* ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററിന് 26.50 ലക്ഷം രൂപയുടെ ഭരണാനുമതി
കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിച്ച് ശിശുമരണം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കി വരുന്ന ഐ.സി.ഡി.എസ്. പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പിനെ കുറിച്ച് വിദഗ്ധ പഠനം നടത്തുന്നതിന് ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററിന് (സി.ഡി.സി.) 26.50 ലക്ഷം രൂപ അനുവദിക്കുന്നതിന് ഭരണാനുമതി നല്‍കിയതായി ആരോഗ്യ, സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.
വനിതാ ശിശു വികസന വകുപ്പ് നടത്തുന്ന അട്ടപ്പാടിയിലെ നവജാത ശിശുക്കളുടെ ആദ്യത്തെ 1000 ദിനങ്ങള്‍, അന്നപ്രദായിനി, ജാതക് ജനനി, ജലനിധി തുടങ്ങിയ പദ്ധതികളിലൂടെ നവജാത ശിശുമരണം കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ പദ്ധതികളുടെ അവലോകനം, വകുപ്പുകള്‍ തമ്മിലുള്ള ഒന്നിച്ചുകൂടല്‍, പദ്ധതികളുടെ സുശക്തഫലം തുടങ്ങിയവ എത്രത്തോളം ഫലപ്രദമായിരുന്നു എന്നാണ് സി.ഡി.സി. പഠന വിധേയമാക്കുന്നത്. ഈ പഠന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ശിശുമരണം ഇല്ലാതാക്കാന്‍ ശക്തമായ ഇടപെടല്‍ നടത്താന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
2018-19 സാമ്പത്തിക വര്‍ഷം 10 ഐ.സി.ഡി.എസ്. പ്രോജക്ടുകളില്‍ കൂടി ആദ്യത്തെ ആയിരം ദിന പരിപാടി നടപ്പിലാക്കുന്നതിന് 3.20 കോടി രൂപ വകയിരുത്തിയിരുന്നു. പദ്ധതി സംബന്ധിച്ച ബോധവത്ക്കരണവും ഉള്‍പ്പെടുത്തിയിരുന്നു. ഇതോടൊപ്പമാണ് അട്ടപ്പാടിയിലെ പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പിനെ കുറിച്ച് പഠിക്കുന്നതിന് തുക വകയിരുത്തിയത്. 3 മാസത്തിനകം ഇതുസംബന്ധിച്ച പഠന റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ശിശുക്കളുടെ അതിജീവനത്തിനും വികാസത്തിനും പ്രീകണ്‍സപ്ഷന്‍ കൗണ്‍സിലിംഗ്, വൈകല്യം മുന്‍കൂട്ടി കണ്ടുപിടിക്കല്‍, മുലയൂട്ടലിന്റെ പ്രാധാന്യം, ഐ.വൈ.സി.എഫ്. പോഷക വിദ്യാഭ്യാസം, ഫോളിക് ആസിഡ് ഗുളികകളുടെ വിതരണം എന്നീ പ്രവര്‍ത്തനങ്ങളാണ് ആദ്യ ആയിരംദിന പദ്ധതിയിലൂടെ നടപ്പിലാക്കി വരുന്നത്. അട്ടപ്പാടി മേഖലയിലെ വിശപ്പിന് ആശ്വാസമായി നടപ്പിലാക്കുന്ന പദ്ധതിയാണ് അന്നപ്രദായിനി കമ്മ്യൂണിറ്റി കിച്ചന്‍. പോഷകാഹാരത്തിനായി ജാതക് ജനനിയും ശുദ്ധജലത്തിനായി ജലനിധിയും നടത്തി വരുന്നു. ഈ പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പാണ് പഠന വിധേയമാക്കുന്നത്.