കൃഷിയിൽ നിന്ന് ലാഭം കൊയ്ത് മികച്ച മാതൃക സൃഷ്ടിക്കുകയാണ് നെടുങ്കണ്ടം സർവീസ് സഹകരണ ബാങ്ക് മൂന്നര ഏക്കർ ഭൂമിയിൽ നടത്തുന്ന ഏലം കൃഷി, ഒരു വർഷം പിന്നിടുമ്പോൾ 1,10000 രൂപയുടെ വാർഷിക വരുമാനമാണ് നേടിയത്. ഇതോടൊപ്പം വളം , മരുന്നുകൾ, കീടനാശിനികൾ എന്നിവയ്ക്കായി അഗ്രോ സർവ്വീസ് സെന്ററും ആരംഭിച്ചിട്ടുണ്ട്. ലാഭം പ്രതീക്ഷിക്കാതെ കർഷകർക്കായി സജ്ജമാക്കിയ കർഷക സേവന കേന്ദ്രവും നല്ല രീതിയിൽ മുന്നോട്ട് പോകുന്നു . ബാങ്കിലെ തന്നെ ജീവനക്കാരാണ് ഈ സംരംഭങ്ങൾ നോക്കി നടത്തുന്നത്. കാർഷിക മേഖലയുടെ ശാക്തീകരണത്തിനായി ബാങ്കിന് കീഴിൽ പ്രവർത്തിക്കുന്ന ഫാർമേഴ്സ് സർവീസ് സെന്ററാണ് മഞ്ഞപ്പെട്ടിയിൽ സ്വന്തമായുള്ള 3.5 ഏക്കർ സ്ഥലത്ത് അത്യുത്പാദനശേഷിയുള്ള ഏലം കൃഷി ചെയ്തിരിക്കുന്നത്.ഇതോട് ചേർന്ന് കിടക്കുന്ന 15 സെന്റ് സ്ഥലത്ത് പോളിഹൗസും, ഗ്രീൻ ഹൗസും പ്രവർത്തിക്കുന്നുണ്ട്. ഇവയിലൂടെ ജൈവ പച്ചക്കറി ഉൽപാദനവും നടത്തിവരുന്നു.

നെടുങ്കണ്ടം സർവീസ് സഹകരണ ബാങ്കിന്റെ ബാങ്കിങ് ഇതര സംരംഭമായ മെഡിക്കൽ സ്റ്റോറിൽ നിന്നും ഒന്നര മുതൽ രണ്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനവുംലഭിക്കുന്നുണ്ട് . സാധാരണക്കാർക്ക് വേണ്ടിയുള്ള നീതി സ്റ്റോറിൽ നിന്ന് 5 ലക്ഷം രൂപ ലാഭം നേടി വലിയ രീതിയിലുള്ള മുന്നേറ്റമാണ് സഹകരണ സംഘങ്ങൾക്കിടയിൽ ബാങ്ക് നടത്തികൊണ്ടിരിക്കുന്നത്. കൂടാതെ മണ്ണ് പരിശോധന ലാബ്, ആംബുലൻസ്, എടിഎം സിഡിഎം ശ്യംഖലകൾ, ബാങ്കിങ് മൊബൈൽ ആപ്പിക്കേഷൻ,എന്നീ സേവനങ്ങളും ബാങ്ക് ഇടപാടുകാർക്കായി ഒരുക്കിയിരിക്കുന്നു.

1969 ലാണ് നെടുങ്കണ്ടം സർവീസ് സഹകരണ ബാങ്ക് നിലവിൽ വന്നത്. കുടിയേറ്റ ജനതയുടെ ഉന്നമനത്തിനും, സാമ്പത്തിക ആവശ്യങ്ങൾക്കുള്ള ആശ്രയവുമായി ആരംഭിച്ച ഈ സ്ഥാപനം കഴിഞ്ഞ 54 വർഷത്തെ പ്രവർത്തനങ്ങളിലൂടെ ജില്ലയിലെ പ്രമുഖ സഹകരണ ധനകാര്യസ്ഥാപനമായി മാറിക്കഴിഞ്ഞു. നിലവിൽ 11 ബ്രാഞ്ചുകളാണുള്ളത്. ഇപ്പോൾ 22499 എ ക്ലാസ്സ് അംഗങ്ങളും, 7591 അസോസിയേറ്റ് അംഗങ്ങളും ഉണ്ട്. ബാങ്കിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന 706 സ്വയം സഹായ സംഘങ്ങളും അവയുടെ പ്രവർത്തനവും ബാങ്കിന് വലിയ മുതൽ കൂട്ടാണ്. മികച്ച പ്രവർത്തനങ്ങളിലൂടെ പ്രാദേശിക ജനതക്ക് ഏറെ സഹായകരമായി നാടിന്റെ സാമ്പത്തിക അടിത്തറ വിപുലപ്പെടുത്തുന്നതിനായി മുന്നേറുന്ന നെടുങ്കണ്ടം സർവീസ് സഹകരണ ബാങ്ക് ജില്ലയിലെ സഹകരണ ബാങ്കിങ് രംഗത്ത് മാതൃകയാണ്.