കുടുംബശ്രീ സംഘടനാ സംവിധാനത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും പുതിയ കാലത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി നൂതന പദ്ധതികൾ ഏറ്റെടുക്കാൻ പ്രാപ്തമാക്കുന്നതിനും വേണ്ടി വിദ്യാഭ്യാസ വകുപ്പിന്റെ ഭൗതിക സഹായത്തോടെ സംഘടിപ്പിക്കുന്ന ‘തിരികെ സ്‌കൂളിൽ’ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു.
വീടുകളിൽ അടയ്ക്കപ്പെട്ടവരെ പുറത്ത് കൊണ്ടുവരാൻ കുടുംബശ്രീക്ക് കഴിഞ്ഞിട്ടുണ്ട്. പുതിയ കാലത്തേക്ക് സഞ്ചരിക്കാൻ നമുക്കാവണമെന്നും അതിനു വേണ്ടിയാണ് തിരികെ സ്‌കൂൾ എന്ന പദ്ധതിക്ക് സർക്കാർ നേതൃത്വം നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
ഒക്ടോബർ ഒന്ന് മുതൽ ഡിസംബർ 10 വരെയുള്ള അവധി ദിവസങ്ങളിൽ സ്‌കൂളുകളിൽ വെച്ചാണ് ക്യാമ്പയിൻ നടത്തുന്നത്. സ്‌കൂൾ കാലഘട്ടത്തെ അനുസ്മരിക്കും വിധമാണ് കാമ്പയിൻ പ്രവർത്തനങ്ങൾ തയ്യാറാക്കിയിട്ടുള്ളത്.
രാവിലെ തുടങ്ങി വൈകീട്ട് അവസാനിക്കുന്ന ക്യാമ്പയിനിൽ ഹരിത പ്രോട്ടോക്കോൾ പാലിച്ചുള്ള തോരണങ്ങളോടെയാകും പ്രവേശനോത്സവം സജ്ജമാക്കുക.
ചടങ്ങിൽ കുടുംബശ്രീ പ്രോഗ്രാം ഓഫീസർ കെ. രതീഷ്‌കുമാർ, ഒഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജ്‌ന പാലേരി, കുഞ്ഞേനി മാസ്റ്റർ, മുംതാസ് ടീച്ചർ അഷ്‌കർ കോരാട്, ജില്ലാപഞ്ചായത്ത് മെമ്പർമാരായ ശ്രീദേവി പ്രാക്കുന്ന്, യാസ്മിൻ അരിമ്പ്ര, താനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജലിൽ മാസ്റ്റർ, മൊയിൻ, ഒഴൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ.വി പ്രജിത, സൈതലവി, പ്രമീള, സവിത, സ്‌കൂൾ പ്രിസിപ്പൽ ഹനീഫ തയ്യൻ, ഹെഡ്മാസ്റ്റർ ഹൈദ്രോസ് മാഷ്, എം. മുഹമ്മദ്, മുഹിയുദ്ധീൻ, സി.പി ചാൾസ് എന്നിവർ പങ്കെടുത്തു. കുടുംബശ്രീ ഒഴൂർ സി.ഡി.എസ് ചെയർപേഴ്‌സൺ എ.പി ഗീത ചടങ്ങിന് നന്ദി പറഞ്ഞു.