ഗാന്ധിജിയുടെ ജീവിതനിമിഷങ്ങള്‍നിറഞ്ഞ ചിത്രപ്രദര്‍ശനവും ഗാന്ധിമാര്‍ഗം അടയാളപ്പെടുത്തുന്ന ഡോക്യുമന്ററി പ്രദര്‍ശനവും പ്രമുഖരുടെ ഗാന്ധിഅനുസ്മരണവുമായി ജില്ലാതല ഗാന്ധിജയന്തി വാരാഘോഷത്തിന് സമാപനമായി. ഫാത്തിമ മാതാ നാഷനല്‍ കോളജില്‍ ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പുതുതലമുറ ലക്ഷ്യബോധത്തോടെ ജീവിച്ച് സമൂഹത്തിന് മാതൃകയാകണം. രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കായി പ്രയത്‌നിച്ച് സ്വജീവിതം തന്നെ സന്ദേശമാക്കിയ മഹാത്മാഗാന്ധിയുടെ ചരിത്രം തന്നെയാണ് ലക്ഷ്യബോധത്തിന്റെ പ്രാധാന്യത്തിന് ഉത്തമഉദാഹരണമമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

ജില്ലാ ഭരണകൂടം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഗാന്ധി പീസ് ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ സിന്ധ്യ കാതറിന്‍ മൈക്കിള്‍ അധ്യക്ഷയായി. സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഗാന്ധിയന്‍ മൂല്യവിചാരം വിഷയത്തില്‍ വള്ളിക്കാവ് മോഹന്‍ദാസ് പ്രഭാഷണം നടത്തി.

കോളജ് മാനേജര്‍ ഫാ അഭിലാഷ് ഗ്രിഗറി, യൂത്ത് പ്രൊമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സുമന്‍ജിത്ത് മിഷ, ഗാന്ധി പീസ് ഫൗണ്ടേഷന്‍ സെക്രട്ടറി ജി ആര്‍ കൃഷ്ണകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി ആര്‍ സാബു, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ ജി ആരോമല്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളും അധ്യാപകരും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുത്തു. കോളജിലെ മലയാള വിഭാഗം മേധാവി ഡോ പെട്രീഷ്യ ജോണ്‍ ദേശഭക്തി ഗാനാലാപനം നടത്തി.