ബാങ്കുകളില്‍നിന്ന് കാര്‍ഷിക വായ്പ എടുത്തത് സംബന്ധിച്ച് പുന:ക്രമീകരണം നടത്തുമെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. സംസ്ഥാനതല ബാങ്കിംഗ് സമിതി യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ ദുരിതത്തിലായിരിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് പുന:ക്രമീകരണം നടത്തുന്നത്.  പ്രളയത്തെതുടര്‍ന്ന് കാര്‍ഷികമേഖല പൂര്‍ണമായും തകര്‍ന്ന അവസ്ഥയില്‍  ബാങ്കുകള്‍ മൊറോട്ടോറിയം പ്രഖ്യാപിച്ചത് കര്‍ഷകരെ  പ്രതിസന്ധിയിലാക്കി. ഇതിന് പരിഹാരം കണ്ടെത്തേണ്ടതുണ്ട്. ഒക്‌ടോബര്‍ 31നകം ബാങ്ക് മാനേജര്‍മാരുടെയും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേരും. ജില്ലാ, ബ്ലോക്ക് അടിസ്ഥാനത്തിലും യോഗം നടക്കും. ലോണ്‍ പുന:ക്രമീകരണത്തിന്  നവംബര്‍ 15 വരെയാണ് കര്‍ഷകര്‍ക്ക് സമയം നല്‍കിയിരിക്കുന്നത്. കര്‍ഷകര്‍ ഈ സമയത്തിനുള്ളില്‍ ബാങ്കില്‍ ഹാജരായി ഒപ്പിടണം.
സഹകരണബാങ്കുകള്‍ ശീതകാല പച്ചക്കറി കൃഷിക്ക് ഇപ്പോള്‍ വായ്പ അനുവദിക്കുന്നത് വട്ടവട, കാന്തല്ലൂര്‍ മേഖലയിലുള്ളവര്‍ക്കാണ്. ഇത് വയനാട്, ഇടുക്കി ജില്ലകളിലെ കര്‍ഷകര്‍ക്കും നല്‍കുന്നത് സംബന്ധിച്ച് ആലോചന നടത്തിയിട്ടുണ്ട്.
  കിസാന്‍ ക്രഡിറ്റ് കാര്‍ഡ് വഴിയല്ലാതെ ഗോള്‍ഡ് ലോണ്‍ എടുത്തിട്ടുള്ളവര്‍ യഥാര്‍ത്ഥ കര്‍ഷകരാണോയെന്ന് പരിശോധിക്കുന്നതിന് റിസര്‍വ്ബാങ്കിന് പരാതി നല്‍കും. അനര്‍ഹര്‍ ആനുകൂല്യം തട്ടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണിത്. കെ.സി.സി ഇല്ലാത്തവര്‍ക്കും ഗോള്‍ഡ് ലോണ്‍ വഴി വായ്പ എടുക്കാന്‍ കഴിയും. എന്നാല്‍ വ്യക്തമായ പരിശോധന നടത്തിയതിനുശേഷമായിരിക്കണമെന്നും മന്ത്രി പറഞ്ഞു.