26.03.2017 ന് മംഗളം ടെലിവിഷൻ ചാനലിൽ സംപ്രേഷണം ചെയ്ത വാർത്തയെക്കുറിച്ച് അന്വേഷിക്കുന്നതിനായി റിട്ട. ജില്ലാ ജഡ്ജി ശ്രീ. പി.എസ്. ആന്റണിയെ ഏകാംഗ കമ്മീഷനായി സർക്കാർ നിയമിച്ചു. 31.03.2017 ലെ ഉത്തരവ് പ്രകാരമായിരുന്നു ഈ നിയമനം നടന്നത്. അന്വേഷണ റിപ്പോർട്ട് 21.11.2017 ന് സർക്കാരിന് സമർപ്പിച്ചു. 405 പേജുകളാണ് രണ്ട് വോള്യങ്ങളുള്ള റിപ്പോർട്ടിലുള്ളത്.
മന്ത്രിസഭ എടുത്ത തീരുമാനം
കമ്മീഷൻ എത്തിച്ചേർന്ന നിഗമനങ്ങളും കമ്മീഷന്റെ ശിപാർശകളും മന്ത്രിസഭായോഗം പൊതുവിൽ അംഗീകരിച്ചു. കമ്മീഷൻ റിപ്പോർട്ടിൽ 16 ശിപാർശകളുണ്ട്.
കമ്മീഷൻ ശിപാർശകൾ
1. റിപ്പോർട്ടിന്റെ കോപ്പി, കേന്ദ്ര ഗവൺമെന്റിലെ സെക്രട്ടറി, ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംങ് മന്ത്രാലയത്തിന് അയച്ചുകൊടുത്ത് മംഗളം ടെലിവിഷൻ ചാനലിനെതിരെയുള്ള പരാതി പുന:പരിഗണിച്ച് (റീ ഓപ്പൺ), ചാനൽ നടത്തുന്നതിനാവശ്യമായ ബ്രോഡ്കാസ്റ്റിംങ് ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കാൻ സർക്കാർ ശിപാർശ ചെയ്യണം.
2. റിപ്പോർട്ടിന്റെ പകർപ്പ് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് ആവശ്യമായ നടപടിക്ക് അയച്ചുകൊടുക്കണം.
3. മംഗളം ടെലിവിഷൻ ചാനലിന് സ്വയം നിയന്ത്രണം ഇല്ലാതിരുന്നതും NBA അംഗത്വം ഇല്ലാതിരുന്നതും ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംങ് മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരണം.
4. കോടതി മുമ്പാകെ രജിസ്റ്റർ ചെയ്ത രണ്ട് ക്രിമിനൽ കേസുകളിൽ അന്വേഷണം ഊർജ്ജിതമാക്കുകയും, വോയ്‌സ് ക്ലിപ്പിംങ് ടെലികാസ്റ്റ് ചെയ്തതിന് ടെലിവിഷൻ ചാനലിനെയും ചാനൽ ഉടമയായ കമ്പനിയെയും, അതിന് പിന്നിൽ പ്രവർത്തിച്ച വ്യക്തികളെയും ഐടി ആക്ടിലെ സെക്ഷൻ 67, 67അ, 84ആ, 85 ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ, 120ആ, 201, 294, 463, 464, 469, 470, 471 എന്നിവ പ്രകാരം ശിക്ഷാർഹമായ കുറ്റകൃത്യങ്ങൾക്ക് പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുകയും വേണം.
5. CW1 (case witness) ആർ. അജിത് കുമാറിനെ ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 182 പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ നടപടി സ്വീകരിക്കണം.
6. ഇപ്പോൾ നടന്ന അന്വേഷണത്തിൽ ഉണ്ടായിട്ടുള്ള ഗുരുതരമായ വീഴ്ചകൾ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. വോയിസ് ക്ലിപ്പിംങ് സംപ്രേഷണം ചെയ്തതിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചനയുടെ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ പോലീസ് ചീഫിന് നിർദ്ദേശം നൽകണം.
7. സൈബർ ക്രൈം കേസുകളുടെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്‌ട്രേറ്റ് പദവിയിലുള്ള ഒരു പ്രത്യേക കോടതി എറണാകുളത്ത് സ്ഥാപിക്കണം. സൈബർ ക്രൈമുകൾ വർദ്ധിച്ചുവരുന്ന പ്രവണത കണക്കിലെടുത്ത്, ഇത് പ്രത്യേക കോടതിയായി പ്രവർത്തിക്കാൻ അനുവദിക്കണം.
