ആസ്പിരേഷൻ ബ്ലോക്ക് പ്രോഗ്രാം മികച്ച രീതിയിൽ നടപ്പിലാക്കുന്നതിന് എല്ലാ വകുപ്പുകളും സഹകരിച്ച് പ്രവർത്തനങ്ങൾ പൂർത്തീകരിക്കണമെന്ന് ജില്ലാ കളക്ടർ ഷീബാ ജോർജ്. മാനവ സാമൂഹിക വികസന സൂചിക ഉയര്‍ത്തുന്നതിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ ഫലപ്രദമായി കൈവരിക്കുന്നതിന് ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ആസ്പിരേഷണല്‍ ബ്ലോക്ക് പദ്ധതി. രാജ്യത്തെ 329 ജില്ലകളിലായി 500 ബ്ലോക്കുകളെയാണ് പദ്ധതിക്കായ് തെരഞ്ഞടുത്തിരിക്കുന്നത്.

കേരളത്തില്‍ നിന്നും നാല് ജില്ലകളിലായി ഒൻപത് ബ്ലോക്കുകള്‍ എ.ബി.പിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ അഴുത, ദേവികുളം ബ്ലോക്കുകളാണ് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, അടിസ്ഥാന സൗകര്യവികസനം, സാമൂഹ്യ വികസനം തുടങ്ങി സമസ്ത മേഖലയിലും വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതി വിജയകരമായി പൂർത്തീകരിക്കണമെന്നും കളക്ടർ പറഞ്ഞു.

ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പ്രവർത്തനങ്ങളുടെ പുരോഗതി യോഗം ചർച്ച ചെയ്തു.

2020 മുതലുള്ള നാർക്കോട്ടിക് കുറ്റകൃത്യങ്ങളുടെ റിപ്പോർട്ട് ജൂലൈ മാസത്തെ യോഗത്തിൽ അഡ്വ. ഡീൻ കുര്യാക്കോസ് എംപി നിർദേശം നൽകിയിരുന്നു. ഈ റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ലഹരിക്കെതിരെയുള്ള പോരാട്ടങ്ങൾ തുടരണമെന്നും കൂടുതൽ വ്യാപിപ്പിക്കണമെന്നും ജില്ലാ കളക്ടർ ആവശ്യപ്പെട്ടു.

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ തടയുന്നതിന് ‘ഇന്റെണല്‍ കംപ്ലയന്റ് കമ്മിറ്റി’ രൂപീകരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്നും 10ല്‍ കൂടുതല്‍ തൊഴിലാളികളുള്ള എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും ഓഫിസ് മേധാവികളുടെ നേതൃത്വത്തിൽ കമ്മറ്റി രൂപീകരിച്ച് posh.wed.kerala.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നും യോഗത്തിൽ വനിതാ ശിശു വികസന വകുപ്പ് അറിയിച്ചു.