നഗരങ്ങളിലെ ശുചിത്വനിലവാരം സംബന്ധിച്ച് കേന്ദ്ര പാർപ്പിട നഗരകാര്യ മന്ത്രാലയം നടത്തിവരുന്ന ദേശീയ ശുചിത്വ സർവ്വേയായ സ്വച്ഛ് സർവേക്ഷന്റെ ഒൻപതാം പതിപ്പിൽ കേരളത്തിന് ഇത്തവണ വലിയ മുന്നേറ്റമുണ്ടാക്കാനായതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കഴിഞ്ഞ സർവേയിൽ ഇന്ത്യയിലെ 4900 ത്തോളം വരുന്ന നഗരങ്ങളിൽ ദേശീയ റാങ്കിങ്ങിൽ കേരളത്തിലെ ഒറ്റ നഗരംപോലും ആയിരം റാങ്കിനുള്ളിലില്ലായിരുന്ന സ്ഥാനത്ത് ഇത്തവണ സംസ്ഥാനത്തെ 93 നഗരസഭകളിൽ 82 ഉം ആയിരം റാങ്കിനുളളിൽ വന്നതായി സെക്രട്ടേറിയറ്റ് പിആർ ചേംബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ മന്ത്രി അറിയിച്ചു.
ദേശീയ തലത്തിൽ വ്യത്യസ്ത ജനസംഖ്യാടിസ്ഥാനത്തിൽ ആദ്യ 100 നഗരങ്ങളുടെ പട്ടികയിൽ കൊച്ചി, മട്ടന്നൂർ, തൃശ്ശൂർ, കോഴിക്കോട്, ആലപ്പുഴ, ഗുരുവായൂർ, തിരുവന്തപുരം, കൊല്ലം എന്നീ 8 നഗരങ്ങൾ ആദ്യ നൂറിൽത്തന്നെ ഇടം പിടിച്ചു. മട്ടന്നൂർ നഗരസഭയ്ക്ക് പ്രോമിസിങ് സ്വഛ് ശഹർ അവാർഡ് ലഭിച്ചു. തിരുവനന്തപുരം കോർപ്പറേഷന് വാട്ടർ പ്ലസ്, കൊച്ചി കോർപ്പറേഷൻ, കൽപ്പറ്റ, ഗുരുവായൂർ ഒഡിഎഫ് പ്ലസ് പ്ലസ് (വെളിയിട വിസർജന മുക്ത പ്രവർത്തനങ്ങളിലെ മികവ്.), ആലപ്പുഴ, ഷൊർണൂർ, പട്ടാമ്പി നഗരസഭകൾക്ക് ഗാർബേജ് ഫ്രീ സിറ്റി 3 സ്റ്റാർ, മറ്റ് 20 നഗരസഭകൾക്ക് ഗാർബേജ് ഫ്രീ സിറ്റി 1 സ്റ്റാർ എന്നിവയും ലഭിച്ചു.
ദൃശ്യമായ ശുചിത്വം, വേർതിരിക്കൽ, ശേഖരണം, മാലിന്യനീക്കം, ഖരമാലിന്യ പരിപാലനം, യൂസ്ഡ് വാട്ടർ മാനേജ്മെന്റ്, ഡീസ്ലഡ്ജിംഗ് സേവനങ്ങളുടെ യന്ത്രവൽക്കരണം, ശുചിത്വത്തിനു വേണ്ടിയുള്ള അഡ്വക്കേസി, ശുചിത്വ തൊഴിലാളികളുടെ ക്ഷേമം, പൗരൻമാരുടെ അഭിപ്രായവും, പരാതി പരിഹാരവും തുടങ്ങിയ സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് ശുചിത്വ മത്സരം നടത്തിയത്.