8. ജില്ലാ തലത്തിലെങ്കിലും പോലീസിൽ ഒരു സൈബർ ക്രൈം ഡിവിഷൻ രൂപീകരിച്ച് പ്രത്യേക യോഗ്യതയും പരിശീലനവും ലഭിച്ച പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ഉപയോഗിച്ച് സൈബർ ക്രൈം അന്വേഷണം നടത്താനും , സൈബർ ക്രൈം കുറയ്ക്കാനും നടപടി സ്വീകരിക്കണം.
9. നിലവിൽ വിപുലവും കാര്യക്ഷമവുമായി ഇലക്‌ട്രോണിക് ബ്രോഡ്കാസ്റ്റിംങ് മീഡിയയെ നിയന്ത്രിക്കാൻ നിയമമില്ലാത്ത സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനോട് ഇന്ത്യൻ ടെലിഗ്രാഫ് ആക്ട് 1885, ഇന്ത്യൻ വയർലെസ് ടെലിഗ്രാഫി ആക്ട് 1933, ദി. കേബിൾ ടെലിവിഷൻ നെറ്റ് വർക്ക് (റെഗുലേഷൻ) ആക്ട് 1995, ദി. ടെലികോം റെഗുലേറ്ററി ആക്ട് 1997 എന്നിവ പിൻവലിച്ച് ബ്രിട്ടനിൽ നിലവിലുള്ള കമ്മ്യൂണിക്കേഷൻ ആക്ട് 2003 മാതൃകയിൽ നിയമമുണ്ടാക്കാൻ ശിപാർശ ചെയ്യണം. പ്രസ്തുത നിയമപ്രകാരം ഓഫീസ് ഓഫ് കമ്മ്യൂണിക്കേഷൻ ബ്രോഡ്കാസ്റ്റ് മീഡിയയുടെ ഒരു റെഗുലേറ്ററി ബോഡിയാണ്.
10. വിപുലമായ നിയമത്തിന് പകരമായി തത്ക്കാലത്തേക്ക് കേന്ദ്ര സർക്കാരിനോട് പ്രസ് കൗൺസിലിനെ മീഡിയ കൗൺസിലായി രൂപാന്തരം വരുത്തി പ്രൈവറ്റ് ഇലക്‌ട്രോണിക് മീഡിയയെ നിയന്ത്രിക്കുന്നതിനുള്ള അധികാരം നൽകി പ്രസ് കൗൺസിൽ ആക്ട് 1978 ന് യോജിച്ച രീതിയിൽ ഭേദഗതി വരുത്താൻ ആവശ്യപ്പെടാമെന്നും പറയുന്നുണ്ട്. ഇക്കാര്യം ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ ആയിരുന്നപ്പോൾ നിർദ്ദേശിച്ചിരുന്നതായും പറയുന്നുണ്ട്.
11. ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംങ് മന്ത്രാലയത്തിന് റിപ്പോർട്ടിന്റെ പകർപ്പ് അയച്ചുകൊടുക്കുമ്പോൾ കമ്മീഷൻ അധ്യായം 19 ൽ മാധ്യമങ്ങളെക്കുറിച്ചും, മാധ്യമ സദാചാരത്തെക്കുറിച്ചും നടത്തിയിട്ടുള്ള നിരീക്ഷണങ്ങളും കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തണമെന്നും കമ്മീഷൻ ശിപാർശയിലുണ്ട്.
12. മാധ്യമങ്ങളുമായും പത്രപ്രവർത്തകരുമായും സംസ്ഥാന മന്ത്രിമാർ ഇടപെടുന്ന കാര്യത്തിൽ പൊതുവായി ഒരു പെരുമാറ്റ ചട്ടം രൂപീകരിക്കേണ്ടതാണ് എന്നും കമ്മീഷൻ പറയുന്നുണ്ട്.
13. ലിസ്റ്റ് 1 യൂണിയൻ ലിസ്റ്റിൽ 31 ാമത്തെ ഇനമായി ‘ബ്രോഡ്കാസ്റ്റിംങ് ആന്റ് അദർ ലൈക്ക് ഫോംസ് ഓഫ് കമ്മ്യൂണിക്കേഷൻ’ എന്ന് ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ കേരള സംസ്ഥാന നിയമസഭ ഒരു പ്രമേയത്തിലൂടെ സ്വകാര്യ ഇലക്‌ട്രോണിക് – ബ്രോഡ്കാസ്റ്റിംങ് മീഡിയയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിന് ശിപാർശ 9 അനുസരിച്ച് നിയമം ഉണ്ടാക്കാൻ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കേണ്ടതാണ്.
