര്‍ഥികള്‍ക്കും മറ്റും സന്ദര്‍ശിക്കുന്നതിന് ബോട്ട് ജെട്ടിയുടെയും നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്.
മുസിരിസ് മുനക്കല്‍ ഡോള്‍ഫിന്‍ ബീച്ച് ബോട്ട് ജെട്ടി
വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന കേരളത്തിലെ വലിയ ബീച്ചുകളിലൊന്നായ മുനക്കല്‍ ഡോള്‍ഫിന്‍ ബീച്ച് സന്ദര്‍ശിക്കുന്നതിനായും മുസിരീസ് പദ്ധതി പ്രദേശത്തെ മറ്റു പൈതൃക സ്ഥാനങ്ങളില്‍നിന്ന് ജലമാര്‍ഗ്ഗം എത്താനും ലക്ഷ്യമിട്ട് നിര്‍മ്മിച്ചിരിക്കുന്നു.
പതിനെട്ടരയാളം കോവിലകം (എടവിലങ്ങ് കോവിലകം)
കൊച്ചി രാജാവിന്റെ അവധിക്കാല വിശ്രമ കേന്ദ്രമായിരുന്നു ഇത്. കൊടുങ്ങല്ലൂര്‍ രാജവംശത്തിന്റെ അധീനതയില്‍ ആയിരുന്ന ഈ കെട്ടിടം ഇടക്കാലം റവന്യു വകുപ്പിന്റെ അധീനതയില്‍ എടവിലങ്ങ് വില്ലേജ് ഓഫീസായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് നാശോന്മുഖമായ അവസ്ഥയില്‍ ആയിരുന്ന ഈ കെട്ടിടത്തെ മുസിരിസ് പൈതൃകപദ്ധതി സംരക്ഷിച്ചുകൊണ്ട് ഒരു കമ്മ്യുണിറ്റി സെന്ററാക്കി മാറ്റിയിരിക്കുകയാണ്. 44 ലക്ഷം ചെലവഴിച്ചാണ് കോവിലകം നവീകരിച്ചിരിക്കുന്നത്.