സര്‍ക്കാര്‍ ഉത്തരവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിച്ച് സമയബന്ധിതമായും ശാസ്ത്രീയമായും ഭൂമിയുടെ ന്യായവില പൂനനിര്‍ണ്ണയം ഉദ്യോഗസ്ഥരുടെ പ്രധാനദൗത്യമാണെന്ന് വയനാട് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍. സംസ്ഥാന ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റിന്റെ നേതൃത്വത്തില്‍ ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിശീലന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. കാലങ്ങളായി സര്‍ക്കാരിനുണ്ടായി കൊണ്ടിരിക്കുന്ന വരുമാന നഷ്ടത്തിന് പരിഹാരം ഭൂമിയുടെ ന്യായവില പുനര്‍നിര്‍ണ്ണയമാണ്. ചുരുങ്ങിയത് ആറുമാസം കൊണ്ടെങ്കിലുമിത് പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും കാര്യക്ഷമമായ ഇടപ്പെടല്‍ ഉണ്ടാകണം. പ്രളയത്തെ തുടര്‍ന്നു ജീവനക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്, ഇതെ പ്രവര്‍ത്തനങ്ങള്‍ ഭൂമിയുടെ ന്യായവില പുനര്‍നിര്‍ണ്ണയത്തിനുമുണ്ടാകണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു. വസ്തുവകകളുടെ മൂല്യനിര്‍ണ്ണയത്തിലൂണ്ടാകുന്ന ആക്ഷേപങ്ങളും വിമര്‍ശനങ്ങളും പരമാവധി ഒഴിവാക്കാന്‍ പരിശീലനത്തിലൂടെ കഴിയട്ടെയെന്ന് സബ്കളക്ടര്‍ എന്‍.എസ്.കെ ഉമേഷും ആശംസിച്ചു. നേരിട്ട് സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഭൂമിയുടെ യഥാര്‍ത്ഥ വിപണിവില ശാസ്ത്രീയമായി കണ്ടെത്താന്‍ കഴിയണമെന്ന് എ.ഡി.എം കെ. അജീഷ് പറഞ്ഞു. ലാന്‍ഡ് റവന്യൂകമ്മീഷണറേറ്റ് സിനീയര്‍ സുപ്രണ്ടുമാരായ എസ്. ജയകുമാരന്‍, സി.എസ് അനില്‍, ജേക്കബ് സഞ്ജയ് ജോണ്‍, സിനിയര്‍ ക്ലര്‍ക്ക് എസ്.എ പ്രശാന്ത്, ഡെപ്യൂട്ടി തഹദില്‍മാരായ വി. ഗിരീന്ദ്രകുമാര്‍, കെ.പി ബിജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജില്ലയിലെ ഡെപ്യൂട്ടി കളക്ടര്‍മാരായ ഇ.പി മേഴ്‌സി, സി.എം വിജയലക്ഷ്മി, തഹസില്‍ദാര്‍മാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. റവന്യൂ, രജിസ്‌ട്രേഷന്‍, സര്‍വേ, തദ്ദേശ സ്ഥാപനങ്ങള്‍ തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. ഭൂമിയുടെ ന്യായവില പരിഷ്‌കണത്തിനു പകരം മൂന്നുമാസം കൊണ്ട് വിവരശേഖരണം പൂര്‍ത്തിയാക്കി സമഗ്രമായ പുനര്‍നിര്‍ണ്ണയമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അടുത്തഘട്ടത്തില്‍ താലൂക്ക് തലത്തിലും പരിശീലനം സംഘടിപ്പിക്കും. കംപ്‌ട്രോളര്‍ ആന്‍ഡ് ആഡിറ്റര്‍ ജനറലിന്റെ നീരിക്ഷണങ്ങളുടെയും ശുപാര്‍ശകളുടെയും അടിസ്ഥാനത്തിലാണ് ഭൂമിയുടെ ന്യായവില പുനര്‍നിര്‍ണ്ണയിക്കുന്നത്.