14. സംസ്ഥാന നിയമസഭ 1860 ലെ ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ വകുപ്പ് 294 ഭേദഗതി ചെയ്യണമെന്ന് ശിപാർശ ചെയ്യുന്നുണ്ട്. അത് താഴെ പറയും പ്രകാരമാണ് ആ ഭേദഗതി വേണ്ടത്.
a. പുതിയതായി ഒരു ”ഉപവകുപ്പ് (ഇ) അശ്ലീല പ്രവൃത്തി, കാഴ്ച (രെലില), പാട്ട്, അല്ലെങ്കിൽ വാക്ക് ഏതെങ്കിലും ഇലക്‌ട്രോണിക് ഉപകരണം ഉപയോഗിച്ചോ അല്ലെങ്കിൽ ശബ്ദ ദൃശ്യ മാധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്‌തോ” എന്ന തരത്തിലാക്കി മാറ്റേണ്ടതുണ്ട്.
b. നിലവിലുള്ള വാക്കുകൾ ”മൂന്ന് മാസം വരെയാകാവുന്ന” എന്ന വാക്ക് ”മൂന്ന് വർഷം വരെയാകാവുന്ന” വാക്കുകളാക്കി മാറ്റണമെന്നും ശിപാർശ ചെയ്യുന്നു.
c. നിലവിലുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ വകുപ്പ് 294 ന് അവസാനമായി ”കേവലമായ സംപ്രേക്ഷണം മാത്രം മതി കുറ്റകരമാകുവാൻ” എന്ന വിശദീകരണം ചേർക്കണം എന്നും കമ്മീഷൻ തുടർന്ന് പറയുന്നുണ്ട്.
15. യുവതലമുറയ്ക്ക് മാധ്യമങ്ങളുടെ വിശേഷിച്ച് സോഷ്യൽ മീഡിയയുടെ, ഗുണ ദോഷങ്ങളെക്കുറിച്ച് സ്‌കൂൾ തലം മുതൽ വിദ്യാഭ്യാസം നൽകി കൊണ്ട്, മാധ്യമ പ്രവർത്തനം ഉത്തരവാദിത്തമുള്ളതാക്കണം. അതിനായുള്ള നടപടികൾ ഗവൺമെന്റ് സ്വീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. മാധ്യമ സ്ഥാപനങ്ങൾ ധാർമ്മിക മാധ്യമ പ്രവർത്തനം പിന്തുടരണം. ധാർമ്മിക മാധ്യമപ്രവർത്തനത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിന് കേരള മീഡിയ അക്കാദമി മുന്നിട്ടിറങ്ങണം. മാധ്യമ അക്രഡിറ്റേഷൻ പുതുക്കുന്നതിനുള്ള മുൻ ഉപാധിയായി എല്ലാ മാധ്യമ പ്രവർത്തകരും വർഷത്തിൽ ഒരിക്കൽ കേരള മീഡിയ അക്കാദമിയുടെ തുടർ മാധ്യമ വിദ്യാഭ്യാസ [Continuing Media Education (CME)പ ത്തിന്റെ ഭാഗമായി മാധ്യമ നിയമത്തെക്കുറിച്ചും ധാർമ്മിക മാധ്യമ പ്രവർത്തനത്തെക്കുറിച്ചും റിഫ്രഷർ കോഴ്‌സിന് നിർബന്ധമായും വിധേയരാകണം എന്നും ശിപാർശ ചെയ്യുന്നു.
16. മംഗളം ടെലിവിഷൻ ചാനൽ ഉടമയായ ജി.എൻ ഇൻഫോ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെയും, തെറ്റായ വാർത്ത (വോയിസ് ക്ലിപ്പിംങ്) സംപ്രേഷണം ചെയ്ത് സംപ്രേഷണ വ്യവസ്ഥകൾ ലംഘിച്ചതിന് ഉത്തരവാദികളായ വ്യക്തികൾക്കെതിരെയും പൊതുഖജനാവിന് നഷ്ടം വരുത്തിയതിന് നഷ്ടപരിഹാരത്തിന് നടപടി സ്വീകരിക്കാൻ സർക്കാരിന് ഉചിതമായ തീരുമാനം കൈക്കൊള്ളാവുന്നതാണ്.
