ഇതുവരെ ആകെ 7.89 ലക്ഷം ട്രിപ്പുകൾ; കോവിഡ് അനുബന്ധം 3.45 ലക്ഷം; നിപ അനുബന്ധം 198
കനിവ് 108 സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ പുതിയ മൊബൈൽ അപ്ലിക്കേഷൻ സജ്ജമാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതോടെ 108 എന്ന നമ്പറിൽ ബന്ധപ്പെടാതെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന അപ്ലിക്കേഷൻ വഴി ആംബുലൻസ് സേവനം ലഭ്യമാക്കാൻ കഴിയും. സേവനം തേടുന്ന വ്യക്തിയുടെ മൊബൈൽ ഫോണിലെ ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ അത്യാഹിതം നടന്ന സ്ഥലത്തിന്റെ കൃത്യമായ വിവരം ആംബുലൻസിലേക്ക് കൈമാറാൻ സാധിക്കും എന്നത് കാലതാമസവും ഒഴിവാക്കാൻ സഹായകമാകും. ഈ മാസം മൊബൈൽ ആപ്പ് പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് കനിവ് 108 ആംബുലൻസ് പദ്ധതി ആരംഭിച്ച് നാല് വർഷം പിന്നിടുമ്പോൾ 7,89,830 ട്രിപ്പുകളാണ് ഓടിയത്. ഇതിൽ 3,45,867 ട്രിപ്പുകൾ കോവിഡ് അനുബന്ധവം 198 ട്രിപ്പുകൾ നിപ അനുബന്ധവും ആയിരുന്നു. നാളിതുവരെ 90 പ്രസവങ്ങളാണ് സംസ്ഥാനത്ത് കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ നടന്നത്. നിലവിൽ 316 ആംബുലൻസുകളും 1300 ജീവനക്കാരും ആണ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് സേവനമനുഷ്ഠിക്കുന്നത്.
തിരുവനന്തപുരം ജില്ലയിയിലാണ് ഏറ്റവും അധികം ട്രിപ്പുകൾ 108 ആംബുലൻസുകൾ ഓടിയത്. ഇവിടെ 1,17,668 ട്രിപ്പുകൾ കനിവ് 108 ആംബുലൻസുകൾ ഓടി. ഇടുക്കി ജില്ലയിലാണ് ഏറ്റവും കുറവ് ട്രിപ്പുകൾ ഓടിയത്. ഇവിടെ 23,006 ട്രിപ്പുകളാണ് 108 ആംബുലൻസുകൾ ഓടിയത്.