മുൻ വർഷത്തിൽ ശരാശരി 26 ശതമാനം മാർക്കായിരുന്നു നഗരസഭകൾ നേടിയിരുന്നത്. എന്നാൽ ഈ വർഷം ശരാശരി 56 ശതമാനമായി ഉയർന്നു.ദേശീയ വിലയിരുത്തലിൽ 12500 മാർക്കിൽ 10000 മാർക്ക് സ്വച്ഛ് സർവ്വേക്ഷനും 2500 മാർക്ക് ഒഡിഎഫ്,ജിഎഫ്സി സർട്ടിഫിക്കേഷനുകൾക്കുമാണ്. മട്ടന്നൂർ നഗരസഭയ്ക്ക് 76 ശതമാനം (9522) മാർക്കാണ്. കഴിഞ്ഞ വർഷം 3576 മാർക്കായിരുന്നു മട്ടന്നൂരിന്. ചെറിയ നഗരങ്ങളുടെ ഗണത്തിൽ വരുന്ന മട്ടന്നൂരിന് ദേശീയതലത്തിൽ 53ാം സ്ഥാനവും സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവുമാണ് ലഭിച്ചത്. വലിയ നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്ന കഴിഞ്ഞ വർഷം 1840 മാർക്ക് മാത്രം നേടിയ കൊച്ചി ഇത്തവണ 8181 മാർക്ക് നേടി. ദേശീയതലത്തിൽ അൻപതാം സ്ഥാനത്തും സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്തുമെത്തി. ഇടത്തരം നഗരങ്ങളുടെ ഗണത്തിൽ കഴിഞ്ഞവർഷം 2945 മാർക്ക് മാത്രം നേടിയ ആലപ്പുഴ 9428 മാർക്ക് നേടി ദേശീയതലത്തിൽ 80-ാം സ്ഥാനവും സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും നേടി.
ശുചിത്വ സർട്ടിഫിക്കേഷനിൽ കൊച്ചി, ഗുരുവായൂർ, കൽപ്പറ്റ ശ്രദ്ധേയ സ്ഥാനം ലഭിച്ചു. കേരളത്തിൽ നിന്നും ആദ്യമായാണ് ശുചിത്വത്തിനുള്ള ഏറ്റവും ഉയർന്ന സർട്ടിഫിക്കേഷനായ വാട്ടർ പ്ലസ് തിരുവനന്തപുരം കോർപ്പറേഷന് നേടാൻ കഴിഞ്ഞത്. മാലിന്യ മുക്ത നഗര (ജിഎഫ്സി) സർട്ടിഫിക്കേഷനിൽ ഇതുവരെ ഒരു നഗരസഭയ്ക്കും റേറ്റിംഗ് നേടാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ 23 നഗരസഭകൾക്ക് ഈ വർഷം ജിഎഫ്സി സർട്ടിഫിക്കേഷൻ ലഭിച്ചു. അതിൽ ആലപ്പുഴ, ഷൊർണൂർ, പട്ടാമ്പി എന്നീ 3 നഗരസഭകൾക്ക് 3 സ്റ്റാറും, 20 മട്ടന്നൂർ, ഗുരുവായൂർ, വർക്കല, ചെർപ്പുളശ്ശേരി, വടക്കാഞ്ചേരി, കൊടുങ്ങല്ലൂർ, ഏറ്റുമാനൂർ, ആന്തൂർ, ഇരിട്ടി, കുന്നംകുളം, കൊച്ചി, കൽപ്പറ്റ, വളാഞ്ചേരി, കട്ടപ്പന, ഈരാറ്റുപേട്ട, പയ്യോളി, ഏറ്റുമാനൂർ, നോർത്ത് പറവൂർ, ഹരിപ്പാട്, കൂത്താട്ടുകുളം എന്നീ നഗരസഭകൾക്ക് 1 സ്റ്റാർ സർട്ടിഫിക്കേഷനും ലഭിച്ചു.
മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ പശ്ചാതലത്തിൽ മാലിന്യ സംസ്‌കരണ മേഖലയിൽ ഉണ്ടായ മുന്നേറ്റമാണ് ഈ നേട്ടങ്ങളിലേക്ക് നയിച്ചത്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യത്തിന്റെ വാതിൽപ്പടി ശേഖരണത്തിനായി 37,134 ഹരിത കർമ്മ സേനകൾ നിലവിലുണ്ട്. ശേഖരിച്ച മാലിന്യങ്ങൾ സൂക്ഷിക്കുന്നതിനും തരംതിരിക്കുന്നതിനുമായി 19,982 മിനി എം.സി. എഫുകൾ, 1342 എം.സി.എഫുകൾ, 192 ആർ. ആർ. എഫുകൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്. ഈ മാലിന്യത്തിന്റെ ഫോർവേഡ് ലിങ്കെജ് ഉറപ്പാക്കുന്നതിന് സർക്കാർ ഉടമസ്ഥതയിലുള്ള ക്ലീൻ കേരള കമ്പനി ഉൾപ്പെടെ 46 ഏജൻസികൾ നിലവിലുണ്ട്. ഇവ വഴി 2024-25 സാമ്പത്തിക വർഷം മാത്രം കൈകാര്യം ചെയ്ത അജൈവ മാലിന്യത്തിന്റെ അളവ് 1,52,604 ടൺ ആണ്. കൂടാതെ ജൈവ മാലിന്യ പരിപാലനത്തിനായി 25.12 ലക്ഷം വീടുകളിൽ ഗാർഹിക ജൈവ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ നിലവിലുണ്ട്. പൊതു ജൈവ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ 1062 എണ്ണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുണ്ട്. ദ്രവമാലിന്യ പരിപാലനത്തിനായി 32 എസ്ടിപികൾ, 7 എഫ്എസ്ടിപികൾ, 11 എംടിയുകൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്.