ശിപാർശകളിൽ സ്വീകരിച്ച നടപടികൾ
1) ഒന്നു മുതൽ 5 വരെയും 7 മുതൽ 16 വരെയുമുള്ള കമ്മീഷന്റെ ശിപാർശകളിൽ മേൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് റിപ്പോർട്ട് നൽകുന്നതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനും ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ഐ & പി.ആർ.ഡി ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി എന്നിവർ അംഗങ്ങളായും ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഈ കമ്മറ്റിയുടെ പരിശോധനയുടെ അടിസ്ഥാനത്തിൽ ആവശ്യമായ തുടർ നടപടികൾ സർക്കാർ സ്വീകരിക്കുന്നതാണ്.
2) കമ്മീഷന്റെ ആറാമത്തെ ശിപാർശയായ അന്വേഷണ സംഘത്തെക്കുറിച്ചുള്ള പരാമർശത്തിമേൽ ആവശ്യമായ നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവിയെയും മന്ത്രിസഭായോഗം ചുമതലപ്പെടുത്തി.
കമ്മീഷൻ നിഗമനങ്ങൾ
ടേംസ് ഓഫ് റഫറൻസിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ എത്തിച്ചേർന്ന നിഗമനങ്ങളും റിപ്പോർട്ടിനകത്തുണ്ട്.
26.03.2017 ൽ മംഗളം ടെലിവിഷൻ ചാനൽ സംപ്രേഷണം ചെയ്ത മന്ത്രിയുടേതാണെന്ന് പറയപ്പെടുന്ന ശബ്ദശകലത്തിന്റെ നിജസ്ഥിതി തെളിയിക്കപ്പെട്ടിട്ടില്ല. ചാനലിന്റെ തുടക്ക ദിവസത്തിൽ തന്നെ ഞെട്ടിപ്പിക്കുന്ന വാർത്ത നൽകി റേറ്റിംങ് വർദ്ധിപ്പിക്കുന്നതിനുവേണ്ടി കുറ്റകരമായ ഗൂഢാലോചന നടത്തിയതിന്റെ ഉത്പന്നമാണ് ആ ശബ്ദശകലം എന്ന നിഗമനത്തിലാണ് കമ്മീഷൻ എത്തിയിട്ടുള്ളത്.
കേരളത്തിലെ ഒരു മന്ത്രിയുടെ രാജിയിലേക്ക് നയിച്ച ശബ്ദശകലത്തിന് അടിസ്ഥാനമായ സംഭാഷണത്തിന് ഇടയായ സാഹചര്യം, ചാനൽ ആരംഭ ദിവസത്തിൽ തന്നെ ഞെട്ടിക്കുന്നൊരു വാർത്ത സൃഷ്ടിച്ച് ചാനലിന് ഉയർന്ന റേറ്റിംങ് ഉണ്ടാക്കാൻ വേണ്ടിയുള്ള മംഗളം ടെലിവിഷൻ ചാനലിന്റെ ക്രിമിനൽ ഗൂഢാലോചനയായിരുന്നുവെന്ന കാര്യവും കമ്മീഷൻ വ്യക്തമാക്കുന്നു.
ചാനലിന്റെ ഉദ്ഘാടന ദിവസം തന്നെ ഞെട്ടിക്കുന്ന ഒരു വാർത്ത സംസ്ഥാനത്തെ മന്ത്രിയെക്കുറിച്ച് സൃഷ്ടിച്ച്, അത് അദ്ദേഹത്തിന്റെ രാജിയിലേക്ക് നയിച്ച,് റേറ്റിംങ് നേടിയെടുക്കാൻ വേണ്ടിയുള്ള ദുരുദ്ദേശപരമായ ഗൂഢാലോചനയുടെ ഫലമാണ് എഡിറ്റ് ചെയ്തും കൃത്രിമം നടത്തിയും ഉണ്ടാക്കിയ ശബ്ദശകലം.
ശബ്ദശകലം സംപ്രേഷണം ചെയ്തത് വലിയ രീതിയിൽ ആസൂത്രണം ചെയ്ത ക്രിമിനൽ ഗൂഢാലോചനയുടെ മൂർദ്ധന്യാവസ്ഥയാണ് എന്ന കാര്യവും കമ്മീഷൻ എടുത്തുപറഞ്ഞിട്ടുണ്ട്.