ഇവയുടെ പ്രവർത്തനങ്ങൾ സുഗമാക്കുന്നതിനും കൃത്യമായ ഡിജിറ്റൽ മോണിറ്ററിംഗ് ഉറപ്പാക്കുന്നതിനും വേണ്ടി സംസ്ഥാനത്തെ 1019 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഹരിതമിത്രം ആപ്ലിക്കേഷൻ സാധ്യമാക്കി. മറ്റു 15 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്വകാര്യ അപ്ലിക്കേഷനുകളും ഉപയോഗിക്കുന്നുണ്ട്. കേരള പഞ്ചായത്ത് രാജ് നിയമം, കേരള മുനിസിപ്പാലിറ്റി നിയമം എന്നിവയിൽ നടത്തിയ നിയമനിർമ്മാണങ്ങൾ മാലിന്യമുക്ത പ്രവർത്തനങ്ങൾക്ക് കൂടുതൽ പിന്തുണയേകി. മാലിന്യ സംസ്‌കരണവുമായി ബന്ധപെട്ട നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും നടപടി എടുക്കുന്നതിനുമായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപന തല വിജിലൻസ് സ്‌ക്വാഡുകളും 14 ജില്ലകളിലുമായി 23 ജില്ലാതല എൻഫോഴ്സ്മെന്റ് സ്‌ക്വാഡുകളും രൂപീകരിച്ചു. ഇവ വഴി മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി ഈ വർഷം ജനുവരി മുതൽ ജൂൺവരെ 90,438 എൻഫോഴ്‌സ്‌മെന്റ് പരിശോധനകൾ നടത്തി. ഇവയിലാകെ 8.55 കോടി രൂപ പിഴചുമത്തി.
സംസ്ഥാനത്ത് കണ്ടെത്തിയ 59 വലിയ മാലിന്യ കൂനകളിൽ 24 എണ്ണം ബയോ മൈനിംഗിലൂടെ പൂർണ്ണമായും നീക്കം ചെയ്തു. ഈ പ്രവർത്തനങ്ങൾക്കും നേട്ടങ്ങൾക്കുമൊപ്പം ദേശീയ നിലവാരസൂചികയിൽ മുൻപിലെത്താൻ സ്വച്ഛ് സർവ്വേക്ഷൻ മാനദണ്ഡങ്ങൾക്കനുസൃതമായി ശുചിത്വ മിഷൻ വഴി പ്രവർത്തനങ്ങളെ ഇത്തവണ ചിട്ടപ്പെടുത്തി. വരും വർഷങ്ങളിൽ എല്ലാ കാറ്റഗറിയിലും നഗരസഭകളെ മുന്നിലെത്തിക്കുന്നതോടൊപ്പം ഒഡിഎഫ് പ്ലസ് പ്ലസ്, വാട്ടർ പ്ലസ്, ജിഎഫ്സി സർട്ടിഫിക്കേഷൻ എന്നിവ ലഭ്യമാക്കുകയാണ് അടുത്ത പ്രധാന ലക്ഷ്യം. അതിനായി എല്ലാ തര മാലിന്യവും സംസ്‌കരിക്കുന്നതിനുള്ള സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനുള്ള ദൗത്യത്തിലേയ്ക്ക് സർക്കാർ ലക്ഷ്യമിടുന്നെന്നും മന്ത്രി അറിയിച്ചു.